സിഡ്‌നി: മുന്‍ ഓസ്‌ട്രേലിയന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ റിക്കി പോണ്ടിങ് ഏകദിന ക്രിക്കറ്റില്‍ നിന്ന് വിരമിച്ചു. ഇന്ത്യയ്ക്കും ശ്രീലങ്കയ്ക്കും എതിരേയുള്ള ത്രിരാഷ്ട്ര ടൂര്‍ണമെന്റിലെ ശേഷിക്കുന്ന മത്സരങ്ങള്‍ക്കുള്ള ഓസീസ് ടീമില്‍ നിന്ന് ഒഴിവാക്കിയ നടപടിയെ തുടര്‍ന്നാണ് രാജി. സിഡ്‌നിയില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് പോണ്ടിങ് വിരമിക്കല്‍ പ്രഖ്യാപിച്ചത്. എന്നാല്‍ ടെസ്റ്റ് ക്രിക്കറ്റില്‍ തുടരുമെന്ന് പോണ്ടിങ് അറിയിച്ചു.

37 വയസുകാരനായ പോണ്ടിംഗ് ‘ഭാവിയെക്കുറിച്ച് ആലോചിക്കുകയാണെന്നും’ ടെസ്റ്റ് മത്സരങ്ങള്‍ക്ക് അദ്ദേഹത്തിന്റെ സേവനം ലഭിക്കുമെന്നാണു പ്രതീക്ഷയെന്നും വൃത്തങ്ങള്‍ അറിയിച്ചു.

സി.ബി. സീരിസിലെ മോശം ഫോമാണ് പോണ്ടിംഗിനെ ഒഴിവാക്കാന്‍ കാരണം. അഞ്ച് ഇന്നിംഗ്‌സുകളില്‍ നിന്ന് 18 റണ്‍സ് മാത്രമാണ് പോണ്ടിംഗ് പരമ്പരയില്‍ നേടിയത്. ക്യാപ്റ്റന്‍ മൈക്കല്‍ ക്ലാര്‍ക്കിന്റെ അഭാവത്തില്‍ താല്‍ക്കാലിക നായകനായ പോണ്ടിംഗ് ഓസീസിന് ഒരു ജയവും ഒരു തോല്‍വിയും സമ്മാനിച്ചു.

ഓസ്‌ട്രേലിയന്‍ ടീമിനെ ഏറ്റവും കൂടുതല്‍ ഏകദിന മല്‍സരങ്ങളില്‍ നയിച്ച ക്യാപ്റ്റന്‍ എന്ന നേട്ടവുമായാണ് റിക്കി പോണ്ടിങ് പടിയിറങ്ങുന്നത്. മൂന്ന് തവണ ലോകകപ്പ് നേടിയ ടീമില്‍ അംഗമായിരുന്നു. ഇതില്‍ രണ്ടു തവണ ടീമിന്റെ ക്യാപ്റ്റനായിരുന്നു. ഇതുവരെ 375 ഏകദിനം കളിച്ചിട്ടുള്ള പോണ്ടിങ് 30 സെഞ്ചുറിയും 82 അര്‍ധ സെഞ്ചുറിയും ഉള്‍പ്പെടെ 42.03 ശരാശരിയില്‍ 13,704 റണ്‍സ് നേടിയിട്ടുണ്ട്. 42.03 ആണ് ശരാശരി. ഏകദിന ക്രിക്കറ്റില്‍ കൂടുതല്‍ റണ്‍സ് നേടിയവരുടെ പട്ടികയില്‍ സച്ചിന് പിന്നില്‍ രണ്ടാമനാണ് പോണ്ടിങ്.

Malayalam News

Kerala News In English