ഏതന്‍സ് : ചാനല്‍ ചര്‍ച്ചക്കിടെ പാര്‍ലമെന്റ് അംഗം എതിര്‍ പാര്‍ട്ടിയിലെ വനിതാ നേതാക്കളെ ആക്രമിച്ചു. ഗ്രീസിലെ തീവ്ര വലതു പക്ഷ പാര്‍ട്ടിയായ നവനാസി രാഷ്ട്രീയ പാര്‍ട്ടിയുടെ പാര്‍ലമെന്റംഗമായ ഇല്യാസ് കസിഡിയാറിസാണ് രാജ്യത്തെ കമ്യൂണിസ്റ്റ് പാര്‍ട്ടി അംഗങ്ങളായ വനിതകളെ മുഖത്തടിച്ചും മുഖത്ത് വെള്ളമൊഴിച്ചും ആക്രമിച്ചത്.

ഈ മാസം പകുതിയോടെ വരുന്ന തിരഞ്ഞെടുപ്പിന്റെ ചര്‍ച്ചക്കിടെയായിരുന്നു സംഭവം. ചര്‍ച്ചക്കിടയില്‍ 2007 ല്‍ നടന്ന ആയുധ ഇടപാടില്‍ കസിഡിയാറിസ് ആരോപണവിധേയനാണെന്ന കമ്മ്യൂണിസ്റ്റ് നേതാക്കളുടെ പരാമര്‍ശമാണ് പാര്‍ലമെന്റ് അംഗത്തെ പ്രകോപിതനാക്കിയത്. ചാനല്‍ അവതാരകന്‍ നോക്കി നില്‍ക്കെയായിരുന്നു ആക്രമണം.

ആദ്യം മേശപ്പുറത്തുണ്ടായിരുന്ന ഗ്ലാസ് വെള്ളമെടുത്ത് വനിതാ നേതാവിന്റെ മുഖത്തൊഴിക്കുകയായിരുന്നു. ഇത് എതിര്‍ത്ത മറ്റൊരു നേതാവായ ലിയാനോ കെന്നെല്ലിക്ക് മുഖത്തടിയേല്‍ക്കുകയായിരുന്നു.

തിരഞ്ഞെടുപ്പ് അടുത്തു നില്‍ക്കുന്ന സമയത്ത് കസിഡിയാറിസിന്റെ പരാക്രമം പാര്‍ട്ടിക്ക് തലവേദനയാകുമെന്ന കാര്യത്തില്‍ സംശയമില്ല. ഇദ്ദേഹത്തിന്റെ ജയില്‍ വാസം ഏതാണ്ട് ഉറപ്പായിരിക്കുകയാണ്.