നിയമന ഉത്തരവ് ഏറ്റുവാങ്ങാന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ മുന്നില്‍ നില്‍ക്കുമ്പോള്‍ പൂര്‍ണ്ണചന്ദ്രന്റെ മുഖത്ത് വാക്കുകള്‍കൊണ്ട് പ്രകടിപ്പിക്കാനാവാത്ത ആഹ്ലാദത്തിന്റെ നിലാവ്. കണ്ണൂരിലെ കല്ലിക്കണ്ടിയില്‍ വച്ച് ആറാം വയസില്‍ സ്റ്റീല്‍ ബോംബുപൊട്ടി വലതുകണ്ണും ഇടതു കൈയ്യും നഷ്ടപ്പെട്ട പൂര്‍ണ്ണചന്ദ്രന് വിദ്യാഭ്യാസ വകുപ്പില്‍ എല്‍.ഡി. ക്ലാര്‍ക്കായാണ് നിയമനം നല്‍കിയത്. മുഖ്യമന്ത്രിയുടെ കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന ചടങ്ങില്‍ വിദ്യാഭ്യാസ മന്ത്രി പി.കെ. അബ്ദുറബ്ബ്് നിയമന ഉത്തരവ് കൈമാറി.

പൂര്‍ണ്ണചന്ദ്രന്‍ പെര്‍ഫോമിങ് ആര്‍ട്ട്‌സില്‍ ബിരുദ പഠനം നടത്തിയ തിരുവനന്തപുരത്തെ സ്വാതിതിരുനാള്‍ സംഗീത കോളേജിലാണ് ആദ്യ നിയമനം. പൂര്‍ണ്ണചന്ദ്രന്റെ ജീവിത സാഹചര്യങ്ങള്‍ മനസിലാക്കിയാണ് ജോലി നല്‍കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചതെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു. അപകടത്തില്‍ പരുക്കേറ്റ് നിസ്സഹായനായ കുട്ടിക്ക് സംരക്ഷണവും വിദ്യാഭ്യാസവും നല്‍കിയ സായിഗ്രാമത്തിന്റെ പ്രവര്‍ത്തനങ്ങളെ മുഖ്യമന്ത്രി പ്രശംസിച്ചു. പൂര്‍ണ്ണചന്ദ്രന്റെ അവസ്ഥ സര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെടുത്തിയതും സായിഗ്രാമം പ്രവര്‍ത്തകരാണെന്ന് മുഖ്യമന്ത്രി അനുസ്മരിച്ചു.

പൊട്ടിയ ബക്കറ്റുകള്‍ ഒട്ടിച്ച് കിട്ടുന്ന വരുമാനം കൊണ്ട് കുടുംബം പുലര്‍ത്തിയിരുന്ന ശ്രീനിവാസന്‍, കാളിയമ്മ ദമ്പതികളുടെ മകനായി തമിഴ്‌നാട് വിഴുപ്പുറം ജില്ലയിലെ കണ്ണക്കുറിച്ചിയിലാണ് പൂര്‍ണ്ണചന്ദ്രന്‍ ജനിച്ചത്. അമാവാസി എന്നാണ് രക്ഷിതാക്കള്‍ ഇട്ടപേര്. കണ്ണൂരിലെ പാതയോരത്തുനിന്ന് കിട്ടിയ സ്റ്റീല്‍പന്ത് വര്‍ക്ക്ഷാപ്പില്‍ കൊണ്ട് പോയി പരിശോധിക്കുന്നതിനിടെ പൊട്ടിത്തെറിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ് ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട അമാവാസിയെ പിന്നീട് സായിഗ്രാമം ദത്തെടുത്തു. സായിഗ്രാമത്തിന്റെ ഒരു പരിപാടിയില്‍ പ്രാര്‍ത്ഥനയാലപിച്ച അമാവാസിയിലെ സംഗീതപ്രതിഭയെ, ചടങ്ങില്‍ സംബന്ധിച്ച ഗായകന്‍ എസ്.പി. ബാലസുബ്രഹ്മണ്യം തിരിച്ചറിഞ്ഞു. അദ്ദേഹത്തിന്റെ നിര്‍ദ്ദേശപ്രകാരം സ്വാതിതിരുനാള്‍ സംഗീത കോളേജില്‍ ചേര്‍ന്നു പഠിച്ചു. പി. ഗോവിന്ദപ്പിള്ളയാണ് അമാവാസിക്ക് പൂര്‍ണ്ണചന്ദ്രന്‍ എന്ന പേരു നല്‍കിയിത്. രേഖകളിലെ പേര് പൂര്‍ണ്ണചന്ദ്രന്‍ എന്നാണ്.

മന്ത്രി കെ. ബാബു, സ്വാതിതിരുനാള്‍ സംഗീത കോളേജ് പ്രിന്‍സിപ്പല്‍ വനജാ ശങ്കര്‍, സായിഗ്രാമം എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ആനന്ദകുമാര്‍, സംഗീതത്തില്‍ പൂര്‍ണ്ണചന്ദ്രന്റെ ആദ്യഗുരു പെരുമ്പാവൂര്‍ ജി. രവീന്ദ്രനാഥ് എന്നിവര്‍ ചടങ്ങില്‍ സംബന്ധിച്ചു. ഇക്കാല്യം