വടക്കന്‍ പാട്ടിലെ ഇതിഹാസ കഥാപാത്രമായ പൂമാതൈ പൊന്നമ്മ സിനിമയാകുന്നു. ടി.പി രാജീവാണ് ചിത്രത്തിന്റെ തിരക്കഥയൊരുക്കുന്നത്. പാലേരി മാണിക്യത്തിന്റെ രചയിതാവാണ് ടി.പി രാജീവ്.

ഗോത്രസമൂഹത്തിലെ സ്ത്രീയുടെ കരുത്തും നിശ്ചയദാര്‍ഢ്യവുമുള്ള കഥാപാത്രമാണ് പൂമാതൈ പൊന്നമ്മ. പുരുഷാധിപത്യത്തിനെതിരെയുള്ള സ്ത്രീയുടെ ചെറുത്തുനില്‍പാണ് ചിത്രത്തിന്റെ ഉള്ളടക്കമെന്നാണ് അണിയറ പ്രവര്‍ത്തകര്‍ പറയുന്നത്.

Ads By Google

കൊളോണിയല്‍ ആധിപത്യത്തിനുമുമ്പുള്ള മലബാറിലെ ജാതിജന്മിത്ത അധികാരഘടനയും ഇരയാക്കപ്പെടുന്നവരുടെ വേദന നിറഞ്ഞ അനുഭവങ്ങളും ചിത്രത്തില്‍ പറയുന്നു. രാജേഷ് വള്ളില്‍ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്.

ഷംന കാസിമാണ് പൂമാതൈ പൊന്നമ്മയായി എത്തുന്നത്. മാമുക്കോയ, സുരേഷ് കൃഷ്ണ, ഷമ്മിതിലകന്‍ എന്നിവരും ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തുന്നുണ്ട്. സുരേഷ് ഗോപിയുടെ സഹോദരന്‍ സുനില്‍ ഗോപി ആദ്യമായി അഭിനയിക്കുന്ന ചിത്രം കൂടിയാണ് പൂമാതൈ പൊന്നമ്മ.

കടലുങ്കര നാടുവാഴിയുടെ താല്‍പ്പര്യങ്ങള്‍ക്ക് വഴങ്ങാതെ തന്റെ ജീവിതകാലം മുഴുവന്‍ ചെറുത്തുനിന്ന് ചരിത്രത്തില്‍ ഇടംനേടിയ പൂമാതൈ പൊന്നമ്മയുടെ കഥയാണ് ചിത്രം പറയുന്നത്.

ഷമീര്‍ മണാട്ടിലാണ് ചിത്രം നിര്‍മിക്കുന്നത്. നിര്‍മാണം. ഫിബ്രവരിയില്‍ ചിത്രത്തിന്റെ ഷൂട്ടിങ് ആരംഭിക്കും.