എഡിറ്റര്‍
എഡിറ്റര്‍
ബിജുവിന്റെ പ്രതികരണം ആരാഞ്ഞ മാധ്യമപ്രവര്‍ത്തകന് പോലീസ് മര്‍ദ്ദനം
എഡിറ്റര്‍
Wednesday 20th November 2013 11:14am

biju23

കൊല്ലം: സോളാര്‍ കേസിലെ പ്രതി ബിജു രാധാകൃഷ്ണനോട് പ്രതികരണം ആരാഞ്ഞ മാധ്യമപ്രവര്‍ത്തകര്‍ക്ക് നേരെ പോലീസിന്റെ ബലപ്രയോഗം.

രശ്മി വധക്കേസില്‍ ബിജു രാധാകൃഷ്ണനെ ഹാജരാക്കിയപ്പോള്‍  ബിജുവിന്റെ പ്രതികരണം ആരാഞ്ഞ പ്രാദേശിക ചാനലിന്റെ ക്യാമറാമാന്‍ ജയമോഹന്‍ തമ്പിക്ക്  പൊലീസിന്റെ ചവിട്ടേറ്റു.

സോളാര്‍ കേസില്‍ മാധ്യമപ്രവര്‍ത്തകര്‍ ബിജുവിന്റെ പ്രതികരണം എടുക്കുന്നത് തടയാന്‍ രണ്ടു സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍മാര്‍ ഉള്‍പ്പെടെ അറുപതോളം പൊലീസുകാരെയാണ് കോടതി പരിസരത്ത് വിന്യസിച്ചിരുന്നത്.

മറ്റു മാധ്യമപ്രവര്‍ത്തകര്‍ ബിജുവിനോട് സംസാരിക്കാന്‍ ശ്രമിച്ചത് പോലീസ് തടയുകയും ചെയ്തു.

ബിജുവിന്റെ ആദ്യ ഭാര്യ രശ്മി വധക്കേസില്‍ വിചാരണയ്ക്കായി കൊല്ലം ജില്ലാ സെഷന്‍സ് കോടതിയില്‍ ഹാജരാക്കാന്‍ ബിജുവിനെ കൊണ്ടു വന്നപ്പോഴായിരുന്നു സംഭവം. ബിജുവിന്റെ ചിത്രങ്ങള്‍ പകര്‍ത്താനോ സംസാരിക്കാനോ പോലീസ് അനുവദിച്ചില്ല.

ജുഡീഷ്യല്‍ കസ്റ്റഡിയിലുള്ള പ്രതി മാധ്യമങ്ങളോട് സംസാരിക്കാന്‍ അനുവദിക്കില്ലെന്നാണ് പോലീസ് പറഞ്ഞത്. വലയം തീര്‍ത്തുകൊണ്ടാണ് പോലീസ് ബിജുവിനെ കൊണ്ടു പോയത്.

രശ്മി വധക്കേസില്‍ ബിജുവിനെതിരെയുളള വിചാരണ തുടരുകയാണ്.

സോളാര്‍ കേസുമായി ബന്ധപ്പെട്ട് സരിതയെ ശാരീരികമായി ഉപയോഗിച്ച മന്ത്രിമാരുടെ പേരുകള്‍ മാധ്യമപ്രവര്‍ത്തകരോട് ബിജു രാധാകൃഷ്ണന്‍ വെളിപ്പെടുത്തിയിരുന്നു.

ഇതിന് ശേഷമാണ് ബിജു മാധ്യമങ്ങളോട് സംസാരിക്കുന്നത് പോലീസ് ശക്തമായി വിലക്കാന്‍ തുടങ്ങിയത്.

Advertisement