സൂചിമുന / തുന്നല്‍ക്കാരന്‍

ഒന്ന്…

കരുണാകരന്‍ വളര്‍ത്തി വലുതാക്കിയ രമേശ് ചെന്നിത്തല നിറമിഴിയോടെ
കരുണാകരന്‍ മരിച്ച വിവരം പ്രഖ്യാപിച്ചു. ഇടക്കിടക്കിടക്ക് അദ്ദേഹം തന്റെ
മിഴികള്‍ തുടച്ചിരുന്നു. കൈലേസ് അരയില്‍ തിരുകിയിരുന്നതിനാല്‍ കൈപ്പടം
കൊണ്ടായിരുന്നു പരിപാടി.

കരുണാകരന്‍ മരിക്കുന്നതറിഞ്ഞ് ഉല്‍സവം പോലെ കൂടിയ കോണ്‍ഗ്രസുകാര്‍ക്ക്
പോലും അതിന്റെ അനൗചിത്യം മനസ്സിലായിക്കാണും. പക്ഷേ മക്കളേ, ഇത്
കോണ്‍ഗ്രസാണു പലതും സംഭവിക്കും. സംഭവിക്കണം. ഗുരുവായൂരപ്പന്‍
വിചാരിച്ചാല്‍ പോലും ഇവരെ നന്നാക്കാന്‍ സാധിക്കില്ല.

രണ്ട്…

കരുണാകരന്റെ അന്ത്യാഭിലാഷം നടപ്പിലാക്കിക്കൊടുക്കണം. മുരളീധരനെ നിങ്ങള്‍
കോണ്‍ഗ്രസില്‍ ചേര്‍ക്കണം. അല്ലെങ്കില്‍ കരുണാകരന്റെ പ്രേതം വന്ന്
നിരന്തരം നിങ്ങളുടെ സ്വപ്നങ്ങളെ വേട്ടയാടും. ആത്മാക്കള്‍ ഭയങ്കരന്മാരാണ്.
അവരുടെ അഭിലാഷങ്ങള്‍ പൂര്‍ത്തീകരിച്ചില്ലെങ്കില്‍ അവര്‍ നിങ്ങളെ വെറുതെ
വിടില്ല. സ്വപ്നത്തില്‍ വന്നു കരുണാകരന്‍ നിങ്ങളുടെ കാലില്‍ തോണ്ടും.
ഇല്ലെങ്കില്‍ ചെറിയ കല്ല് പെറുക്കി തലക്കിട്ട് എറിയും.
ആദ്യം മകനായ് കെ.പി.സി.സി പ്രസിഡന്റ് സ്ഥാനം ചോദിച്ചു.. നിങ്ങള്‍ കൗരവര്‍
തരില്ലെന്നു പറഞ്ഞു..
പിന്നെ സെക്രട്ടറി സ്ഥാനം ചോദിച്ചു.. കൗരവര്‍ കൂവി വിളിച്ച് പറഞ്ഞു
തരില്ല..
അവസാനം ഒരു അഞ്ചു രൂപാ മെമ്പര്‍ഷിപ്പ് ചോദിച്ചു. അതും കൊടുത്തില്ല. സൂചി
കുത്താന്‍ സ്ഥലം തരില്ലെന്നും മുരളിയെ കോണ്‍ഗ്രസില്‍ ചേര്‍ത്താല്‍
ഗ്രൂപ്പു വളര്‍ത്തി ഇതിനെ നശ്ശിപ്പിക്കും എന്നും പറഞ്ഞ് നിങ്ങള്‍ കേരളീയരെ
ചിരിപ്പിച്ചു.

മുരളി പോയിട്ടും നിങ്ങള്‍ ഗ്രൂപ്പു കളിച്ചു. നിങ്ങള്‍
തമ്മില്‍ തല്ലി. എന്തിനു സോണിയാ ഗാന്ധിയുടെ മുന്നില്‍ വെച്ചുപോലും
നിങ്ങള്‍ ചന്തപ്പിള്ളേരെപ്പോലെ തമ്മിലടിച്ചു..
നിങ്ങള്‍ നന്നാവില്ല മക്കളേ… അതിനാല്‍ മുരളീധരനെക്കൂടെ ച്ചേര്‍ക്കൂ..
എന്നിട്ട് ഈ കലാപരിപാടികള്‍ അസലായ് നിര്‍വ്വഹിക്കൂ. അടിയെങ്കില്‍ അതിനും
ഒരു ഗുമ്മൊക്കെ വേണ്ടയോടെ അപ്പീ…

മൂന്ന്…

പുന്നാമ നരകത്തില്‍ നിന്നും പിതാവിനെ രക്ഷിക്കുന്നവനാണു പുത്രന്‍. കരുണാകരനു സ്വര്‍ഗ്ഗത്തിലേക്കുള്ള വഴി തുറക്കേണ്ട മുരളീധരനെ പുറത്ത് നിര്‍ത്തി കോണ്‍ഗ്രസുകാര്‍ കരുണാകരനു അര്‍പ്പിക്കുന്ന ആദരാജ്ഞലി തികച്ചും അനൗചിത്യവും അല്പത്തവുമാണ്.

കരുണാകരന്‍ വളര്‍ത്തി വലുതാക്കിയ പലരുമാണിന്ന് കോണ്‍ഗ്രസിന്റെ തലപ്പത്ത്. അവര്‍ കള്ളക്കണ്ണീരോടെ ലീഡറിന്റെ മൃതദേഹത്തിനരുകില്‍ നിന്ന് ഫോട്ടോയെടുക്കുന്നതിലും ചാനലുകാര്‍ക്ക് മുന്നില്‍ അഭിനയിക്കുന്നതുമൊക്കെ ജനങ്ങള്‍ക്ക് മനസ്സിലാവുന്നുണ്ട്.

മുരളീധരനെ ഇനിയും പാര്‍ട്ടിയില്‍ എടുക്കുന്നില്ലെങ്കില്‍ ജനങ്ങളുടെ സഹതാപം അദ്ദേഹത്തിനു ലഭിക്കും. മുരളീധരന്‍ കേരളത്തിലെ ഏതൊരു കോണ്‍ഗ്രസുകാരനും അപ്പുറത്തേക്ക് വളരുകയും ചെയ്യും..

ചിതയെരിയുമ്പോള്‍…
തൊണ്ണൂറ്റിമൂന്നാമത്തെ വയസ്സില്‍ ചിതയിലേക്ക് പോകുന്നൊരു മനുഷ്യന്റെ നെഞ്ചില്‍ നിന്നുമൊരു നൊമ്പരം പുറത്ത് വരും.. അത് മകനുവേണ്ടി കരയുന്നൊരു അച്ഛന്റെ ശബ്ദമാണ്.. കോണ്‍ഗ്രസുകാരുടെ ഉറക്കം കെടുത്തുന്നൊരു നിലവിളി.


സൂചിമുന…

വളക്കാം പക്ഷേ ഒടിക്കരുത്….
ആന്റണിയാവാം പക്ഷേ രമേശാവരുത്….

തുന്നല്‍ക്കാരന്റെ മറ്റ് സൂചിമുനകള്‍

കള്ളുകുടിക്കല്ലേ കളവ് പറയല്ലേ…

രാഷ്ട്രീയ ജ്യോത്സ്യം…

മന്നവേന്ദ്രാ വിളങ്ങുന്നു നിന്‍ മുഖം ചന്ദ്രപ്പനെപ്പോലെ…

ജയിച്ചാല്‍ മുഖ്യമന്ത്രി, തോറ്റാല്‍ പാര്‍ട്ടി സെക്രട്ടറി

തൊട്ടുകൂടാത്തവര്‍ തീണ്ടിക്കൂടാത്തവര്‍

കണ്ണാടി കാണ്മോളം..

അഴിമതി നടത്തേണ്ടതെങ്ങനെ? കോണ്‍ഗ്രസ് പഠന ക്യാമ്പ്

കളിയാക്കിയാല്‍ ഞാന്‍ സാറിനോട് പറഞ്ഞ് കൊടുക്കുവേ…

ചില്ലുമേടയിലിരിക്കുന്നോരെന്നെ കല്ലെറിയല്ലേ.. എന്നെ കല്ലെറിയല്ലേ…

അഴിമതിയില്ലാതെ നമുക്കെന്താഘോഷം…