മന്ത്രി മണിയുടെ വിവാദ പ്രസംഗത്തെ തുടര്‍ന്ന് മണി രാജി വെക്കണമെന്നാവശ്യപ്പൈട്ട് പൊമ്പിളൈ ഒരുമൈ നേതാക്കള്‍ തുടങ്ങിയ സമരം കേട്ടത് നാലുപേര്‍ നടത്തുന്ന സമരം എന്ന പരിഹാസമാണ്.

പൊമ്പിളൈ ഒരുമൈ സമരപ്പന്തലില്‍ എടുത്തുകാണിക്കുന്നത് ആംആദ്മി പാര്‍ട്ടിയുടെ വെള്ളത്തൊപ്പികളാണ്. അവര്‍ പലപ്പോഴും മൈക്ക് താഴെവെക്കാതെ ഒരാള്‍ക്ക് പുറമെ മറ്റൊരാളായി നിര്‍ത്താതെ പ്രസംഗിക്കുന്നതും കണ്ടു.

പൊമ്പിളൈ ഒരുമൈ സമര നേതാക്കള്‍ നിരാഹാരസമരം തുടങ്ങിയപ്പോള്‍, സമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് ആംആദ്മി പാര്‍ട്ടി സംസ്ഥാന പ്രസിഡന്റ് സി.ആര്‍ നീലകണ്ഠന്‍ നിരാഹാരമാരംഭിക്കുന്നത് ‘മന്ത്രി മണി തന്റെ അഭിമാനം കൂടിയാണ് ചോദ്യം ചെയ്തത്’ എന്ന പ്രസ്താവനയോടെയാണ്. സമരപ്പന്തലിലിരുന്ന ആം ആദ്മി പ്രവര്‍ത്തകര്‍ മൈക്കില്‍ പാടുന്നത് ‘ഭാരതാംബ തന്‍ മക്കള്‍’ പോലുള്ള ഏകശിലാ വാക്കുകളുള്ള പാട്ടുകളാണ്.

ഭൂമി ആവശ്യപ്പെട്ടുകൊണ്ട്, തമിഴ്, ദളിത് തൊഴിലാളി സ്ത്രീകള്‍ക്ക് ഈ ഏകശിലയില്‍ പെടാത്ത അസ്ഥിത്വമാണുള്ളത് എന്ന അറിവില്ലായ്മയിലാണോ ആം ആദ്മി പാര്‍ട്ടിക്കാര്‍ സമരം ചെയ്യുന്നത്? ഉറക്കെ വിളിക്കുന്നത് ‘മണിയെന്നാല്‍ തെറിയാണേ, തെറിയെന്നാല്‍ മണിയാണേ’ തുടങ്ങിയ മുദ്രാവാക്യങ്ങളാണ്.

ഭൂ അവകാശ സമര കണ്‍വെന്‍ഷന് മൂന്നാര്‍ പൊലീസ് അനുമതി നിഷേധിച്ചതിന്റെ പിറ്റേ ദിവസമാണ് മണി തന്റെ പ്രസംഗം നടത്തുന്നത്. ‘ദളിത് സ്ത്രീകളുടെ മുഖം കാണേണ്ട’ എന്നു പറഞ്ഞാണ് സി.ഐ കണ്‍വെന്‍ഷന് അനുമതി തേടി സ്റ്റേഷനില്‍ ചെന്ന പൊമ്പിളൈ ഒരുമൈ പ്രവര്‍ത്തകരെ സ്റ്റേഷനില്‍ സ്വീകരിച്ചത്. ആ പ്രസംഗത്തില്‍ അന്ന് മണി പൊമ്പിളൈ ഒരുമൈയെ പരാമര്‍ശിച്ചത് എന്തിനായിരുന്നു എന്ന് ചിലപ്പോള്‍ മണിക്ക് അറിയുമായിരിക്കും, പാര്‍ട്ടിക്കും അറിയുമായിരിക്കും.

നിരാഹാര സമരത്തിന്റെ നാലാംദിവസം അന്ന് മൂന്നാം ദിവസം നിരാഹാരസമരം നടത്തുകയായിരുന്ന സി.ആര്‍ നീലകണ്ഠന്‍ കുഴഞ്ഞുവീഴുകയും സമരത്തില്‍ നിന്നും പിന്‍വാങ്ങുകയുമായിരുന്നു. മറ്റൊരു ആം ആദ്മി നേതാവ് നിരാഹാരം റിലേ ചെയ്യാന്‍ മുന്നോട്ടുവന്നെങ്കിലും ഗോമതി അതിനെ എതിര്‍ക്കുകയും നിങ്ങള്‍ നിരാഹാരസമരം ചെയ്യേണ്ട നിങ്ങളുടെ പിന്തുണ മതിയെന്നും അറിയിക്കുകയായിരുന്നു.

ഇതേത്തുടര്‍ന്നുണ്ടായ തര്‍ക്കം സി.പി.ഐ.എം ഉപയോഗപ്പെടുത്താന്‍ ശ്രമിക്കുകയും ചെയ്തു. ‘ഞങ്ങള്‍ക്ക് നിങ്ങളുടെ പിന്തുണ മതി, നിങ്ങള്‍ ഞങ്ങളുടെ കൂടെ നിരാഹാരമിരിക്കേണ്ട. പൊമ്പിളൈ ഒരുമൈ വളരട്ടെ, ആം ആദ്മി പാര്‍ട്ടിയെ വളര്‍ത്താന്‍ ഈ സമരത്തെ ഉപയോഗിക്കേണ്ട’ എന്ന് ഗോമതി പറയുന്നത് ദളിത് ക്യാമറയ്ക്ക് നല്‍കിയ അഭിമുഖത്തില്‍, സമരത്തിന്റെ ഏഴാമത്തെയോ എട്ടാമത്തെയോ ദിവസമായിരുന്നു.

പ്ലാച്ചിമടയില്‍ നിന്നും, ആദിവാസി ഗോത്ര മഹാസഭയില്‍ നിന്നും സമരത്തിന് പിന്തുണയുമായി ആളുകള്‍ വന്നും പോയും കൊണ്ടിരിക്കുമ്പോള്‍ തന്നെയാണ് സമരത്തെ പ്രതിപക്ഷം ഹൈജാക്ക് ചെയ്യുന്നു എന്നു പറഞ്ഞ് ന്യായീകരണത്തൊഴിലാളികളും പിണറായി ഭക്തന്മാരും സമരത്തെ അംഗബലം കൊണ്ട് വിലയിരുത്തി പരിഹസിക്കുന്നത്.

ഏപ്രില്‍, മെയ് മാസങ്ങള്‍ തേയിലത്തോട്ടങ്ങളില്‍ വിളവെടുപ്പുകാലമായതിനാല്‍ തൊഴിലാളികള്‍ക്ക് സമരം ചെയ്യാന്‍ എത്താന്‍ കഴിയില്ലെന്നും അങ്ങനെ എത്തുന്നവര്‍ക്ക് ഒരു ദിവസത്തെ കൂലി നഷ്ടപ്പെടുമെന്നും അവരെ സഹായിക്കാന്‍ തങ്ങള്‍ക്കും കഴിയില്ലെന്നും ഗോമതി പറയുന്നു. തൊഴിലാളികളെ മൂന്നു ട്രെയ്ഡ് യൂണിയനുകള്‍ ഭീഷണിപ്പെടുത്തിയിട്ടുണ്ടെന്നും ഗോമതി പറയുന്നു.

‘നാലുപേരുടെ സമരം നാലാംതരം സമരമെന്ന് പറയുന്നവര്‍ ഇവിടെ വന്ന് എത്രപേര്‍ നമുക്ക് പിന്തുണയറിയിക്കുന്നുണ്ട് എന്ന് കാണണം. ഈ സമരം മുന്നോട്ടുകൊണ്ടുപോകും. സമരം ചെയ്യുന്ന സ്ത്രീകളെ പൊതുജനമധ്യത്തില്‍ അപകീര്‍ത്തിപ്പെടുത്താന്‍ ശ്രമിക്കുന്ന നേതാക്കളുണ്ട്. മണി ഒരു സാധാരണ പാര്‍ട്ടിക്കാരനല്ല, ഒരു എം.എല്‍.എയും മന്ത്രിയുമാണ്. ലോകത്തിലെ എല്ലാ സ്ത്രീകളെയും അപമാനിക്കുന്ന തരത്തിലാണ് മണി സംസാരിച്ചത്, ഒരു രാജേശ്വരിയെയോ ഗോമതിയെയോ അല്ല അപമാനിച്ചത്.’ ഗോമതി പറയുന്നു.

ഇതെല്ലാം സംഭവിക്കുന്നത് മൂന്നാറില്‍ കയ്യേറ്റമൊഴിപ്പിക്കല്‍ നടപടികള്‍ തുടങ്ങിയ സാഹചര്യത്തിലാണ് എന്നതും ശ്രദ്ധേയമാണ്. ഐ.എ.എസ് ഓഫീസര്‍ ശ്രീറാം വെങ്കിട്ടരാമന്റെ നേതൃത്വത്തില്‍ പാപ്പാത്തിച്ചോലയില്‍ നടന്ന കുരിശു പൊളിക്കലിനെ വളരെ എളുപ്പം നേരിടാന്‍ പിണറായി സര്‍ക്കാരിനു കഴിഞ്ഞു.

മത കാര്‍ഡ് ആണ് പിണറായി ഉപയോഗിച്ചത്. കയ്യേറ്റമൊഴിപ്പിക്കല്‍ നിര്‍ത്തിവെച്ചു. മൂന്നാറില്‍ മണ്ണുമാന്തികള്‍ നിരോധിച്ചു. പരിസ്ഥിതി ലോലപ്രദേശമാണ് എന്നുകാണിച്ചാണ് ഇത്. മൂന്നാറില്‍ ഇന്നേവരെ മണ്ണുമാന്തികള്‍ ഉപയോഗിച്ചിട്ടില്ല എന്ന മട്ടില്‍. ”മണിയുടെ പ്രസംഗത്തിന് പിന്നില്‍ കൃത്യമായ പദ്ധതിയുണ്ട്. ‘കയ്യേറ്റമൊഴിപ്പിക്കലില്‍ നിന്നും ശ്രദ്ധ തിരിക്കാനുള്ള ശ്രമമാണ് ഈ പ്രസംഗം. പക്ഷേ ഇത് ഇത്ര വലിയ സമരമാകുമെന്ന് അവര്‍ ഓര്‍ത്തില്ല.” ഗോമതി പറയുന്നു.


Don’t Miss: സച്ചിന്‍, സെവാഗ്, ഗാംഗുലി, ഗംഭീര്‍, രോഹിത്…; ഗുജറാത്തിന്റെ ആണിക്കല്ലു തകര്‍ത്ത സഞ്ജുവിനേയും റിഷഭ് പന്തിനേയും പ്രശംസിക്കാന്‍ മത്സരിച്ച് ക്രിക്കറ്റ് ലോകം


ദളിത്, ആദിവാസി സ്ത്രീകളും ഭൂരഹിതരും, കൂടുതലും തമിഴരുമായ ഈ സ്ത്രീ തൊഴിലാളികളുടെ ‘വളരെ വിചിത്രമായ’ ഭൂമി ആവശ്യപ്പെടല്‍ ഇടതുപക്ഷ സര്‍ക്കാറിന്റെയും അതിന്റെ തൊഴിലാളി യൂണിയനുകളെയും ഭയപ്പെടുത്തിയിട്ടുണ്ട്. ‘വീടും ഭൂമിയുമാണ് ഞങ്ങള്‍ ആവശ്യപ്പെട്ടത്. ഇത്തരം ആവശ്യങ്ങള്‍ മുന്നോട്ടുവെക്കുമ്പോള്‍ തൊഴിലാളികള്‍ തീര്‍ച്ചയായും സമരം ചെയ്യാനിറങ്ങുമെന്ന് അവര്‍ക്ക് നന്നായറിയാം. നമ്മുടെ മുന്നേറ്റത്തെ പാര്‍ട്ടി ഭയക്കുന്നുണ്ട്. ഞാന്‍ നടത്തുന്ന സമരം ശ്രദ്ധ നേടാനും താരമാകാനുമുള്ള ശ്രമങ്ങളാണെന്ന് ലിസി സണ്ണി കൈരളി ചാനലില്‍ പറഞ്ഞു.’ ഗോമതി പറഞ്ഞു. തങ്ങള്‍ക്കൊപ്പം നിരാഹാര സമരം നടത്തിയ ആം ആദ്മി പ്രവര്‍ത്തകരോട് ഗോമതിക്ക് വിയോജിപ്പുകളുണ്ടായി, അത് തുറന്നുപറയുകയും ചെയ്തു. ആരുടെയും പിന്തുണ ആവശ്യമാണെന്നും എന്നാല്‍ അത് ഏറ്റെടുക്കലായി മാറുമ്പോള്‍ അംഗീകരിക്കാന്‍ ബുദ്ധിമുട്ടാണെന്നും ഗോമതി വ്യക്തമാക്കി.

ആം ആദ്മി പാര്‍ട്ടിയെപ്പോലുള്ള, മധ്യവര്‍ഗ ദേശീയതയിലും മധ്യവര്‍ഗ രോഷത്തിലും അടിത്തറപ്പെട്ട പാര്‍ട്ടിക്ക് എങ്ങനെയാണ് ഭൂമിയില്ലാത്ത, ദിവസത്തൊഴിലില്‍ സ്വന്തം ആരോഗ്യംപോലും പണയം വെച്ച്, തൊഴില്‍ ചൂഷണത്തിന്റെ തലമുറകളായുള്ള ഇരകളായി അടിച്ചമര്‍ത്തലിനെതിരെ സമരം ചെയ്യുന്ന തമിഴ് ഭൂരിപക്ഷമുള്ള ദളിത് ആദിവാസി സ്ത്രീ തൊഴിലാളി സമരത്തോട് അനുഭവം കൊണ്ട് ഐക്യപ്പെടാനാകുക?

പൊമ്പിളൈ ഒരുമൈ സമരം ചെയ്യുന്നത് കേവലം ഭൂമി ആവശ്യപ്പെട്ടുകൊണ്ട് മാത്രമല്ല, ജാതിയധിഷ്ഠിതമായ തൊഴില്‍ ഘടനയെ അട്ടിമറിക്കാന്‍, അതിനെ തകര്‍ക്കാന്‍ കൂടിയാണ്. ഞങ്ങള്‍ ചെയ്ത തൊഴില്‍ ഇനി ഞങ്ങളുടെ മക്കള്‍ ചെയ്യില്ല എന്ന ധീരമായ പ്രഖ്യാപനത്തോടെയുമാണ്. ഭൂമി ആവശ്യപ്പെടുമ്പോള്‍, അതിനകം ഒക്കെയും വിറ്റുതുലച്ചുകളഞ്ഞ മുന്‍കാല സര്‍ക്കാറുകളുടെ നല്ല ഭരണത്തിന്റെ ചരിത്രത്തെയാണ് ചോദ്യം ചെയ്യുന്നത്.

ഭൂമി സ്വന്തമാക്കാനുള്ള പ്രിവിലേജ് ഉണ്ടായിരുന്ന ഉയര്‍ന്ന ജാതിക്കാരുടെ സുഖലോലുപതയില്‍ നിന്നും പുറത്തുനില്‍ക്കേണ്ട, ആ സുഖലോലുപത നിലനില്‍ക്കാന്‍ ദിവസം തോറും ഭൂമിയില്ലാത്ത, കീഴ്ജാതിക്കാരായ തൊഴിലാളികള്‍ അവരുടെ ശരീരംകൊണ്ട് കഠിനമായി അധ്വാനിക്കേണ്ടിയിരിക്കുന്നു.

അതു നിലനിന്നാല്‍ മാത്രമേ ഈ മിഡില്‍ ക്ളാസ് കംപ്ലൈസന്‍സ് നിലനില്‍ക്കൂ. അതിനെ നിലനിര്‍ത്തേണ്ടത് ആവശ്യമായിരിക്കെ, ആശയസംഹിതകളില്‍ നിന്നും ബഹുദൂരം മുന്നോട്ട് നടന്നു കഴിഞ്ഞ കേരളത്തിലെ കമ്മ്യൂണിസ്റ്റ് ഭരണകൂടം ഈ സമരത്തെ പരിഹസിക്കുന്നതിലും സമരപ്പന്തലിനു മുന്നിലൂടെ ‘ഈ സമരം വേണ്ടേ വേണ്ട’ എന്ന മുദ്രാവാക്യം വിളിച്ച ശക്തിപ്രകടനം നടത്തുന്നത് കാണുമ്പോള്‍ അത്ഭുതം തോന്നാത്തത്.

ദളിത് ക്യാമറ എന്ന സ്വതന്ത്ര മാധ്യമ വെബ്സൈറ്റിനുവേണ്ടി സമരം ഫെയ്സ്ബുക്ക് ലൈവ് ടെലികാസ്റ്റ് ചെയ്യുകയായിരുന്ന മാധ്യമപ്രവര്‍ത്തകനെ ഔദ്യോഗിക മാധ്യമപ്രവര്‍ത്തകര്‍ നേരിടാനെത്തിയപ്പോള്‍ ഇത് ഞങ്ങള്‍ വിളിച്ചിട്ട് വന്ന ആളാണെന്ന് ഗോമതി പറയുമ്പോള്‍ അത് സ്റ്റേറ്റ് ഒരിക്കലും വിചാരിക്കാത്ത രീതിയില്‍ എഴുതപ്പെട്ട സമരചരിത്രം ആകുന്നു.

പ്രസ് കാര്‍ഡില്ലാത്ത സ്വതന്ത്ര മാധ്യമപ്രവര്‍ത്തകരെ മാവോയിസ്റ്റുകളാക്കിയ സ്പെഷ്യല്‍ ബ്രാഞ്ച് ബുദ്ധിയെ അവര്‍ വേണ്ടവിധം കൊണ്ടാടി. ‘ഞങ്ങളുടെ ഇടത് അനുഭവ പൂര്‍ണമായ ടെലികാസ്റ്റുകള്‍ക്ക് നിങ്ങള്‍ എന്തിനാണ് മറുവാദമാകുന്നത്?’ എന്ന ചോദ്യത്തില്‍ നിന്നാണ് ഇവരില്‍ അസ്വസ്ഥതയുണ്ടാകുന്നത്. ‘ഞാന്‍ മാപ്പുപറയാം, നിങ്ങള്‍ ഇല്ലെങ്കില്‍ ഇവരില്ല’ എന്ന് ഈ ഇടഞ്ഞ മാധ്യമപ്രവര്‍ത്തകരോട് പൊമ്പിളൈ ഒരുമൈക്ക് വേണ്ടി തീരുമാനിച്ചുറപ്പിച്ചു മാപ്പുപറയാന്‍ സി.ആര്‍ നീലകണ്ഠന്‍ ആരാണ്?

കനത്ത പൊലീസ് കാവലില്‍, ഇത്രയധികം മാധ്യമ ലിംഗങ്ങളുടെ അഹങ്കാരത്തിനു നടുവില്‍ സമരം ചെയ്യുന്ന സ്ത്രീകളെപ്പറ്റി, മാധ്യമങ്ങള്‍ ഉണ്ടാക്കിയെടുത്ത സമരമാണ് പൊമ്പളൈ ഒരുമൈ മാധ്യമങ്ങള്‍ ഉണ്ടെങ്കിലേ അതിനു നിലനില്‍പ്പുള്ളൂ എന്നു കരുതുന്ന പരിസ്ഥിതിവാദിയായ അപ്പര്‍ കാസ്റ്റ് എ.എ.പി നേതാവിന് പൊമ്പിളൈ ഒരുമൈ സമരത്തെപ്പറ്റി ഇതുവരെ ഒന്നും പിടികിട്ടിയിട്ടില്ല. അയാള്‍ക്ക് അറിയാവുന്നത് ‘ഏറ്റെടുക്കുക’ എന്ന ചരിത്രമാവര്‍ത്തിക്കുന്ന നുഴഞ്ഞുകയറ്റം മാത്രമാണ്.


Also Read: ഈശ്വരാ ഭഗവാനേ.. ശത്രുക്കള്‍ക്ക് പോലും ഈ ഗതി വരുത്തരുതേ; പിണറായിക്കെതിരെ പരിഹാസവുമായി കെ. സുരേന്ദ്രന്‍


മാധ്യമങ്ങള്‍ ഇല്ലെങ്കില്‍ പൊമ്പിളൈ ഒരുമൈ ഇല്ല എന്ന സി.ആര്‍ നീലകണ്ഠന്റെ പ്രസ്താവനയില്‍ നിന്നും മനസിലാക്കേണ്ടത് എന്താണ് പൊമ്പിളൈ ഒരുമൈ മാധ്യമങ്ങളില്ലായിരുന്നെങ്കില്‍ മരിച്ചുപോകുമായിരുന്ന ഒരു പ്രസ്ഥാനമാണ് എന്നാണോ?

ഏറ്റെടുക്കലുകളുടെ വൃത്തികെട്ട ചരിത്രം ആം ആദ്മി പാര്‍ട്ടിക്ക് ഉണ്ട്. കൂടംകുളം ആണവനിലയത്തിനെതിരെ ജനകീയ സമരം നയിച്ച എസ്.പി ഉദയകുമാര്‍ ആം ആദ്മി പാര്‍ട്ടിയില്‍ ചേര്‍ന്ന് കന്യാകുമാരി മണ്ഡലത്തില്‍ 2014ല്‍ തെരഞ്ഞെടുപ്പില്‍ മത്സരിച്ചിരുന്നു.

ആം ആദ്മി പാര്‍ട്ടിക്ക് കൃത്യമായി ഒരു ആണവ വിരുദ്ധ നയമില്ല എന്നു ചൂണ്ടിക്കാട്ടിയാണ് പിന്നീട് എസ്.പി ഉദയകുമാര്‍ പാര്‍ട്ടി വിടുന്നത് . ‘ആണവപ്ലാന്റുകള്‍ക്കെതിരെ ശക്തമായ നിലപാടെടുക്കാന്‍ ആം ആദ്മി പാര്‍ട്ടി പരാജയപ്പെട്ടു, അതുകൊണ്ട് ഞാന്‍ പാര്‍ട്ടി വിട്ടു’ ഒരു അഭിമുഖത്തില്‍ ഉദയകുമാര്‍ പറഞ്ഞു.

ഒരു സമരത്തെ അതിന്റെ ജാതി, വര്‍ഗ സ്വഭാവങ്ങള്‍ മനസിലാക്കാതെ ഏറ്റെടുത്തു കൊണ്ടാടുന്നത് കേവലം ശ്രദ്ധ നേടാനുള്ള ശ്രമം മാത്രമാണ്. പൊമ്പിളൈ ഒരുമൈയുമായി ആപ് ചെയ്യുന്നതും അതാണ്. സമരം ചെയ്യുന്നവരെ തലമുറകളായുള്ള അവരുടെ അനുഭവങ്ങള്‍ പഠിപ്പിക്കും ഏറ്റെടുക്കല്‍ എന്താണ്, ഐക്യദാര്‍ഢ്യം എന്താണ് എന്നും.