കൊല്ലം: സംസ്ഥാനത്ത് പോലീസ്-മണല്‍ മാഫിയ ബന്ധം ശക്തമെന്ന് ഇന്റലിജന്‍സ് റിപ്പോര്‍ട്ട്. തെക്കന്‍ ജില്ലകളില്‍ മണല്‍ മാഫിയയുടെ സ്വാധീനം ശക്തമാണെന്നും റിപ്പോര്‍ട്ടിലുണ്ട്.

Ads By Google

മണല്‍ മാഫിയയുമായി ബന്ധമുണ്ടെന്ന ഇന്റലിജന്‍സ് റിപ്പോര്‍ട്ടിനെ തുടര്‍ന്ന് കൊല്ലം റൂറല്‍ എസ്.പി കെ.ബി ബാലചന്ദ്രനെ കഴിഞ്ഞ ദിവസം സ്ഥലം മാറ്റിയിരുന്നു.

ആഭ്യന്തര വകുപ്പിന്റെ നിര്‍ദേശത്തെ തുടര്‍ന്നാണ് ബാലചന്ദ്രനെ സ്ഥലംമാറ്റിയത്. കൊല്ലം റൂറല്‍ പോലീസിന്റെ പരിധിയില്‍ മണലൂറ്റ്‌ വ്യാപകമായെന്ന പരാതിയെ തുടര്‍ന്നാണ് അന്വേഷണം നടത്തിയത്.

മണല്‍ മാഫിയയ്ക്ക് എസ്.പി ഒത്താശ ചെയ്തുകൊടുക്കുന്നെന്നായിരുന്നു പരാതി. അനധികൃത സ്വത്ത് സമ്പാദനം ഉള്‍പ്പെടെ ഗുരുതരമായ പരാമര്‍ശങ്ങള്‍ അന്വേഷണ റിപ്പോര്‍ട്ടിലുണ്ട്.

പോലീസ്-മണല്‍മാഫിയ ബന്ധം വ്യക്തമാക്കുന്ന ഇന്റലിജന്‍സ്-എ.ഡി.ജി.പി റിപ്പോര്‍ട്ട് ഡി.ജി.പിയ്ക്ക് കൈമാറി. മണല്‍മാഫിയയെ നേരിടുന്ന കൊല്ലം സിറ്റി പോലീസ് കമ്മീഷണറെ വധിക്കാന്‍ ശ്രമിച്ചുവെന്ന കഴിഞ്ഞ ദിവസം പോലീസ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നു.

കമ്മീഷണറെ വധിക്കാന്‍ ശ്രമിച്ചെന്നത് അന്വേഷിക്കുമെന്ന് ആഭ്യന്തര മന്ത്രി തിരുവഞ്ചൂരും വ്യക്തമാക്കിയിരുന്നു. കൊല്ലം ജില്ലയിലെ ക്രമസമാധാന നില തന്നെ തകരാറിലായതായും റിപ്പോര്‍ട്ടിലുണ്ട്. കൊല്ലം, ആലപ്പുഴ ജില്ലകളിലെ നാല് ഡി.വൈ.എസ്.പിമാര്‍ക്ക് മണല്‍മാഫിയയുമായി അടുത്ത ബന്ധമുള്ളതായും ഇന്റലിജന്‍സ് വ്യക്തമാക്കുന്നു.

കൊല്ലത്തേയും ആലപ്പുഴയിലേയും നിരവധി ഉദ്യോഗസ്ഥരുടെ ഫോണ്‍ പോലീസ് നിരീക്ഷണത്തിലാണ്.