തിരുവനന്തപുരം: പൊങ്കാലയടുപ്പില്‍ തീ പകര്‍ന്നു. പതിനായിരങ്ങളുടെ മനസ്സില്‍ ഇനി ഒരേ മന്ത്രങ്ങള്‍ മാത്രം. പുലര്‍ച്ചെ നാലരയോടെയാണ് പൊങ്കാലയര്‍പ്പണ ചടങ്ങുകളാരംഭിച്ചത്. രാവിലെ പത്തേമുക്കാലോടെയാണ് പണ്ടാരഅടുപ്പുവെട്ടാരംഭിച്ചത്. ചിലപ്പതികാരത്തില്‍ കണ്ണകിയുടെ കഥ തോറ്റുന്ന പാട്ടുകാര്‍ രൗദ്രഭാവം പൂണ്ട കണ്ണകി പാണ്ഡ്യരാജാവിനെ വധിക്കുന്ന ഭാഗം തോറ്റിത്തീര്‍ന്നു.

ഇതോടെ മേല്‍ശാന്തി ബാലമുരളി പണ്ടാര അടുപ്പിലേക്ക് തീപകര്‍ന്നു. ഭക്തരുടെ വായ്ക്കുരവയും കതിനാവെടികളും മുഴങ്ങിയതോടെ പൊങ്കാല തുടങ്ങിയതിന്റെ വിളംബരം നാനാദിക്കിലേക്കുമെത്തി. തുടര്‍ന്നാണ് ലക്ഷക്കണക്കിന് പൊങ്കാല അടുപ്പുകളിലേക്ക് തീപകര്‍ന്നത്. പൊങ്കാല പാകം ചെയ്യുന്നതിനൊപ്പം തിരളിയപ്പം, കോട്ടപ്പം, മണ്ടപ്പുറ്റ് എന്നിവയും പലരും പാകപ്പെടുത്തി. പുത്തന്‍ മണ്‍കലത്തില്‍ പച്ചരി, ശര്‍ക്കര, നെയ്യ്, നാളീകേരം എന്നിവ ചേര്‍ത്ത് പാകപ്പെടുത്തുന്നതാണ് പൊങ്കാല. പഴം, ഉണക്ക മുന്തിരി, അണ്ടിപ്പരിപ്പ്, ഏലക്കായ, ചുക്ക് തുടങ്ങിയ ചേരുവകളാല്‍ പൊങ്കാലയ്ക്ക് രുചി കൂട്ടാറുണ്ട്.

ഉച്ചയ്ക്ക് 2.30-നാണ് പൊങ്കാല നിവേദിക്കുന്നത്. 200 ഓളം പൂജാരിമാരെയാണ് ഇതിനായി നിയോഗിച്ചിട്ടുള്ളത്. പൂജാരിമാര്‍ തീര്‍ഥജലം തളിക്കുന്നതോടെ മടക്കയാത്രയുടെ വന്‍പ്രവാഹം ആരംഭിക്കുകയായി. രാജവീഥികളും ഇടവഴികളും റെയില്‍വേസ്റ്റേഷനും ബസ് സ്റ്റാന്‍ഡുകളുമെല്ലാം സ്ത്രീപ്രവാഹത്തില്‍ പൊങ്കാലക്കാരുടെ മഹാപ്രവാഹമായി മാറും.ക്ഷേത്രത്തിലേക്ക് താലപ്പൊലി നേര്‍ച്ച പുലര്‍ച്ച നിര്‍മാല്യ ദര്‍ശനം കഴിഞ്ഞതോടെ ആരംഭിച്ചത് രാത്രിവരെ തുടരും.

ദീപാരാധനയ്ക്കുശേഷം രാത്രി ഏഴോടെ കുത്തിയോട്ടക്കാര്‍ക്ക് ചൂരല്‍ കുത്തുന്ന ചടങ്ങ് ആരംഭിക്കും. ഏഴുനാളായി നേര്‍ച്ചക്കാരായി ക്ഷേത്രത്തില്‍ കഴിയുന്ന കുട്ടികളുടെ ചുമലില്‍ ചൂരല്‍ കുത്തുന്ന ചടങ്ങാണിത്. രാത്രി 9.30-ന് ആരംഭിക്കുന്ന ദേവിയുടെ പുറത്തേക്കെഴുന്നള്ളിപ്പിന് ചൂരല്‍കുത്തിയ ബാലന്മാര്‍ അകമ്പടി സേവിക്കും. മേജര്‍ സെറ്റ് പഞ്ചവാദ്യം, തെയ്യം, കാവടിയാട്ടം, പൂക്കാവടി, മയൂരനൃത്തം, തപ്പാട്ടം, അര്‍ജുന നൃത്തം, ബാന്‍ഡ് മേളം, നെയ്യാണ്ടിമേളം തുടങ്ങിയവ എഴുന്നള്ളിപ്പിന് മാറ്റുകൂട്ടും. നാളെ രാവിലെ ഒമ്പതോടെ മണക്കാട് ശാസ്താ ക്ഷേത്രത്തില്‍ പ്രദക്ഷിണം എത്തുന്നതോടെ കുത്തിയോട്ടബാലന്മാരെ ക്ഷേത്രത്തിലേക്ക് മടക്കി അയയ്ക്കും.