മെല്‍ബണ്‍: ലൈംഗിക പീഡനത്തിന് വത്തിക്കാനിലെ കര്‍ദിനാളിനെതിരെ കേസ്. ഫ്രാന്‍സിസ് മാര്‍പ്പാപ്പയുടെ മുഖ്യ സാമ്പത്തിക ഉപദേഷ്ടാവായ കര്‍ദിനാള്‍ ജോര്‍ജ് പെല്ലിനെതിരെയാണ് കേസെടുത്തിരിക്കുന്നത്.

ഓസ്‌ട്രേലിയന്‍ പൊലീസിന്റേതാണ് നടപടി. ഓസ്‌ട്രേലിയയിലെ ഏറ്റവും ഉന്നതനായ കത്തോലിക്കാ നേതാവുകൂടിയാണ് അദ്ദേഹം. ലൈംഗിക പീഡന ആരോപണം നേരിടുന്ന കത്തോലിക്കാ സഭയിലെ ഏറ്റവും ഉന്നതനായ വ്യക്തിയാണ് അദ്ദേഹം.


Also Read:അല്‍ജസീറയ്ക്ക് പിന്തുണയുമായി അന്താരാഷ്ട്ര മാധ്യമ സംഘടനകള്‍; പിന്തുണ പ്രഖ്യാപിച്ചത് എണ്‍പത് മാധ്യമസ്ഥാപനങ്ങള്‍ അംഗമായ ഡി.എന്‍.സി


കേസില്‍ ഓസ്‌ട്രേലിയന്‍ കോടതിക്കു മുമ്പാകെ ഹാജരാകണമെന്നാവശ്യപ്പെട്ട് കര്‍ദിനാള്‍ ജോര്‍ജ് പെല്ലിന് പൊലീസ് സമന്‍സ് അയച്ചിട്ടുണ്ടെന്ന് വിക്ടോറിയ സ്‌റ്റേറ്റ് പൊലീസ് ഡെപ്യൂട്ടി കമ്മീഷണര്‍ ഷെയ്ന്‍ പാറ്റണ്‍ അറിയിച്ചു. ജൂലൈ 18ന് വിചാരണയ്ക്ക് ഹാജരാകാനാണ് നിര്‍ദേശം.

സിഡ്‌നിയിലെ മെല്‍ബണില്‍ ആര്‍ച്ച് ബിഷപ്പായിരുന്ന സമയത്ത് കത്തോലിക്കാ സഭയുമായി ബന്ധപ്പെട്ട ലൈംഗിക പീഡന കേസുകളില്‍ പ്രതിയ്ക്ക് അനുകൂലമായമായ നിലപാടെടുത്തു എന്ന ആരോപണം വര്‍ഷങ്ങളായി ജോര്‍ജ് പെല്‍ നേരിടുന്നുണ്ട്. കുട്ടികള്‍ക്കെതിരായ ലൈംഗിക പീഡനങ്ങളില്‍ അദ്ദേഹവും കത്തോലിക്കാ സഭയും എടുത്ത നിലപാടുകള്‍ സംബന്ധിച്ച് ഓസ്‌ട്രേലിയന്‍ സര്‍ക്കാര്‍ അടുത്തിടെ അന്വേഷണം നടത്തിയിരുന്നു.

ആയിരക്കണക്കിന് കുട്ടികളെ ബലാത്സംഗം ചെയ്യാനും ലൈംഗികമായി പീഡിപ്പിക്കാനും പള്ളിവികാരികളെ അനുവദിക്കുക വഴി കത്തോലിക്കാ സഭ വലിയ അബദ്ധം ചെയ്തിരിക്കുന്നു എന്ന് കഴിഞ്ഞവര്‍ഷം അന്വേഷണ കമ്മീഷനു മുമ്പാകെ ജോര്‍ജ് പെല്‍ സമ്മതിച്ചിരുന്നു.

ഇരകളേക്കാള്‍ വികാരികളെ വിശ്വസിച്ച് താനും ആ തെറ്റിന്റെ ഭാഗമായിട്ടുണ്ടെന്ന് അദ്ദേഹം സമ്മതിച്ചിരുന്നു.

പോപ്പുമായി വലിയ അടുപ്പമുള്ള കര്‍ദിനാളിനെതിരെ ഉണ്ടായിരിക്കുന്ന ഈ ഗുരുതരമായ ആരോപണം ലൈംഗിക പീഡനങ്ങള്‍ക്കെതിരെ ശക്തമായ നിലപാടെടുക്കുന്ന പോപ്പിന് വലിയ തിരിച്ചടിയാണ്.