Categories

പോണ്ടിങ്ങിന് ക്ലാര്‍ക്കിനോട് അസൂയ: ഷെയ്ന്‍ വോണ്‍

shane-warne-1

മെല്‍ബണ്‍: മുന്‍ ഓസ്‌ട്രേലിയന്‍ ക്യാപ്റ്റന്‍ റിക്കി പോണ്ടിങ് തന്റെ ആത്മകഥയില്‍ പിന്‍ഗാമിയായ മൈക്കിള്‍ ക്ലാര്‍ക്കിനെ വിമര്‍ശിക്കാന്‍ കാരണം അസൂയയാണെന്ന് സ്പിന്‍ മാന്ത്രികന്‍ ഷെയ്ന്‍ വോണ്‍.

ഇംഗ്ലണ്ട് താരം അലസ്‌റ്റെയര്‍ കുക്കിനെയും വോണ്‍ വിമര്‍ശിക്കുന്നു. അടുത്തുതന്നെ ആരംഭിക്കാന്‍ പോകുന്ന ആഷസ് പരമ്പരയില്‍ വിജയിക്കണമെങ്കില്‍ അദ്ദേഹം കൂടുതല്‍ ചിന്താശേഷി പ്രകടിപ്പിക്കണം.

വൈസ് ക്യാപ്റ്റനായിരുന്നപ്പോള്‍ ക്ലാര്‍ക്ക് ഏറെയൊന്നും ശോഭിക്കാത്തതില്‍ തനിക്ക് നിരാശയുണ്ടായിരുന്നു എന്നാണ് പോണ്ടിങ് പറഞ്ഞത്. അറ്റ് ദ ക്ലോസ് ഓഫ് പ്ലേ എന്ന പുസ്തകത്തിലാണ് അദ്ദേഹം ക്ലാര്‍ക്കിനെ വിമര്‍ശിച്ചിരിക്കുന്നത്.

ഇതിനെത്തുടര്‍ന്നാണ് ക്ലാര്‍ക്കിന് വേണ്ടി വോണ്‍ രംഗത്തെത്തിയത്. ആഷസ് പരമ്പരയുടെ പ്രചരണത്തിനായി ഇംഗ്ലീഷ് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു വോണ്‍.

‘ഓസ്‌ട്രേലിയയുടെ ചരിത്രത്തില്‍ തന്നെ മൂന്ന് ആഷസ് പരമ്പരകള്‍ നഷ്ടപ്പെടുത്തിയ ഒരേയൊരു ക്യാപ്റ്റന്‍ എന്ന നിലയില്‍ പോണ്ടിങ് സ്വയം തന്നെ ദയാരഹിതമായി ശിക്ഷിക്കുന്നുണ്ട്.’ വോണ്‍ പറഞ്ഞു.

‘റിക്കി ഒരു നല്ല വ്യക്തി തന്നെയാണ്. അദ്ദേഹത്തിന് കഴിയുന്നതിന്റെ അങ്ങേയറ്റം അദ്ദേഹം പരിശ്രമിക്കും. പക്ഷേ ക്ലാര്‍ക്കിനെ കുറിച്ച് പറയുമ്പോള്‍ അതൊരു തരം അസൂയയായിരിക്കും.

ക്ലാര്‍ക്ക് വളരെ നന്നായി തന്നെ ബാറ്റ് ചെയ്യുന്നുണ്ട്. റിക്കി അദ്ദേഹത്തിന്റെ കരിയറിന്റെ അവസാനമെത്തുകയും ചെയ്തു. ഇപ്പോള്‍ അദ്ദേഹം വളരെ റണ്ണുകളൊന്നും നേടുന്നില്ല. കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി ചുറ്റിപ്പറ്റി നില്‍ക്കുകയാണ്.’ അദ്ദേഹം പറയുന്നു.

ഡ്രസിങ് റൂമിലെ കാര്യങ്ങളെക്കുറിച്ച് എഴുതാന്‍ തീരുമാനിച്ചതില്‍ അത്ഭുതമൊന്നുമില്ല. തികച്ചും സാധാരണമാണത്. അലന്‍ ബോര്‍ഡര്‍, മാര്‍ക്ക് ടെയ്‌ലര്‍ എന്നിവരോട് റിക്കിയെ താരതമ്യം ചെയ്യാനാവില്ലെന്നും വോണ്‍ പറഞ്ഞു.

‘ഞാന്‍ കളിച്ചിട്ടുള്ളതില്‍ വച്ചേറ്റവും മികച്ച ക്യാപ്റ്റന്‍മാര്‍ എലന്‍ ബോര്‍ഡറും മാര്‍ക്ക് ടെയ്‌ലറുമാണ്.’ അദ്ദേഹം പറഞ്ഞു.

ഇംഗ്ലണ്ട് ക്യാപ്റ്റന്‍ കുക്കിനെ കുറിച്ച് വോണ്‍ പറയുന്നത് ഇങ്ങനെ, ‘കുക്ക് നെഗറ്റീവായിരിക്കും, ബോറിങ്ങായിരിക്കും കൂടുതല്‍ ഭാവനയൊന്നുമുളളയാളും ആയിരിക്കില്ല. എങ്കിലും അദ്ദേഹം കളികള്‍ ജയിക്കുകയും സന്തോഷവാനായിരിക്കുകയും ചെയ്യും.’

‘ എന്റെ അഭിപ്രായത്തില്‍ ഇന്ന് ലോകത്തിലെ ഏറ്റവും മികച്ച ക്യാപ്റ്റന്‍ മൈക്കിള്‍ ക്ലാര്‍ക്കാണ്. ‘ വോണ്‍ വ്യക്തമാക്കുന്നു.

Tagged with: