Administrator
Administrator
കുഞ്ഞാലിയെ കുരുക്കിയതാര്?
Administrator
Tuesday 15th February 2011 10:54pm

സൂചിമുന / തുന്നല്‍ക്കാരന്‍

ഒന്ന്…

പണ്ട് പണ്ട് ഒരു പെങ്കൊച്ച് കൈയ്യിലൊരു കൊച്ചുമായ് വന്ന് ഇന്ത്യാവിഷന്റെ മുറ്റത്ത് നിന്ന് നിലവിളിച്ചു. ‘കുഞ്ഞാലി എന്നെ ചതിച്ചേ രക്ഷിക്കോ…രക്ഷിക്കോ’ എന്ന് . ‘അടിയന്‍ ലച്ചിപ്പോം’ എന്ന് വിളിച്ച് കൂവി ഇവിടുത്തെ സാംസ്‌കാരിക പൈതങ്ങള്‍ മുഴുവന്‍ പിന്നാലെ കൂടി.

ഫെമിനിസ്റ്റുകള്‍ നല്ലൊരു ഇര കിട്ടിയ സന്തോഷത്തില്‍ കളത്തിലിറങ്ങി. റെജീന സൂപ്പര്‍ സ്റ്റാറായി. അന്ന് സിനിമയില്‍ കത്തി നിന്ന നായികമാര്‍ റജീനയെ കണ്ട് അസൂയപ്പെട്ടു.തങ്ങളും ഐസ് ക്രീം ധാരാളം കഴിച്ചിട്ടുണ്ടെങ്കിലും ഇതുപോലെ ഒരു പ്രശസ്തി ഒരു പെങ്കൊച്ച് ചുമ്മാ കൂള്‍ കൂളായ് അടിച്ച് മാറ്റിയത് കണ്ട് സിനിമയില്‍ കാണിക്കാവുന്നതിലും അപ്പുറം ഗ്ലാമറായ് . കിം ഫലം..? റജീനയുടെ മുന്നില്‍ എല്ലാവരും ഫ്‌ളാറ്റ്.

ഒരു ദിവസം റെജീന കാലുമാറി. അജിതചേച്ചിയോട് ചോദിച്ചു: ‘താന്‍ ആരുവാടേ കൂവേ?’ എന്ന്. സാംസ്‌ക്കാരിക നായകന്മാരെ കണ്ടാല്‍ വിരട്ടാന്‍ തുടങ്ങി. രാത്രിയില്‍ എന്തൊക്കെ കാണിച്ച് കൂട്ടിയാലും സാംസ്‌ക്കാരിക നായകന്മാര്‍ ഇപ്പോഴും പകല്‍ മാന്യന്മാരാണു. കള്ളുകുടിച്ചാല്‍ ലോകത്തിലെ സകല പെണ്ണുങ്ങളും തങ്ങളുടെ ലൈനാണെന്ന് വിളിച്ചു പറയുന്ന കവികളെക്കുറിച്ച് ഈഅഭിപ്രായമില്ല.

അവളെപ്പേടിച്ചാരും ആ വഴി നടക്കാറില്ലെന്ന മട്ടിലായ് കാര്യങ്ങള്‍.. റജീന കഥയുടെ അവസാനം വില്ലത്തിയായ് മാറി. വില്ലനായ് നിന്നിരുന്ന കുഞ്ഞാലി ഐസ് ക്രീം പോലെ മാധുര്യമുള്ളവനും ലീഗ് കുട്ടികള്‍ കണ്ടാല്‍ കെട്ടിപ്പിടിച്ച് മുഖത്ത് ഉമ്മ വെക്കുകയും നക്കുകയും ചെയ്യാന്‍ തുടങ്ങി. കുഞ്ഞാലിയെ ഉമ്മവെക്കുന്ന ലീഗുകാരുടെ മുഖം ഐസ് ക്രീം തിന്ന കുട്ടികളെപ്പോലെ സന്തോഷിച്ച് തുടുത്തു.

രണ്ട്…

കുഞ്ഞാലിയെ പണ്ട് രക്ഷിച്ചത് നായനാര്‍ സാഹിബ് ആണെന്ന് അന്നൊരു കിംവദന്തി നാട്ടില്‍ പരന്നിരുന്നു. നായനാരുടെ പൊളിറ്റിക്കല്‍ സെക്രട്ടറി പി. ശശിയാണു കുഞ്ഞാലിയെ രക്ഷപ്പെടുത്തിയതെന്ന്. തന്റെ ക്യാബിനിലേക്ക് കടന്നു വന്ന കുഞ്ഞാലിക്കുട്ടിയോട് ഇറങ്ങിപ്പോകാന്‍ നായനാര്‍ പറഞ്ഞപ്പോള്‍ കുഞ്ഞാലി രക്ഷിക്കണേ തമ്പുരാനേ എന്ന മട്ടില്‍ കാലില്‍ വീഴുകയും കാലില്‍ ഇക്കിളി കൂട്ടുകയും ചെയ്യ്തു..

അപ്പോള്‍ പി. ശശി ഒരു വി.കെ.എന്‍ കഥാപാത്രത്തെപ്പോലെ ‘പാവം ഒരു ഐസ് ക്രീം തിന്നതേയുള്ളൂ.. മാപ്പ് കൊടുത്തേക്ക്, മാപ്പ് കൊടുത്തേക്ക്’ എന്ന് നായനാരുടെ ചെവിയിലോതി.. ‘ഹോ! ഐസ്‌ക്രീം ഉള്ളിടത്തല്ലേ ഐസ് ക്രീം തിന്നാന്‍ പറ്റൂ എന്ന് അറിയാവുന്ന നായനാര്‍ കുഞ്ഞാലിയോട് എണീറ്റ് വീട്ടില്‍ പോയി ബീബിടെ കൈയ്യില്‍ നിന്നും കഞ്ഞി വാങ്ങിക്കുടിക്കാന്‍ പറഞ്ഞുവെന്നുമാണു അരമന രഹസ്യമായ കഥ.

ഇപ്പോള്‍ അന്ന് കുഞ്ഞാലിയുടെ കൂടെ സഹ സംവിധാനം നിര്‍വ്വഹിച്ച റൗഫ് റഫായി. കുഞ്ഞാലിയുടെ റൂഫ് തകര്‍ക്കും എന്ന് പ്രതിജ്ഞയെടുത്ത് ആള്‍ പത്രങ്ങള്‍ക്ക് മുന്നില്‍ വന്ന് മണിമണിയായ് കാര്യങ്ങള്‍ വിളിച്ചു പറഞ്ഞു. ദോഷം പറയരുതല്ലോ റൗഫ് കുഞ്ഞാലിക്കുട്ടിയെക്കാള്‍ മാന്യവും ശുദ്ധവുമായൊരു ഭാഷ ഉപയോഗിക്കുന്നു.

മൂന്ന്…

കുഞ്ഞാലിക്കുട്ടി ലീഗിനെ ഒരു ചക്രവര്‍ത്തിയെപ്പോലെ നയിച്ച് വരികയായിരുന്നു. എന്ത് വൃത്തികേട് ചെയ്യ്താലും കൂടെ നില്‍ക്കാനും സിന്ദാബാദ് വിളിക്കാന്‍ വിളിക്കാനും വിവരമില്ലാത്ത അണികളുണ്ടെങ്കില്‍ ഏതൊരാള്‍ക്കും എവിടെയും ചക്രവര്‍ത്തിയാവാം. എന്ത് വൃത്തികേടും ചെയ്യാം.. ആരും ചോദിക്കാനുണ്ടാവില്ല.

ധാരാളം ഐസ് ക്രിം തിന്നവനു പഞ്ചസാര പിടിക്കും എന്നത് ആര്‍ക്കാണു അറിയാത്തത്..!

ചോദിക്കേണ്ട ജ്യുഡീഷ്യറി തന്നെ പണം വാങ്ങി അയാളെ സംരക്ഷിക്കും. കുഞ്ഞാലിക്കുട്ടിയുടെ വളര്‍ച്ച ലീഗിലെ പലര്‍ക്കും സഹിക്കാന്‍ കഴിയാതെ തനിക്കിട്ട് പാരവെച്ചുവെന്നാണു കുഞ്ഞാലി പറയുന്നത്.. കുഞ്ഞാലിയുടെ നോട്ടം മുനീറിലാണ്.  മുനീര്‍ കരഞ്ഞ് കാലുപിടിച്ച് ഈ ഗര്‍ഭത്തിനു ഞാനല്ല ഉത്തരവാദിയെന്ന് നിലവിളിക്കുന്നു.

പാലായില്‍ നിന്നും മാണി സാര്‍ കൊടുത്ത ഒരു പണിയെന്ന് ഇടക്ക് പലരും പറയുന്നു..പാതിരിമാരുടെ ഇഷ്ടപാത്രമായ മാണിയും പാതിരിമാരും ഇതിനു പിന്നില്‍ ഉണ്ടോ എന്നറിയാന്‍ കുറച്ച് ലീഗുകാര്‍ ജ്യോത്സ്യം വെക്കാന്‍ പാഴൂര്‍ പടിക്ക് ബെന്‍സ് വിട്ടിട്ടുണ്ട്.

ചെന്നിത്തലയും ഉമ്മന്‍ ചാണ്ടിയും ചേര്‍ന്ന് കൊടുത്ത പാരയാണോ..? രണ്ടുപേരെയും വിശ്വസിക്കാനേ പറ്റില്ല.. സംശയം ഉണ്ടെങ്കില്‍ മുരളിയോട് ചോദിച്ചാല്‍ മതി. ഇതൊരു വീട്ടുവഴക്കിന്റെ ഭാഗമാണോ ? അനിയത്തിയും ചേടത്തിയും തമ്മിലുള്ള വഴക്കിന്റെ ഭാഗമാണോ ഈ റൗഫിന്റെ വെളിപ്പെടുത്തല്‍… പെണ്ണൊരുമ്പെട്ടാല്‍  എന്ന് ഒരു ചൊല്ലു തന്നെയുണ്ടല്ലോ..!

അച്യുതാനന്ദന്‍ സഖാവിന്റെ ഓഫീസാണു ഈ പരിപാടി ചെയ്യ്തതെന്ന് യു.ഡി.എഫ് ആരോപിക്കുന്നു..  അങ്ങനെയെങ്കില്‍ അത് നല്ലൊരു കാര്യമെന്ന് കേരളത്തിലെ ജനങ്ങളും വിചാരിക്കുന്നു.. ധാരാളം ഐസ് ക്രിം തിന്നവനു പഞ്ചസാര പിടിക്കും എന്നത് ആര്‍ക്കാണു അറിയാത്തത്..!

മുറിക്കഷ്ണം…

പെണ്‍ വാണിഭത്തില്‍ പെട്ട നേതാവ്, കേസില്‍ നിന്നൂരാന്‍ പെണ്‍കുട്ടികള്‍ക്കും അത് കണ്ടു നിന്നവര്‍ക്കും കേട്ടവര്‍ക്കും ജ്യുഡീഷ്യറിക്കും നിര്‍ലോഭം പണം വാരി വിതറി ക്ലീന്‍ ഇമേജ് സൃഷ്ടിക്കുമ്പോള്‍; ജനങ്ങള്‍ ഒരു കാര്യം ഓര്‍ക്കും… ഞങ്ങളെ കട്ട് മുടിച്ച കാശാണല്ലോ പടച്ചോനേ ഇവര്‍ കൊണ്ടെ തിന്നുന്നതെന്ന്.. ആനയെപ്പോറ്റാം, എന്നു വെച്ച് ശീബേലി കാണാന്‍ വരുന്നവര്‍ക്കും വിളമ്പണമെന്ന് പറഞ്ഞാല്‍ ജനങ്ങളുടെ ആഫീസ് പൂട്ടും.

സൂചിമുന…

ജൂലിയസ് സീസറിനെ കുത്തി വീഴ്ത്തിയ ബ്രൂട്ടസിനോട് സീസര്‍ ചോദിച്ചൂ..
‘യൂ റ്റൂ ബ്രൂട്ട്… ‘ന്ന്..
കുഞ്ഞാലിക്കുട്ടിക്കും ഒരു ക്ലാസിക്ക് കീച്ച് കീച്ചാം..

‘യൂ റ്റൂ..റഫ്…’

(മുസ്ലിം ലീഗുകാര്‍ക്ക് മനസ്സിലായില്ലെങ്കില്‍ കേരളാ കോണ്‍ഗ്രസുകാരോട് ചോദിക്കുക)

തുന്നല്‍ക്കാരന്റെ മറ്റ് സൂചിമുനകള്‍

കോണ്‍ഗ്രസുകാരാ കരുണാകരനെ ആശ്വസിപ്പിക്കൂ..

കള്ളുകുടിക്കല്ലേ കളവ് പറയല്ലേ…

രാഷ്ട്രീയ ജ്യോത്സ്യം…

മന്നവേന്ദ്രാ വിളങ്ങുന്നു നിന്‍ മുഖം ചന്ദ്രപ്പനെപ്പോലെ…

ജയിച്ചാല്‍ മുഖ്യമന്ത്രി, തോറ്റാല്‍ പാര്‍ട്ടി സെക്രട്ടറി

തൊട്ടുകൂടാത്തവര്‍ തീണ്ടിക്കൂടാത്തവര്‍

കണ്ണാടി കാണ്മോളം..

അഴിമതി നടത്തേണ്ടതെങ്ങനെ? കോണ്‍ഗ്രസ് പഠന ക്യാമ്പ്

കളിയാക്കിയാല്‍ ഞാന്‍ സാറിനോട് പറഞ്ഞ് കൊടുക്കുവേ…

ചില്ലുമേടയിലിരിക്കുന്നോരെന്നെ കല്ലെറിയല്ലേ.. എന്നെ കല്ലെറിയല്ലേ…

അഴിമതിയില്ലാതെ നമുക്കെന്താഘോഷം…

Advertisement