Administrator
Administrator
കള്ളുകുടിക്കല്ലേ കളവ് പറയല്ലേ…
Administrator
Tuesday 21st December 2010 9:04pm

സൂചി മുന / തുന്നല്‍ക്കാരന്‍

ഒന്ന്…

കള്ളുകുടിയന്മാരോട് മതങ്ങള്‍ക്ക് യാതൊരു താത്പര്യവും ഇല്ല. മരിച്ച് ചെല്ലുമ്പോള്‍ സ്വര്‍ഗ്ഗത്തിന്റെ പടിക്കകത്ത് കയറ്റില്ലെന്ന് ഇപ്പോഴേ അവര്‍ അന്ത്യശാസനവും നല്‍കിയിട്ടുണ്ട്. ക്രിസ്ത്യന്‍ സഭ ധ്യാനകേന്ദ്രങ്ങളില്‍ ചികില്‍സിച്ച് മദ്യപരെ നന്നാക്കാനുള്ള ശ്രമം അനവരതം തുടരുന്നു. മുസ്ലിം സഹോദരന്മാരും ഈ പരിപാടിയെ ഹറാമായാണു കാണുന്നത്.

തുന്നല്‍ക്കാരന്‍ അടുത്തിട റോഡില്‍ വെച്ച് മഹാ കുടിയന്‍ ചാക്കോച്ചി ആഹ്ലാദത്തിമിര്‍പ്പില്‍ പാട്ടുപാടി വരുന്നത് കണ്ട് ചോദിച്ചു. ‘ചാക്കോച്ചിയേ ഇതൊക്കെ മോശമല്യയോ ?’ ചാക്കോച്ചി രൂക്ഷമായ് എന്നെ നോക്കി ഒരു കീച്ച്.. ‘എന്നതാന്നേ പറയുന്നെ.. ഞങ്ങളുടെ കര്‍ത്താവ് വീഞ്ഞ് ഉണ്ടാക്കി കല്യാണത്തിനു വന്നവരെ കുടിപ്പിച്ചിട്ടുണ്ട്.’

‘ചാക്കോച്ചീ അത് വീര്യമുള്ള വീഞ്ഞല്ല. പോഷക സമര്‍ദ്ധമായ വീഞ്ഞാണു.’ ‘അതൊക്കെ വയറ്റില്‍ കിടന്ന് വീര്യം വെച്ചോളും, സഖാവ് ചെല്ല്..’ അയാള്‍ ആടിയാടി തന്റെ സന്തോഷങ്ങള്‍ തോളില്‍ ചുമന്ന് നടന്നേ പോയി…

Ads By Google

തുന്നല്‍ക്കാരന്‍ നാട് നന്നാവാത്തതില്‍ പരിതപിച്ച് നില്‍ക്കേ മറ്റൊരു കുടിയന്‍ എന്റെ തോളില്‍ തട്ടി പറയുന്നു.. ‘അതേയ് ചെങ്ങായീ, ഇപ്പോഴേ കുടിച്ച് പടിച്ചാലേ സ്വര്‍ഗ്ഗത്തിലും നല്ല പെര്‍ഫോമന്‍സ് കാഴ്ചവെക്കാന്‍ കഴിയൂ…’
രണ്ട് ലാര്‍ജ്ജ് ഒരുമിച്ച് അടിച്ചതുപോലെ തുന്നല്‍ക്കാരന്റെ തലപെരുത്തൂ..

ശരിയാണു സ്വര്‍ഗ്ഗത്തില്‍ മദ്യമൊഴുകുന്ന നദി ദൈവം ‘ഓഫര്‍’ ചെയ്യ്തിട്ടുണ്ട്. എന്നാല്‍ ഇതുവരെ മദ്യം കഴിക്കാത്തവര്‍ സ്വര്‍ഗ്ഗത്തിലെത്തിയാല്‍ ആദ്യത്തെ സ്‌മോളില്‍ തന്നെ വാളുവെച്ച് സ്വര്‍ഗ്ഗത്തെ നാറ്റിക്കാന്‍ സാധ്യതയുണ്ട്..

തുന്നല്‍ക്കാരനു പുഞ്ചിരി അടക്കാനേ സാധിച്ചില്ല..

രണ്ട്…

മദ്യം മയക്കുമരുന്ന് ഭക്തി രതി ഇവയെല്ലാം മനുഷ്യന്‍ ഉപയോഗിക്കുന്നത് സ്വയം മറക്കാനാണെന്ന് ഓഷോയാണു പറഞ്ഞത്. ലോകത്തിലെ ദുരിതത്തില്‍ നിന്നുള്ള രക്ഷപ്പെടല്‍. ഓഷോയ്ക്ക് പലതും പറയാം അങ്ങേര്‍ക്ക് ജീവിതം ഒരു പരീക്ഷണം ആയിരുന്നു. അതുപോലെയാണോ മലയാളീസ്? തൊണ്ണൂറാമത്തെ വയസിലും സ്വന്തം ജീവിതത്തെക്കുറിച്ച് ആകുലപ്പെടുന്നവര്‍..

എല്ലാ ആഴ്ചയിലും പ്രഷറും ഷുഗറും കൊളസ്‌ടോളും ചെക്ക് ചെയ്യിച്ച്. ഡോക്ടറ് കുറിച്ച് നല്‍കുന്ന മരുന്നുകള്‍ കൃത്യമായ് വിഴുങ്ങി ടെലിവിഷന്റെ മുന്നില്‍ കുത്തിയിരുന്ന് സേവിക്കുന്ന മലയാളി. ഇത്രക്ക് രോഗബാധിതരായൊരു സമൂഹം ഇന്ത്യയില്‍ മറ്റൊരിടത്തും ഉണ്ടാവില്ല. എനിക്ക് അസുഖമൊന്നുമില്ലെന്ന് പറയുന്ന ഒരു മലയാളിയെ കാണുക എന്നതാണു തുന്നല്‍ക്കാരന്റെ ഇപ്പോഴത്തെ എറ്റവും വലിയ ആഗ്രഹം.

ബലരാമനാണു കുടിയന്മാരുടെ രാജാവ് എന്നായിരുന്നു ഇതുവരെ വിചാരിച്ചിരുന്നത്. എന്നാല്‍ അമോസ് ടുട്ടുവോളയുടെ കള്ളുകുടിയന്‍ വായിച്ചതോടെ അതിലെ കുടിയനാണു തുന്നല്‍ക്കാരനെ ഏറ്റവും ആകര്‍ഷിച്ചത്.

മദ്യത്തിന്റെ ലഹരിയിലൂടെ അതിലെ നായകന്‍ സഞ്ചരിക്കുന്ന വഴികള്‍ അത്യപൂര്‍വ്വസുന്ദരമാണു.

മദ്യം, ഇല്ലാത്തൊരു ലോകത്തെ മുന്നില്‍ കൊണ്ടുവരുന്നു. ഇല്ലായ്മയുടെ നിറവിലൊരു മഴ നനയല്‍. ഇന്ന് കേരളീയര്‍ ഈ മഴനനയലില്‍ അഭിരമിക്കുന്നു…
മലയാളികള്‍ക്ക് എന്ത് പ്രതീഷയാണുള്ളത് ?

ഉത്തരം പറയേണ്ടത് ഇടതുപക്ഷ നേതാക്കളാണു…! നിങ്ങള്‍ ഇപ്പോള്‍ നടത്തുന്ന ഉപദേശി പ്രസംഗം തികച്ചും അപഹാസ്യമാണ്…
ഈ ഉപദേശി പ്രസംഗമല്ല ആവശ്യം.. പകരം കേരളത്തിനു ഇടതുപക്ഷ സ്വപ്നങ്ങള്‍ തിരികെ നല്‍കൂ…

‘അല്ല, ഇടതുപക്ഷം കള്ള് കുടി നിര്‍ത്തുന്നവര്‍ക്ക് എന്ത് ഓഫറാവും വെച്ചിരിക്കുക..?’

വിസ്മയാ പാര്‍ക്കിലേക്ക് ഒരു ദിവസത്തെ ടൂര്‍.. വിസ്മയിപ്പിച്ച് കുടി നിര്‍ത്തുക..!

മുന്ന്…

ധ്യാനകേന്ദ്രങ്ങളില്‍ എന്താണു നടക്കുന്നത് ? എങ്ങനെയാണു മദ്യപരുടെ മദ്യപാന ശീലത്തെ അവസാനിപ്പിക്കുന്നത് ? ശാസ്ത്രീയമായാണോ ? കുടിയന്മാര്‍ തികച്ചും പാവങ്ങളാണ്. അവരെ അതിലേക്ക് നയിക്കുന്ന കാരണങ്ങളാണു പ്രധാനം. മദ്യം മാത്രമല്ല മയക്കുമരുന്നിലേക്കും മനുഷ്യന്‍ നീങ്ങുന്നത് ജീവിതത്തിന്റെ ആകുലതകളാലാണ്.
മദ്യപരെ മാത്രം ചികില്‍സിക്കേണ്ട ഒരു രോഗമല്ല ഇത്.. പകരം സമൂഹത്തിനും ചികില്‍സ ആവശ്യമുണ്ട്.

ചാക്കോ ചേട്ടനെന്ന കൃഷിക്കാരന്‍ പറഞ്ഞ കഥ

‘അതെന്നാ പറയാനാന്നേ എനിക്ക് രാവിലെ എണില്‍ക്കുമ്പോള്‍ പെമ്പ്രന്നോത്തീടെ കൈയ്യില്‍ നിന്നും ഒരു ഗ്ലാസ് കട്ടന്‍ കാപ്പി കുടിച്ച് മണ്ണിലേക്കിറങ്ങി, അന്തിയോളം പണിയെടുത്ത്, വൈകിട്ട് ഒന്ന് കുളിച്ചേച്ച്, ഷാപ്പിലെത്തി രണ്ടു കുപ്പി അല്പം കപ്പയും ചാറും കുടിച്ചേച്ച് , വീട്ടിലെത്തി പെമ്പ്രന്നോത്തിയെ കെട്ടിപ്പിടിച്ച് കിടന്നുറങ്ങുന്നതാ ജീവിതം…!’

എന്താ തുന്നല്‍ക്കാരനെ തുറിച്ച് നോക്കുന്നത് ?

ഹോ! ഇതു തന്നെയല്ലേ ആ മഹാകവി ഒമര്‍ ഖയ്യാമും പാടിയതെന്നല്ലേ ?

‘മരച്ചാര്‍ത്തിനു കീഴില്‍
ഒരു കാവ്യവും
നിറച്ച മധുചഷകവും,
ലഘുഭോജ്യവും,
പിന്നെ എന്നരികില്‍,
വിജനതയില്‍
ഗാനലോലയായി നീയും
എങ്കില്‍ പിന്നെ
ഏതു വിരസ വിജനതയും
പറുദീസയാണല്ലോ’

 

സൂചിമുന

അച്ചന്മാരുടെ പഴയ ളോഹയുണ്ടോ ളോഹയുണ്ടോ എന്ന് ആരെങ്കിലും പള്ളിമേടയിലെത്തി വിളിച്ച് ചോദിച്ചാല്‍ കൊടുത്തേക്കരുത്.. നിങ്ങള്‍ ഇപ്പോള്‍ ചെയ്യുന്ന പണി ചെയ്യാന്‍ മറ്റുപലരും നിരത്തിലിറങ്ങിയിരിക്കുന്നു…

നിങ്ങള്‍ക്ക് പണി തരാനും നിങ്ങളുടെ പണി കളയാനും.

തുന്നല്‍ക്കാരന്റെ മറ്റ് സൂചിമുനകള്‍

രാഷ്ട്രീയ ജ്യോത്സ്യം…

മന്നവേന്ദ്രാ വിളങ്ങുന്നു നിന്‍ മുഖം ചന്ദ്രപ്പനെപ്പോലെ…

ജയിച്ചാല്‍ മുഖ്യമന്ത്രി, തോറ്റാല്‍ പാര്‍ട്ടി സെക്രട്ടറി

തൊട്ടുകൂടാത്തവര്‍ തീണ്ടിക്കൂടാത്തവര്‍

കണ്ണാടി കാണ്മോളം..

അഴിമതി നടത്തേണ്ടതെങ്ങനെ? കോണ്‍ഗ്രസ് പഠന ക്യാമ്പ്

കളിയാക്കിയാല്‍ ഞാന്‍ സാറിനോട് പറഞ്ഞ് കൊടുക്കുവേ…

ചില്ലുമേടയിലിരിക്കുന്നോരെന്നെ കല്ലെറിയല്ലേ.. എന്നെ കല്ലെറിയല്ലേ…

അഴിമതിയില്ലാതെ നമുക്കെന്താഘോഷം…

Advertisement