എഡിറ്റര്‍
എഡിറ്റര്‍
പ്ലീനത്തിന് ശേഷം രാഷ്ട്രീയമാറ്റങ്ങള്‍ ഉണ്ടാകും: എ.കെ ബാലന്‍
എഡിറ്റര്‍
Monday 18th November 2013 6:52am

a.k-balan

തിരുവനന്തപുരം: സി.പി.ഐ.എം പാര്‍ട്ടി പ്ലീനത്തിന് ശേഷം കേരളത്തിലെ രാഷ്ട്രീയരംഗത്ത് മാറ്റങ്ങള്‍ സംഭവിക്കുമെന്ന് സ്വാഗതസംഘം ചെയര്‍മാന്‍ കൂടിയായ എം. കെ ബാലന്‍.

സാമ്പത്തിക ബദലിനെക്കുറിച്ചുള്ള സെമിനാര്‍ കണക്കിലെടുത്താണ് ധനമന്ത്രി കെ.എം മാണിയെ ക്ഷണിച്ചത്. എന്നാല്‍ ഗാഡ്ഗില്‍, കസ്തൂരി രംഗന്‍ റിപ്പോര്‍ട്ടുകള്‍ക്കെതിരെയുള്ള ഇടതുസമരത്തില്‍ പങ്ക് ചേരുമെന്ന അദ്ദേഹത്തിന്റെ പ്രസ്താവന പല സൂചനകളും നല്‍കുന്നതാണ്. അദ്ദേഹം പറഞ്ഞു.

പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദന്‍  ഉന്നയിച്ച സംഘടനാപ്രശ്‌നങ്ങള്‍ നേരത്തെ തന്നെ പാര്‍ട്ടി ചര്‍ച്ച ചെയ്ത് തള്ളിയതിനാല്‍ പ്ലീനത്തില്‍ ചര്‍ച്ച ചെയ്യില്ല.

പാര്‍ട്ടി നിലപാടുകളെ ചോദ്യം ചെയ്തുകൊണ്ട് വി.എസ് പലപ്പോഴും പരസ്യമായും രഹസ്യമായും  രംഗത്ത് വന്നിട്ടുണ്ട്. എന്നാല്‍ ഇതൊക്കെ പൊളിറ്റ് ബ്യൂറോയും കേന്ദ്രക്കമ്മറ്റിയും ചര്‍ച്ച ചെയ്ത് തള്ളിയതാണ്.

ലാവ്‌ലിന്‍ കേസില്‍ പിണറായി വിജയനെ കുറ്റവിമുക്തനാക്കിയ കോടതി വിധിയോടുള്ള അദ്ദേഹത്തിന്റെ പ്രതികരണം പാര്‍ട്ടിയ്ക്ക് മനോഹരമായ സന്ദേശമാണ് നല്‍കിയിയിരിക്കുന്നത്. കോടതി വിധി വന്ന സാഹചര്യത്തില്‍ മുന്‍കാല നിലപാടുകള്‍ അപ്രസക്തമാണെന്ന് അദ്ദേഹം പറഞ്ഞിരുന്നു.

സംസ്ഥാന സെക്രട്ടറി പിണറായി വിജയന്റെയോ പ്രതിപക്ഷനേതാവ് വി.എസ് അച്യുതാനന്ദന്റെയോ പദവികള്‍ മാറ്റുന്നതിന് വേണ്ടിയല്ല സി.പി.ഐ.എം സംസ്ഥാന പ്ലീനം സംഘടിപ്പിച്ചിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. മറിച്ചുള്ള വാര്‍ത്തകള്‍ അടിസ്ഥാനരഹിതമാണ്.

സംഘടനാ ദൗര്‍ബല്യങ്ങള്‍ പരിഹരിക്കുകയാണ് പ്രധാന ലക്ഷ്യം. സംഘടനാ പ്രശ്‌നങ്ങള്‍ക്ക് ഒരു പ്രധാന കാരണം വിഭാഗീയതയായിരുന്നു എന്നാല്‍ ഇപ്പോള്‍ അത് ഇല്ലാതായെന്നും അദ്ദേഹം പറഞ്ഞു. മുഖം നോക്കാതെ നടപടിയെടുക്കാന്‍ ഇത് സഹായിക്കും.

ഇതുവരെ വിഭാഗീയതയുടെ മറ പിടിച്ച് പ്രവര്‍ത്തനവീഴ്ചകളില്‍ നിന്ന് പോലും സഖാക്കള്‍ രക്ഷപെട്ടിട്ടുണ്ട്. ഇനി മുതല്‍ വീഴ്ചകള്‍ തുടരുന്നവര്‍ക്ക് സ്ഥാനങ്ങള്‍ ഉണ്ടാകില്ലെന്ന് പ്ലീനം മുന്നറിയിപ്പ് നല്‍കും.

മദ്യത്തിന് അടിപ്പെട്ട പാര്‍ട്ടി പ്രവര്‍ത്തകരുണ്ട്. താക്കീത് നല്‍കിയിട്ടും തിരുത്താന്‍ തയ്യാറാകാത്തവരെ ഒഴിവാക്കും. റിയല്‍ എസ്റ്റേറ്റ്, ബ്ലേഡ് മാഫിയ. അനാചാരങ്ങള്‍ തുടങ്ങിയവയുമായി ബന്ധമുള്ളവര്‍ക്കും ഇനി മുതല്‍ പാര്‍ട്ടിയില്‍ സ്ഥാനമാനങ്ങള്‍ ഉണ്ടാവില്ല.

കഴിഞ്ഞ സംസ്ഥാനസമ്മേളനം തുടങ്ങിവെച്ച സംഘടനാ ശുദ്ധീകരണം പൂര്‍ണതയിലെത്തിക്കാനുള്ള ശ്രമമാണിത്.

Advertisement