എഡിറ്റര്‍
എഡിറ്റര്‍
തേജ്പാലിന്റെ അറസ്റ്റ് ഉടനുണ്ടായേക്കും
എഡിറ്റര്‍
Sunday 24th November 2013 7:31am

tarun-tejapal

ന്യൂദല്‍ഹി: സഹപ്രവര്‍ത്തകയെ മാനഭംഗപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ തെഹല്‍ക സ്ഥാപക എഡിറ്റര്‍ തരുണ്‍ തേജ്പാലിനെ പൊലീസ് ഉടന്‍ അറസ്റ്റു ചെയ്‌തേക്കും. ലൈംഗിക പീഡനം ഒളിച്ച വയ്ക്കാന്‍ ശ്രമിച്ച തെഹല്‍ക്ക പത്രാധിപര്‍ ഷോമക്കെതിരെയും പോലീസ് കേസെടുക്കുമെന്നാണ് സൂചന.

കേസന്വേഷിക്കുന്ന പ്രത്യേക ഗോവന്‍ പൊലീസ് സംഘം ഡല്‍ഹിയിലെത്തിയിട്ടുണ്ട്. ഇവര്‍ കഴിഞ്ഞ ദിവസം ദില്ലി പൊലീസിനൊപ്പം തെക്കല്‍ ദില്ലിയിലെ തെഹല്‍ക ആസ്ഥാനത്തെത്തി തെളിവെടുപ്പ് നടത്തിയിരുന്നു.

തെഹല്‍ക മാനേജിങ് എഡിറ്റര്‍ ഷോമ ചൗധരിയെയും ചില ജീവനക്കാരെയും അന്വേഷണസംഘം മണിക്കൂറുകളോളം ചോദ്യം ചെയ്തിരുന്നു. ഷോമാ ചൗധരിയുടെ ലാപ്‌ടോപ്പും ഐഫോണും കമ്പ്യൂട്ടര്‍ ഹാര്‍ഡ് ഡിസ്‌കും അന്വേഷണത്തിനായി പോലീസ് ഏറ്റെടുത്തിട്ടുണ്ട്.

പെണ്‍കുട്ടിക്കു സംഭവത്തിനു ശേഷം കുറ്റം സമ്മതിച്ചും മാപ്പ് അപേക്ഷിച്ചും തേജ്പാല്‍ അയച്ച് മെയില്‍ പോലീസ് തെളിവായി സ്വീകരിച്ചിട്ടുണ്ട്.

‘ നിന്നില്‍ നിന്നു വ്യക്തമായ എതിര്‍പ്പുണ്ടായിട്ടും നവംബര്‍ ഏഴ്, എട്ട തീയ്യതികളില്‍ നീയുമായി ലൈംഗികബന്ധത്തിനു രണ്ടു തവണ ശ്രമിച്ചു. ലജ്ജാകരമായ വിധം തെറ്റായ ഒരു നിഗമനമായിപ്പോയി അത്’. ഇ മെയില്‍ സന്ദേശത്തില്‍ തരുണ്‍ പറയുന്നു. കത്തില്‍ പെണ്‍കുട്ടിയോട് തേജ്പാല്‍ നിരുപാധികം മാപ്പപേക്ഷിക്കുന്നുണ്ട്.

എന്നാല്‍ പെണ്‍കുട്ടിയുടെ സഹകരണത്തോടെയാണ് സംഭവം നടന്നതെന്നും ഷോമ ആവശ്യപ്പെട്ടതു കൊണ്ടാണ് മാപ്പ് അറിയിച്ചതെന്നം വ്യക്തമാക്കി തേജ്പാല്‍ രംഗത്തെത്തിയിട്ടുണ്ട്.

സംഭവത്തെ രാഷ്ട്രീയ വതക്കരിക്കാന്‍ ശ്രമം നടക്കുന്നുണ്ടെന്നും പെണ്‍കുട്ടി കളളം പറയുകയാണെന്നും ആരോപിച്ച് തേജ്പാല്‍ ഇന്ത്യന്‍ എക്‌സ്പ്രസ്സ പത്രത്തിന് ഇ മെയില്‍ സന്ദേശമയച്ചിരുന്നു.

ഇതിനിടെ കേസ് ഒതുക്കി തീര്‍ക്കണമെന്ന് ആവശ്യപ്പെട്ട് തേജ്പാലിന്റെ ബന്ധു തന്റെ അമ്മയെ സമീപിച്ചുവെന്നും പറഞ്ഞ് പെണ്‍കുട്ടി രംഗത്തെത്തിയിരുന്നു.

തന്റെ അമ്മവീട്ടിലെത്തിയ ഒരാള്‍ തനിക്ക് നിയമോപദേശം നല്‍കുന്നത് ആരാണെന്നും കേസ് ഒതുക്കാന്‍ എന്തുവേണമെന്നും ചോദിച്ചതായി അവര്‍ പറഞ്ഞു.ഒത്തുതീര്‍പ്പാക്കാനായി തേജ്പാലിന്റെ ബന്ധു സമീപിച്ചതായി വാര്‍ത്താക്കുറുപ്പിലൂടെയാണ് മാധ്യമപ്രവര്‍ത്തക അറിയിച്ചത്.

സംഭവത്തില്‍ തേജ്പാലിനെതിരെ മാനഭംഗകുറ്റവും സ്ത്രീത്വത്തെ അപമാനിച്ച കുറ്റവും ചുമത്തി ഗോവ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഇന്ത്യന്‍ ശിക്ഷാ നിയമം 354, 376, 376 രണ്ട(കെ) എന്നീ വകുപ്പുകള്‍ പ്രകാരമാണ് എഫ. ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.

കുറ്റം തെളിഞ്ഞാല്‍ പത്ത് വര്‍ഷം തടവും പരമാവധി ജീവപരന്ത്യവും ശിക്ഷ ലഭിക്കാവുന്ന വകുപ്പുകളാണിവ. ഗ്രാന്‍ഡ് ഹയാത്ത് ഹോട്ടലില്‍ നിന്നുള്ള സി.സി.ടി.വി ദൃശ്യങ്ങള്‍ പൊലീസിനു ലഭിച്ചെങ്കിലും സംഭവം നടന്ന ലിഫ്റ്റില്‍ സി.സി.ടി.വി ഘടിപ്പിച്ചിരുന്നില്ലെന്ന് ഗോവ ഡി.ഐ.ജി ഒ.പി. മിശ്ര പറഞ്ഞു.

ലഭിച്ച സി.സി.ടി.വി ദൃശ്യങ്ങള്‍ പരിശോധിച്ചു വരികയാണെന്നും അദ്ദേഹം പറഞ്ഞു. ഇതു വരെ പൊലീസില്‍ പരാതി നല്‍കിയിട്ടില്ലെങ്കിലും അന്വേഷണത്തോടു സഹകരിക്കുമെന്ന് ഇരയായ പെണ്‍കുട്ടി വ്യക്തമാക്കിയിട്ടുണ്ട്.

ഗോവന്‍ പോലീസിന്റെ അന്വേഷണവുമായി സഹകരിക്കുമെന്ന് ഷോമ ചൗധരിയും വ്യക്തമാക്കിയിട്ടുണ്ട്. ഇക്കഴിഞ്ഞ നവംബര്‍ ഏഴ്, എട്ട് തീയതികളില്‍ ഗോവയില്‍ വെച്ച് തരുണ്‍ തേജ്പാല്‍ ലൈംഗികമായി പീഡിപ്പിച്ചുവെന്നാണ് പെണ്‍കുട്ടിയുടെ ആരോപണം.

Advertisement