എഡിറ്റര്‍
എഡിറ്റര്‍
വിവരാവകാശനിയമം ബാധകമാക്കുന്നതിനെതിരെ രാഷ്രീയ പാര്‍ട്ടികള്‍
എഡിറ്റര്‍
Sunday 23rd September 2012 12:20pm

ന്യൂദല്‍ഹി: വിവരാവകാശ നിയമത്തിന് കീഴില്‍ രാഷ്ട്രീയ പാര്‍ട്ടികളെ ഉള്‍പ്പെടുത്തുന്നതിനെതിരെ പ്രമുഖ പാര്‍ട്ടികള്‍ രംഗത്ത്. സി.പി.ഐ.എമ്മും കോണ്‍ഗ്രസും ബി.ജെ.പിയും ഉള്‍പ്പെടുന്ന പാര്‍ട്ടികളാണ് വിഷയത്തില്‍ എതിര്‍പ്പുമായി രംഗത്തെത്തിയത്.

Ads By Google

നിയമത്തില്‍ പാര്‍ട്ടി ഉള്‍പ്പെടില്ലെന്ന് കാണിച്ച് സി.പി.ഐ.എം കേന്ദ്ര വിവരാവകാശ കമ്മീഷന് കത്ത് നല്‍കി. എന്നാല്‍ നിയമപ്രകാരം പൊതു സ്ഥാപനമാണ് പാര്‍ട്ടിയെന്നും അതിനാല്‍ തന്നെ വിവരങ്ങള്‍ അനുവദിക്കാമെന്നുമാണ് സി.പി.ഐയുടെ വാദം എന്നാണ് അറിയുന്നത്.

വിവരാവകാശ നിയമം കൊണ്ടുവന്നത് യു.പി.എ ആണെങ്കിലും പാര്‍ട്ടി കാര്യങ്ങളില്‍ നിയമം നടപ്പിലാക്കുന്നതിനോട് കോണ്‍ഗ്രസിനും യോജിപ്പില്ല. നിയമം രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് ബാധകമല്ലെന്ന് കാണിച്ച് എ.ഐ.സി.സി ട്രഷറര്‍ മറുപടി നല്‍കിയിട്ടുണ്ട്. അതേസമയം ബി.ജെ.പിയും ബി.എസ്.പിയും വിവരാവകാശം സംബന്ധിച്ച് അപേക്ഷകള്‍ ഗൗനിക്കുന്നുപോലുമില്ല.

രാഷ്ട്രീയപാര്‍ട്ടികള്‍ക്ക് വിവരാവകാശ നിയമം ബാധകമാക്കണമെന്ന ഹരജിയിന്‍മേല്‍ വാദം കേള്‍ക്കാന്‍ നേരിട്ട് ഹാജരാവണമെന്ന് വിവരാവകാശ കമ്മീഷന്‍ ആവശ്യപ്പെട്ടെങ്കിലും സി.പി.ഐ.എമ്മിന്റെ പ്രതിനിധി ഹാജരായിട്ടില്ല.

നികുതി ഇളവും ഓഫീസ് കെട്ടിടത്തിനായുള്ള സ്ഥലവും സര്‍ക്കാര്‍ ആനുകൂല്യങ്ങളും കൈപ്പറ്റുന്ന രാഷ്ട്രീയ പാര്‍ട്ടികള്‍ നിയമത്തിന് കീഴില്‍ വരുമെന്ന ഹരജിയാണ് കമ്മീഷന്‍ പരിഗണിക്കുന്നത്. രാജ്യത്തെ പ്രമുഖ രാഷ്ട്രീയ പാര്‍ട്ടികളെല്ലാം ഇതിനെ എതിര്‍ക്കുന്ന സാഹചര്യത്തില്‍ വിവരാവകാശ കമ്മീഷന്‍ ഇനി എന്ത് നടപടി കൈക്കൊള്ളുമെന്ന് കാത്തിരുന്നു കാണാം.

Advertisement