എഡിറ്റര്‍
എഡിറ്റര്‍
പൊതുപരിപാടിക്കിടെ ശ്വേത മേനോനെ അപമാനിക്കാന്‍ ശ്രമം: പ്രമുഖ രാഷ്ട്രീയ നേതാവെന്ന് സൂചന
എഡിറ്റര്‍
Friday 1st November 2013 11:06pm

swethasad

കൊല്ലം: പൊതുപരിപാടിക്കിടെ തന്നെ അപമാനിക്കാന്‍ ശ്രമിച്ചെന്ന് പ്രമുഖ നടി ശ്വേതാ മേനോന്‍. കൊല്ലത്ത് നടന്ന പ്രസിഡന്റ് ട്രോഫി വള്ളം കളിക്കിടെ തന്നെ അപമാനിക്കാന്‍ ശ്രമിച്ചുവെന്നാണ് ശ്വേത പറഞ്ഞിരിക്കുന്നത്.

ഉദ്ഘാടന വേദിയില്‍ വെച്ചാണ് ശ്വേതയെ അപമാനിക്കാന്‍ ശ്രമമുണ്ടായതെന്നാണ് സൂചന. ഒരു പ്രമുഖ രാഷ്ട്രീയ പാര്‍ട്ടിയുടെ നേതാവാണ് അപമാനിക്കാന്‍ ശ്രമിച്ചതെന്നും സൂചനയുണ്ട്.

എന്നാലിതാരാണെന്ന് വെളിപ്പെടുത്താന്‍ താരം തയ്യാറായില്ല. ഉദ്ഘാടന ചടങ്ങിന് ശ്വേത എത്തുന്ന രംഗങ്ങള്‍ മലയാളത്തിലെ പ്രമുഖ വാര്‍ത്താ ചാനലുകളില്‍ കാണിച്ച് വരുന്നുണ്ട്.

ഈ ദൃശ്യങ്ങളിലൂടെ തന്നെ അപമാനിക്കാന്‍ ശ്രമിച്ച രാഷ്ട്രീയ നേതാവാരാണെന്ന്  പൊതുജനം മനസിലാക്കട്ടെയെന്ന നിലപാടിലാണ് ശ്വേത ഇപ്പോള്‍.  ഇത് സംബന്ധിച്ച് കളക്ടറോട് ശ്വേത വാക്കാല്‍ പരാതി ബോധിപ്പിച്ചുവെന്നാണ് വിവരം.

ഈ രാഷ്ട്രീയ പാര്‍ട്ടിയുടെ മുതിര്‍ന്ന നേതാവിനെ ഫോണില്‍ വിളിച്ചും ശ്വേത തന്റെ പരാതി അറിയിച്ചതായി വാര്‍ത്തയുണ്ട്. ചടങ്ങില്‍ മുഖ്യാതിഥിയായി പങ്കെടുക്കുകയായിരുന്നു ശ്വേത. സംഭവത്തില്‍ കടുത്ത അമര്‍ഷവും ദുഖവുമുണ്ടെന്ന് ശ്വേത പറഞ്ഞു.

ചടങ്ങില്‍ പങ്കെടുക്കാന്‍ വേണ്ടി മാത്രമാണ് താന്‍ മുംബൈയില്‍ നിന്നും വന്നതെന്നും എന്നിട്ടും താന്‍ ഇവിടെ വച്ച് അപമാനിക്കപ്പെട്ടതില്‍ കടുത്ത ദുഖമുണ്ടെന്നും ശ്വേത പറഞ്ഞു. പരാതി നല്‍കുന്ന കാര്യം പരിഗണിച്ചു വരികയാണെന്നും  താരം പിന്നീട് പ്രതികരിച്ചു.

ശ്വേതയെകൂടാതെ നടന്‍ കലാഭവന്‍ മണി, പീതാംബരകുറുപ്പ് എം.പി എന്നിവരും ചടങ്ങില്‍ പങ്കെടുത്തിരുന്നു.

Advertisement