കൊട്ടാരക്കര: വാളകത്ത് അക്രമിക്കപ്പെട്ട് ആശുപത്രിയില്‍ കഴിയുന്ന സ്‌കൂള്‍ അധ്യാപകന്‍ കൃഷ്ണകുമാറിനെ തല്‍ക്കാലം പോളിഗ്രാഫ് ടെസ്റ്റിന് വിധേയനാക്കില്ലെന്ന് ഡി.ജി.പി. അധ്യാപകനെ പോളിഗ്രാഫ് ടെസ്റ്റിന് വിധേയമാക്കുന്നതിനെക്കുറിച്ച് അന്വേഷണ ഉദ്യോഗസ്ഥര്‍ നേരത്തെ ആലോചിച്ചിരുന്നു.

അധ്യാപകന്റെ മൊഴികളിലെ വൈരുദ്ധ്യത്തെത്തുടര്‍ന്നാണ് പോളിഗ്രാഫ് ടെസ്റ്റ് നടത്തുന്നതിനെക്കുറിച്ച് ആലോചിച്ചത്. അധ്യാപകന്‍ ആരോഗ്യവാനാണെന്ന് ഡോക്ടര്‍മാര്‍ സ്ഥിരീകരിക്കുന്ന മുറയ്ക്ക് അദ്ദേഹത്തെ കസ്റ്റഡിയിലെടുക്കാനായിരുന്നു നീക്കം. എന്നാല്‍ നുണപരിശോധന തല്‍ക്കാലം വേണ്ടെന്ന് ഡി.ജി.പി തീരുമാനിക്കുകയായിരുന്നു.

Subscribe Us:

ആക്രമണം നടന്ന ദിവസം കടയ്ക്കലില്‍ പോയിട്ടില്ലെന്നായിരുന്നു അധ്യാപകന്റെ മൊഴി. എന്നാല്‍ അധ്യാപകന്‍ തന്നെ കാണാനായി കടയ്ക്കലില്‍ വന്നിരുന്നെന്ന് പോലീസ് ചോദ്യം ചെയ്യലിനിടെ ജോത്സ്യന്‍ ശ്രീകുമാര്‍ വ്യക്തമാക്കിയിരുന്നു. കൃഷ്ണകുമാറിനെ തന്റെ മകന്‍ ജംങ്ഷന്‍വരെ കൊണ്ടുവിട്ടെന്നും ജോത്സ്യന്‍ പറഞ്ഞിരുന്നു. ഈ മൊഴി ശരിവെക്കുന്ന തരത്തിലായിരുന്നു മകനും പോലീസിനോട് പറഞ്ഞത്. ഇതേതുടര്‍ന്ന് മൊബൈല്‍ ടവര്‍ കേന്ദ്രീകരിച്ചു നടന്ന അന്വേഷണത്തില്‍ കൃഷ്ണകുമാര്‍ കടയ്ക്കലില്‍ പോയതായി വ്യക്തമായിട്ടുണ്ട്.

എന്നാല്‍ ആശുപത്രിയില്‍ വച്ച് ചോദ്യം ചെയ്ത മജിസ്‌ട്രേറ്റിനും പോലീസിനും ലഭിച്ച അധ്യാപകന്റെ മൊഴിയില്‍ വൈരുദ്ധ്യമുണ്ടായിരുന്നു. അധ്യാപകനെ സന്ദര്‍ശിച്ച രാഷ്ട്രീയ പ്രവര്‍ത്തകരോട് പറഞ്ഞത് ഇതില്‍ നിന്നും വ്യത്യസ്തമായ കാര്യങ്ങളാണ്.