Categories

മുല മറച്ചു വെയ്‌ക്കേണ്ട സാധനമാണ് ! പേരിലും ചിത്രങ്ങളിലും അസഭ്യമുണ്ടെന്ന് ആരോപിച്ച് പൊന്നാനി എം.ഇ.എസ് കോളേജ് മാഗസിന്‍ ‘ മുലമുറിക്കപ്പെട്ടവര്‍ ‘ മാനേജ്‌മെന്റ് വിലക്കുന്നു

മലപ്പുറം; പേരിലും കവര്‍ ചിത്രത്തിലും ലൈംഗികതയുണ്ടെന്ന് ചൂണ്ടിക്കാണിച്ച് കോളേജ് മാഗസിന് മാനേജ്‌മെന്‍ിന്റെ വിലക്ക്. പൊന്നാനി എം.ഇ.എസ് കോളേജ് മാഗസിനായ ‘ മുലമുറിക്കപ്പെട്ടവര്‍ ‘ ആണ് മാനേജ്‌മെന്റ് പ്രസിദ്ധീകരിക്കുന്നതില്‍ നിന്നും വിലക്കിയിരിക്കുന്നത്.

ആറു മാസങ്ങള്‍ക്ക് മുമ്പായിരുന്നു മാഗസിന്റെ ഡമ്മി പ്രകാശനം ചെയ്യുന്നത്. പ്രിന്‍സിപ്പാളിന്റേയും സ്റ്റാഫ് എഡിറ്ററുടേയുമെല്ലാം പൂര്‍ണ്ണ പിന്തുണ ആ അവസരത്തില്‍ മാഗസിന്‍ കമ്മിറ്റിയോടൊപ്പമുണ്ടായിരുന്നു. എന്നാല്‍ മാഗസിന്‍ പ്രിന്റ് ചെയ്യാനുള്ള സമയമായപ്പോള്‍ അനുമതി നല്‍കാന്‍ സാധിക്കുകയില്ലെന്ന് കോളേജ് മാനേജ്‌മെന്റ് അറിയിക്കുകയായിരുന്നുവെന്ന് കോളേജ് യൂണിയന്‍ ജനറല്‍ സെക്ട്രറി ഷമീര്‍ സി.ടി ഡൂള്‍ ന്യൂസിനോട് പറഞ്ഞു.

മാഗസിന്റെ പേരില്‍ ‘ മുല ‘ എന്ന പദം ഉപയോഗിച്ചതും ഉള്‍പേജുകളില്‍ ഏകദേശം പന്ത്രണ്ടോളം ചിത്രങ്ങളില്‍ മുല മുറിക്കുന്ന സ്ത്രീകളെ ചിത്രീകരിക്കുന്നുണ്ട്, ഇതിനെതിരെയുമാാണ് മാനേജ്‌മെന്റ് രംഗത്തെത്തിയിരിക്കുന്നത്. പേരും കവറും മുല കാണിക്കുന്ന പന്ത്രണ്ട് ചിത്രങ്ങളും ഒഴിവാക്കിയാല്‍ മത്രമേ പ്രിന്റിംഗിന് ആവശ്യമായ ഫണ്ട് നല്‍കുകയുള്ളൂ എന്നാണ് മാനേജ്‌മെന്റ് പറയുന്നതെന്ന് മാഗസിന്‍ എഡിറ്ററായ താഹ തൗഫീഖ് ഡൂള്‍ ന്യൂസിനോട് പറഞ്ഞു.


Also Read: ‘ മുഖ്യമന്ത്രിയ്‌ക്കെതിരായ സംഘപരിവാര്‍ ആക്രോശങ്ങള്‍ ഉദിച്ചുയരുന്ന സൂര്യനെ നോക്കി ഓരിയിടുന്ന പട്ടിയുടെ മാനസികാവസ്ഥയുടെ ഫലം ‘ : ഇ.പി ജയരാജന്‍


ഒന്നര ലക്ഷത്തോളം രൂപ മുടക്കിയാണ് മാഗസിന്റെ ഇതുവരെയുള്ള ജോലികള്‍ പൂര്‍ത്തിയാക്കിയത്. പ്രമുഖ മാധ്യമ പ്രവര്‍ത്തകനായ ശ്യാം കൃഷ്ണന്റെ സാന്നിധ്യത്തിലായിരുന്നു ഡമ്മി പ്രകാശനം ചെയ്തത്. അന്നൊന്നും യാതൊരു വിയോജിപ്പുമില്ലാതിരുന്ന മാനേജ്‌മെന്റ കഴിഞ്ഞ ദിവസമാണ് പ്രിന്റിംഗിനുള്ള ഫണ്ട് നല്‍കാന്‍ കഴിയില്ലെന്ന് അറിയിക്കുന്നത്.

സമൂഹത്തില്‍ സ്ത്രീകള്‍ അനുഭവിക്കുന്ന അനീതിയെ കുറിച്ച് സംസാരിക്കുന്ന മാഗസിനോട് കാണിക്കുന്ന നീതി നിഷേധം അനുവദിച്ചു കൊടുക്കില്ലെന്നും എന്തു വിലകൊടുത്തും മാഗസിന്‍ പുറത്തിറക്കുമെന്നും വിദ്യാര്‍ത്ഥികള്‍ ഡൂള്‍ ന്യൂസിനോട് പറഞ്ഞു. ഇതിനാവശ്യമായ പണം കണ്ടെത്താനുള്ള ശ്രമത്തിലാണ് വിദ്യാര്‍ത്ഥികള്‍ ഇപ്പോള്‍. മാനേജ്‌മെന്റിന്റെ നിലപാട് വ്യക്തമായതോടെ പണത്തിനായി വിദ്യാര്‍ത്ഥിനികള്‍ അവരുടെ വളകളും മറ്റും സ്വമേധയാ നല്‍കിയും പിരിവു നടത്തിയുമാണ് ഇവര്‍ ഫണ്ട് കണ്ടെത്തുന്നതെന്ന് വിദ്യാര്‍ത്ഥികള്‍ പറയുന്നു.


Don’t Miss: സൗരവ്വ് ഗാംഗുലി ദേശീയ ഗാനത്തിനിടെ ചൂയിംഗം ചവച്ചത് ശ്രദ്ധിക്കാത്ത മാധ്യമങ്ങള്‍ എന്തിന് എന്റെ മകനെ വേട്ടയാടുന്നു? ; വിവാദങ്ങള്‍ക്ക് മറുപടിയുമായി കാശ്മീരി താരം പര്‍വ്വേസ് റസൂലിന്റെ പിതാവ്


മാഗസിന്‍ അസ്ലീലമാണെന്നും അതിനാല്‍ ചിത്രങ്ങളും മാറ്റിയില്ലെങ്കില്‍ മാഗസിന്‍ കമ്മറ്റിയംഗങ്ങളുടെ ടി.സി നല്‍കില്ലെന്ന് മാനേജ്‌മെന്റ് ഭീഷണി മുഴക്കിയതായും വിദ്യാര്‍ത്ഥികള്‍ പറയുന്നു. രക്ഷിതാക്കളെ വിളിച്ച് ഭീഷണിപ്പെടുത്തിയാതായും വിദ്യാര്‍ത്ഥികള്‍ പറയുന്നുണ്ട്.

അതേസമയം, മാഗസിന് പ്രിന്‍സിപ്പാളടക്കമുള്ള അധ്യാപകരുടെ പിന്തുണയുണ്ട്. എന്നാല്‍ മാനേജ്‌മെന്റിന്റെ തീരുമാനത്തിന് വിരുദ്ധമായൊന്നും ചെയ്യാന്‍ കഴിയാത്ത സാഹചര്യത്തിലാണ് ഇവരുള്ളതെന്നും വിദ്യാര്‍ത്ഥികള്‍ ചൂണ്ടിക്കാണിക്കുന്നു.

Tagged with: