കൊച്ചി: പറവൂര്‍ പെണ്‍വാണിഭക്കേസില്‍ എട്ട് കുറ്റപത്രങ്ങള്‍ കൂടി അന്വേഷണ സംഘം ഉടന്‍ സമര്‍പ്പിക്കും. ഇതിനുള്ള തയ്യാറെടുപ്പുകള്‍ അവസാനഘട്ടത്തിലാണെന്ന് പോലീസ് അറിയിച്ചു.

കേസില്‍ 12 കുറ്റപത്രങ്ങള്‍ ഇതിനകം തന്നെ പോലീസ് സമര്‍പ്പിച്ചിട്ടുണ്ട്. 20ഓളം പ്രതികള്‍ ഉള്‍പ്പെടുന്ന 8 കുറ്റപത്രങ്ങള്‍ ഉടന്‍ സമര്‍പ്പിക്കും.

Ads By Google

സദാചാര പോലീസ് ചമഞ്ഞ് ഒരു സംഘം പെണ്‍കുട്ടിയെയും ഇടനിലക്കാരിയെയും പീഡിപ്പിച്ച സംഭവം, സി.പി.ഐ.എം മുന്‍ ലോക്കല്‍ സെക്രട്ടറി തോമസ് വര്‍ഗീസ്, തൊഴിലാളി സംഘടനാ നേതാവ് എല്‍ദോ കെ മാത്യു, സിനിമാ സംവിധായകന്‍ ജസ്പാല്‍ തുടങ്ങിയവര്‍ പ്രതികളായ കേസുകള്‍ ഇതില്‍പ്പെടും.

കേസുമായി ബന്ധപ്പെട്ട് തമിഴ്‌നാട് പോലീസിലെ സി.ഐ ശക്തിവേല്‍, ചെന്നൈ സ്വദേശിയായ സിനിമാ നിര്‍മാതാവ്, വിദേശ മലയാളികള്‍ എന്നിവരുള്‍പ്പെടെ 20 പ്രതികളെ ഇനിയും കണ്ടെത്താനുണ്ട്. ഇവര്‍ക്കായുള്ള തിരച്ചില്‍ പുരോഗമിക്കുകയാണ്.

പറവൂര്‍ കേസിലെ ഒന്നാം പ്രതിയും പീഡനത്തിനിരയായ പെണ്‍കുട്ടിയുടെ പിതാവുമായ പറവൂര്‍ വാണിയക്കാട് ചൗതി പറമ്പില്‍ സുധീറിന് കോടതി ജീവപര്യന്തം ശിക്ഷ വിധിച്ചിരുന്നു.

ഇരുന്നൂറിലധികം പേര്‍ പ്രതികളായ പറവൂര്‍ പെണ്‍വാണിഭക്കേസില്‍ ആകെ 48 കുറ്റപത്രങ്ങളാണുള്ളത്. ഇതില്‍  ഇരുപതോളം കുറ്റപത്രങ്ങളാണ് ക്രൈംബ്രാഞ്ച് സമര്‍പ്പിച്ചിരിക്കുന്നത്. ഇതില്‍ ആദ്യകുറ്റപത്രം പരിശോധിച്ചതില്‍ നിന്നാണ് സുധീര്‍ കുറ്റക്കാരനെന്ന് കോടതി വിധിച്ചത്.