Administrator
Administrator
ജയിച്ചാല്‍ മുഖ്യമന്ത്രി, തോറ്റാല്‍ പാര്‍ട്ടി സെക്രട്ടറി
Administrator
Wednesday 1st December 2010 8:37am

സൂചി മുന / തുന്നല്‍ക്കാരന്‍

ഒന്ന്…

‘പിണറായി വിജയനെപ്പോലെ ഒരു പാര്‍ട്ടി സെക്രട്ടറി കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ചരിത്രത്തില്‍ ഉണ്ടായിട്ടില്ല. സ്വന്തം സഖാക്കളെ പാര്‍ട്ടിയില്‍ നിന്നും ആശയത്തില്‍ നിന്നും ഇത്രയും ദൂരേക്ക് വലിച്ചെറിഞ്ഞൊരു സഖാവ് ഉണ്ടാവില്ലെ’ന്നാണു കോരന്‍ സഖാവിന്റെ അഭിപ്രായം.

കോരന്‍ സഖാവിനു തെങ്ങ് കയറ്റമാണു തൊഴില്‍. അതില്‍ അഗ്രഗണ്യന്‍. തെങ്ങിനു മുകളിലേക്ക് പറന്നു കയറുന്ന കോരന്‍ സഖാവ് ആകാശം പ്രണയിക്കുന്നുവോ ആകാശത്തെ കോരന്‍ സഖാവ് പ്രണയിക്കുന്നുവോ എന്ന് ആരും സംശയിച്ചുപോകും.

അതിനെക്കാള്‍ അതിശയിക്കും കോരന്‍ സഖാവ് പ്രത്യയശാസ്ത്ര തളപ്പിട്ട് കമ്മ്യൂണിസ്റ്റ് കേരവൃക്ഷത്തില്‍ കയറുന്നത് കണ്ടാല്‍. കോരന്‍ സഖാവിനെ കമ്മ്യൂണിസ്റ്റ് ആകാശം പ്രണയിക്കുന്നുവോ? അതോ കോരന്‍ സഖാവ് കമ്മ്യൂണിസ്റ്റ് ആകാശത്തെപ്രണയിക്കുന്നുവോ എന്ന് ഉപമിക്കാം.

എന്നാല്‍ അവര്‍ രണ്ടുപേരും തമ്മില്‍ അഗാധപ്രണയത്തിലാണെന്നു കോരന്‍ സഖാവ് സാക്ഷ്യപ്പെടുത്തും. അതുമാത്രമല്ല കമ്മ്യൂണിസ്റ്റ് തെങ്ങില്‍ നിന്നും ധാരാളം ആശയ ഇളനീര്‍ അടത്തി വെട്ടിത്തരും കോരന്‍ സഖാവ്. അത് മനസ്സും ശരീരവും തണുപ്പിക്കും.

പിണറായി വിജയന്‍ സഖാവിനു ഏറ്റവും ദുര്‍ബലമായ രാഷ്ടീയ പ്രതിയോഗികളേ ഉണ്ടായിട്ടുള്ളൂ. പാര്‍ട്ടിയുടെ മുന്‍ഗാമികള്‍ ഉണ്ടാക്കിക്കൊടുത്ത സുഖകരമായൊരു യാത്രയില്‍ അലസമായ് കസേരയില്‍ ഇരിക്കുകയേ വേണ്ടി വന്നുള്ളൂ.

സുഖകരമായ സിംഹാസനങ്ങള്‍ മുതലാളിത്തം പൃഷ്ടം ഉറപ്പിക്കുന്നവയാണു.

രണ്ട്..
.

പാര്‍ട്ടിയുടെ സജീവ പ്രവര്‍ത്തകനായ നാസര്‍ സഖാവ്. ഏത് വര്‍ഗ്ഗീയ പോസ്റ്റര്‍ കീറാനും അവിടെ കമ്മ്യൂണിസ്റ്റ് മുദ്രാവാക്യം എഴുതിയ പോസ്റ്റര്‍ ഒട്ടിക്കാനും രാത്രികളെ ഉപയോഗിച്ച ആളാണു. സഖാവിനു ഏത് പോസ്റ്റിലേക്ക് വലിഞ്ഞു കയറി ബാനര്‍ വലിച്ചുകെട്ടാനും മടിയുണ്ടായിരുന്നില്ല. അന്ന് നാസര്‍ സഖാവിന്റെ ഒപ്പമുണ്ടായിരുന്ന ഒരു സഖാവിനും ആ മടി ഉണ്ടായിരുന്നില്ല.

കപ്പ പുഴുങ്ങിയതും കട്ടന്‍ ചായയും എല്ലാവരും ചേര്‍ന്ന് അമൃതുപോലെ നുകര്‍ന്ന് കമ്മ്യൂണിസ്റ്റ് പ്രവര്‍ത്തനം നടത്തിയവര്‍. ഇപ്പോള്‍ നാസര്‍ സഖാവ് അവിടെ ഇല്ല. കൂലിക്കാരായവര്‍ അതൊക്കെ ഏറ്റെടുത്തുകഴിഞ്ഞു. പാര്‍ട്ടിക്കായ് മുദ്രാവാക്യം വിളിക്കാന്‍ കാശുകൊടുത്തെടുത്തവര്‍. ബാനര്‍ കെട്ടാനും പോസ്റ്റര്‍ എഴുതാനും കാശുകൊടുത്ത് കൊണ്ടുവരുന്നവര്‍. അത്യാവശ്യം കമ്മ്യൂണിസ്റ്റുകളെ തല്ലാന്‍ ഗുണ്ടകളും.

കോരന്‍ ചേട്ടന്‍ കട്ടന്‍ ചായ കുടിച്ച് അവിടെ തട്ടുകടയില്‍ ഇരിക്കുന്നു… ചോദിക്കാം അല്ലേ ?


ഇതൊരു ചതിവായിരുന്നു. ഇന്ന് പാര്‍ട്ടിയെ കൊണ്ടു നടക്കാന്‍ പോലും കാശ് ധാരാളം വേണം. എ.കെ.ജി സെന്ററിലെ കറന്റ് ചാര്‍ജ്ജ് പോലും ഒരു സാധാരണ സഖാവിന്റെ തല കറക്കും. പാര്‍ട്ടിയെ നയിക്കണമെങ്കില്‍ ഏറ്റവും സമര്‍ത്ഥനായൊരു സാമ്പത്തിക വിദഗ്ധനു മാത്രമേ സാധിക്കൂ.

സഖാക്കള്‍ക്ക് ഇന്ന് പിരിവുമായ് സമൂഹത്തിലേക്ക് ഇറങ്ങാന്‍ കഴിയില്ല. ജനങ്ങളുടെ പാര്‍ട്ടിയെന്ന ലേബല്‍ പിണറായി തകര്‍ത്തു. പകരം മുതലാളിമാരുടെ തഴുകല്‍ ഏറ്റു സ്വയം പുളകിതമാകുന്നൊരു അവസ്ഥ. എല്ലാ സഖാക്കള്‍ക്കും ഈ തഴുകല്‍ ആസ്വദിക്കാന്‍ കഴിയില്ല. മുതലാളിയുടെ വിരലുകള്‍ തേരട്ടകളായ് കണക്കാക്കുന്ന സഖാക്കള്‍ക്ക് പാര്‍ട്ടി സെക്രട്ടറി പരിപാടി പറ്റില്ല. അതൊക്കെ പൂവിതളായ് കരുതണം.

സാധാരണ ജനങ്ങള്‍ക്ക് പാര്‍ട്ടിയെന്നാല്‍ തൊടാന്‍ കിട്ടാത്ത ഒരപൂര്‍വ്വതയായി മാറിയിരിക്കുന്നു..
കോരന്‍ സഖാവ് കട്ടന്‍ ചായ ഒരിറക്ക് കുടിച്ച് ആസ്വദിച്ചു. പിന്നെ ദൂരേക്ക് നോക്കിയിരുന്നു..

അപ്പോള്‍ അകലെ അകലെ ആകാശത്ത് നക്ഷത്രങ്ങളൊന്നും ഉദിച്ചിരുന്നില്ല.

മുന്ന്…

ആറുമാസങ്ങള്‍ക്ക് ശേഷം…
തുന്നല്‍ക്കാരന്റെ കടയില്‍ വന്ന കോരന്‍ സഖാവിനോട് ചോദിച്ചു..
നിയമ സഭാ തെരഞ്ഞെടുപ്പില്‍ പാര്‍ട്ടി ജയിക്കുമോ സഖാവേ..?
എവിടെ ജയിക്കാന്‍? നിയമ സഭാ ഇലക്ഷനാണു ഇപ്പോള്‍ പാര്‍ട്ടിക്ക് പാര്‍ട്ടി ഇലക്ഷനെക്കാള്‍ പ്രധാനം.

തുന്നല്‍ക്കാരനു അതിശയം…
ഇത്രയും നല്ല ഭരണം നടത്തിയിട്ടും ജയിക്കില്ലെന്നോ..?
സഖാവ് ശബ്ദം കൂടുതല്‍ താഴ്ത്തി രഹസ്യമായ് മന്ത്രിച്ചു. ‘പാര്‍ട്ടി പഠിച്ചില്ലെങ്കില്‍ പാര്‍ട്ടിയെ പഠിപ്പിക്കും..’

തുന്നല്‍ക്കാരന്‍ അതിശയത്തോടെ സഖാവിനെ നോക്കേ…
കോരന്‍ സഖാവ് വീണ്ടും പറഞ്ഞൂ..

പാര്‍ട്ടിയാണു സഖാക്കള്‍ക്ക് ഏത് ഭരണത്തെക്കാള്‍ പ്രധാനം..

ഒരു പാവം വീട്ടമ്മ പറയുന്നു…

അതേയ്, എങ്ങനാ കമ്മൂണിസ്റ്റുകാര്‍ക്ക് വോട്ട് ചെയ്യുക..? ചെലപ്പോള്‍ ഇലക്ഷന്‍ കഴിയുമ്പോള്‍ അവരു ജയിച്ചാല്‍ ആ പിണറായി മുഖ്യമന്ത്രിക്കസ്സേരയില്‍ കയറി ഇരുന്നാലോ…?

‘അപ്പോള്‍ ജാനുച്ചേച്ചീ… ഉമ്മന്‍ ചാണ്ടിയാണോ അതിലും ഭേദം..?’
‘അല്ല രമണിയേ… പാര്‍ട്ടിയെ നന്നാക്കാന്‍ നമുക്കും ഒരു ഉത്തരവാദിത്തമില്ലയോ…? പാര്‍ട്ടി നന്നായാല്‍ എല്ലാം നന്നായി..!’

രമണിക്ക് ജാനു ചേച്ചി പറഞ്ഞത് മനസ്സിലായില്ല.. പക്ഷേ തലകുലുക്കി.

ഈ തലകുലുക്കല്‍ കേരളമൊട്ടാകെ നടന്നേക്കാം എന്ന് പറന്നു പോയൊരു കാറ്റിനു തോന്നി.

സൂചിമുന

എങ്ങനെ വിശ്വസിക്കാനാ,
പാര്‍ട്ടി പിണറായിയെ കാണുമ്പോള്‍ കവാത്ത് മറക്കുന്നു….

തുന്നല്‍ക്കാരന്റെ മറ്റ് സൂചിമുനകള്‍

തൊട്ടുകൂടാത്തവര്‍ തീണ്ടിക്കൂടാത്തവര്‍

കണ്ണാടി കാണ്മോളം..

അഴിമതി നടത്തേണ്ടതെങ്ങനെ? കോണ്‍ഗ്രസ് പഠന ക്യാമ്പ്

കളിയാക്കിയാല്‍ ഞാന്‍ സാറിനോട് പറഞ്ഞ് കൊടുക്കുവേ…

ചില്ലുമേടയിലിരിക്കുന്നോരെന്നെ കല്ലെറിയല്ലേ.. എന്നെ കല്ലെറിയല്ലേ…

അഴിമതിയില്ലാതെ നമുക്കെന്താഘോഷം…

Advertisement