Categories

കളിയാക്കിയാല്‍ ഞാന്‍ സാറിനോട് പറഞ്ഞ് കൊടുക്കുവേ…

സൂചിമുന / തുന്നല്‍ക്കാരന്‍

ഒന്ന്…

ചെറിയ ക്ലാസില്‍ നിഷ്‌ക്കളങ്ക ബാല്യം നിരന്തരം അവരുടെ അധ്യാപകര്‍ക്ക് തലവേദനയാവാറുണ്ട്. ‘സാറേ അവന്‍ എന്നെ നോക്കി കണ്ണുരുട്ടി’
‘കണ്ണുരുട്ടിയോടാ രാമാ നീ’? എന്ന് അധ്യാപകന്‍.
‘ഇല്ല സാറെ ഞാന്‍ ചുമ്മാ അവനെ ഒന്ന് നോക്കീതേ ഉള്ളൂ..’
‘അല്ല സാറേ സത്യമായിട്ടും അവന്‍ അവന്റെ ഉണ്ടക്കണ്ണുകൊണ്ട് എന്നെ കളിയാക്കി നോക്കിച്ചിരിച്ചു..’
അധ്യാപകന്‍ സരസനാണെങ്കില്‍ ഈ തമാശ ആസ്വദിച്ച് ചിരിച്ചിട്ടുണ്ടാകും. അല്ലെങ്കില്‍ രണ്ട് കുഞ്ഞ് തല്ല് രണ്ട് വഴക്കാളികളുടെയും ചന്തിക്ക് നോവിക്കാതെ പ്രയോഗിച്ചിട്ടുണ്ടാകും.

ആലോചിക്കുമ്പോള്‍ വളരെ നിസാരമെന്ന് തോന്നാവുന്ന ഈ കാര്യങ്ങളാണു ജീവിതത്തിന്റെ ഓര്‍മ്മത്തുന്നലുകളില്‍ ഏറ്റവും മനോഹരമായിത്തീരുന്നത്.
അത് മനോഹരമാകുന്നത് ബാല്യം നിഷ്‌ക്കളങ്കമാണെന്നതും അവര്‍ തങ്ങളുടെ വഴക്ക് രാജിയാക്കാന്‍ എത്തുന്നത് അധ്യാപകന്റെ, അവര്‍ വളരെ ബഹുമാനിക്കുന്ന ആളുടെ അടുത്താണെന്നതുമാണു.

രണ്ട്…

കേരളത്തില്‍ ഒരു നവാബ് രാജേന്ദ്രന്‍ ഉണ്ടായിരുന്നു. കോടതി മുറികളില്‍ കയറി നിരന്തം കരുണാകരന്‍ എന്ന രാഷ്ട്രീയ നേതാവിനെ നുള്ളിയിരുന്നവന്‍. കരുണാകരന്റെ പോലീസ് അടിച്ച് നുറുക്കാത്ത ഒരു എല്ലോ ഇടിച്ച് പറിക്കാത്ത ഒരു പല്ലോ ആളുടെ ദേഹത്തിലായിരുന്നു.

മുന്‍ വരിയില്‍ പല്ലില്ലാത്ത നവാബ് രാജേന്ദ്രന്‍ ഒരു ശിശുവിനെപ്പോലെ കേരളത്തെ നോക്കിച്ചിരിച്ചു. അദ്ദേഹം കേരളത്തെ സംരക്ഷിക്കാന്‍ നിരന്തരം ഉണര്‍ന്നിരുന്ന ഒരു കാവല്‍ നായ എന്നുപോലും വിശേഷിപ്പിക്കാം. നായ കള്ളനെ നോക്കി കുരക്കുന്നതുപോലെ കരുണാകരനു നേരേ അദ്ദേഹം കുരച്ചുകൊണ്ടിരുന്നു. ഈ മനുഷ്യനെ ശ്രദ്ധിക്കണം എന്ന് നവാബ് നിരന്തരം കേരളത്തെ ഓര്‍മ്മപ്പെടുത്തുകയായിരുന്നു.. ഏത് പ്രതിപക്ഷ പ്രവര്‍ത്തനത്തെക്കാള്‍ നവാബ് ഈ രാഷ്ട്രീയ നേതാവിനെ ശല്യപ്പെടുത്തിക്കൊണ്ടിരുന്നു..

ഇന്ന് നവാബ് നമുക്കൊപ്പമില്ല. അദ്ദേഹം മരണത്തിലൂടെ പറന്ന് പോയി. തന്റെ ശരീരം കീറിമുറിച്ച് പഠിക്കാന്‍ മെഡിക്കല്‍ കോളേജിനു നല്‍കി. ഇത്തരം മനുഷ്യരാണു യഥാര്‍ത്ഥ മനുഷ്യസ്‌നേഹികള്‍ ! അവര്‍ മരിച്ചാലും അവരുടെ കുര അശരീരി പോലെ മുഴങ്ങിക്കൊണ്ടിരിക്കും.

ഒരു ഭരണകൂട ഭീകരതക്കും അവരെ അവസാനിപ്പിക്കാന്‍ സാധിക്കില്ല !

മുന്ന്…

കമ്മ്യൂണിസ്റ്റുകള്‍ പോലീസുകാരെ ഒട്ടും ബഹുമാനിക്കുന്നവര്‍ അല്ല. ഭരണകൂട ഭീകരതയുടെ കൈയ്യും കാലുമാണവര്‍ എന്ന് സഖാക്കള്‍ക്ക് അറിയാം. ‘പോലീസില്‍ പോകും’ എന്ന് പറഞ്ഞാല്‍ അതിനര്‍ത്ഥം അവന്‍ ഒരു കോണ്‍ഗ്രസ് ആണെന്നാണു.

ഒരു മനുഷ്യനെ ‘കോണ്‍ഗ്രസുകാരാ’ എന്ന് ചുമ്മാ വിളിച്ചാല്‍ ആത്മാഭിമാനിയാണെങ്കില്‍ അയാള്‍ ഒന്നെങ്കില്‍ അവിടെ നിന്നും ഓടിരക്ഷപ്പെടുകയോ അല്ലെങ്കില്‍ വിളിച്ചവന്റെ തന്തക്ക് വിളിക്കുകയോ ചെയ്യും. അതിനൊരു കാരണം കോണ്‍ഗ്രസിന്റെ ഈ പ്രവര്‍ത്തനങ്ങളുമാവാം. അധികാരം ലഭിച്ചാല്‍ പോലീസിനെ അവര്‍ നിരന്തരം ഉപയോഗിച്ചുകൊണ്ടിരിക്കും. കോണ്‍ഗ്രസ് ഭരണത്തിലെത്തിയാല്‍ ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകരുടെ നെഞ്ച് കലങ്ങിക്കൊണ്ടേയിരിക്കും. സ്വന്തമായ് ഒരിടി ഒരു സഖാവിനെ ഇടിക്കാന്‍ കഴിയാത്ത ശൗര്യം മുഴുവന്‍ അധികാരത്തില്‍ എത്തുമ്പോള്‍ കോണ്‍ഗ്രസ് ഇങ്ങനെ ചെയ്യ്തു തീര്‍ക്കും.

മുറിക്കഷ്ണം…

ഒരു അധ്യാപകന്റെ കൈ വെട്ടിയതോടെ ഇസ്ലാമികതയെക്കുറിച്ച് (നല്ലതോ കെട്ടതോ ) സംസാരിക്കുന്നതിനു മുന്നെ പലരും സ്വന്തം ഓമന മുഖവും കൈകളും നോക്കി നെടുവീര്‍പ്പിടുകയും ‘ഐ ലൗ യു, ഡാ ‘ എന്ന് നിശ്വസിച്ച് പേന താഴെവെച്ച് മനോരമയോ മംഗളമോ വായിക്കുന്നു.

ഇപ്പോള്‍ പിണറായി വിജയന്‍ എന്ന സഖാവിനെക്കുറിച്ച് എന്തെങ്കിലും പറയുന്നതിനു മുന്നെ പലരും ഇതുപോലെ തന്നെ വിറക്കുന്നു. ഫോര്‍വേര്‍ഡ് എന്ന ഒരു വാക്ക് ഓര്‍ക്കുമ്പോള്‍ തന്നെ പലരും കമ്പ്യൂട്ടര്‍ ഓണ്‍ ചെയ്യുന്നതേ ഇല്ല. കമ്പ്യൂട്ടറിനെതിരെ ഇങ്ങനെയും സമരം ചെയ്യാം എന്ന് പഠിപ്പിച്ച നേതാവിന്റെ വീരചരിതങ്ങള്‍ പാടി നടക്കുന്നു പാണന്മാര്‍…

പൊട്ടിപ്പോയൊരു വര്‍ണ്ണ ബട്ടന്‍സ് പഴി പറയുന്നു..

ഭംഗിയുള്ളൊരു ഫ്രോര്‍ക്കില്‍ എന്നെ തുന്നിച്ചേര്‍ക്കവേ ആ സൂചി മുന എന്നെ കുത്തിപ്പൊട്ടിച്ചൂ… നൂലിനോടാണു പരാതി.. സൂചിത്തുളയില്‍ കടന്നു കയറാതെ ആ ചോന്ന നൂല് സൂചിമുനയെ ചോദ്യം ചെയ്യ്തൂ..

സൂചിമുനക്ക് പറയാനുള്ളത്..

പണ്ട് പണ്ട് വൈക്കം മുഹമ്മദ് ബഷീര്‍ എന്നൊരു സുല്‍ത്താന്‍ ഒരു കഥയെഴുതി. വിശ്വവിഖ്യാതമായ മൂക്ക് ! ഒരു വിദ്വാന്റെ മൂക്ക് വളര്‍ന്നു വളര്‍ന്ന് വന്നപ്പോള്‍ ജനങ്ങള്‍ക്ക് സംശയം ഇത് ഒര്‍ജിനലോ ഡ്യൂപ്ലീക്കെറ്റോ എന്ന്. അവസാനം അണ്ഡകടാഹം ഉണ്ടായ ‘ഇമ്മിണി ബല്യ പൊട്ടിത്തെറി’ പരീക്ഷണം പോലെ ഒരു പരീക്ഷണം നടത്തപ്പെട്ടു. മൂക്കന്റെ തുമ്പത്ത് സൂചികൊണ്ട് ഒരു കുത്ത്.. ചോര വന്നൂ.. ഒര്‍ജിനല്‍ മൂക്ക് എന്ന് പരീക്ഷണക്കമ്മറ്റി വിധിയെഴുതി..

അതിനാല്‍ നൂലേ ഞാന്‍ ഓരോ ബട്ടന്‍സ് തുന്നുമ്പോഴും ഞാന്‍ അത് ഒര്‍ജിനല്‍ ആണോ എന്ന് അറിയാന്‍ കുത്തിനോക്കാറുണ്ട്. ബലമില്ലാത്ത ബട്ടന്‍സ് തുന്നിച്ചേര്‍ത്താല്‍ നമ്മുടെ ഫ്രോക്കിന്റെ അഭിമാനം നഷ്ടമായാലോ…

ചുവന്ന നൂലും സൂചിയും തമ്മിലുള്ള തര്‍ക്കം പരിഹരിക്കപ്പെട്ടു…!

സൂചിമുന

എല്‍.കെ.ജിയില്‍ പഠിക്കുന്ന രമ്യക്കുട്ടി അതേ ക്ലാസിലെ വിഷ്ണു നായരെ ‘ഉണ്ടക്കണ്ണാ ‘എന്ന് വിളിക്കുകയും. അവന്‍ പോയി മാഡത്തോട് പരാതി പറയുകയും ചെയ്തു. അപ്പോള്‍ രമ്യക്കുട്ടിയുടെ കമന്റ്..

‘എന്താടാ ചെക്കാ പിണറായി മാമന് പഠിക്കുന്നോ .?’

Tagged with:

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.