എഡിറ്റര്‍
എഡിറ്റര്‍
മണിയുടെ പ്രസംഗം: അന്വേഷണസംഘം കൊല്ലപ്പെട്ടവരുടെ വീടുകളില്‍ എത്തി
എഡിറ്റര്‍
Wednesday 30th May 2012 12:48pm

തൊടുപുഴ : പ്രതിയോഗികളെ കൊന്നുതള്ളിയിട്ടുണ്ടെന്ന സി.പി.ഐ.എം ഇടുക്കി ജില്ലാ സെക്രട്ടറി എം.എം.മണിയുടെ വിവാദ പ്രസംഗത്തെക്കുറിച്ച് അന്വേഷിക്കുന്ന പ്രത്യേക അന്വേഷണ സംഘം മണി പറഞ്ഞ രാഷ്ട്രീയ കൊലപാതകങ്ങളിലെ ഇരകളുടെ വീടുകള്‍ സന്ദര്‍ശിച്ച് വിവരം ശേഖരിച്ചു.

പ്രസംഗത്തില്‍ മണി പരാമര്‍ശിച്ച കൊലപാതകങ്ങള്‍ പുനരന്വേഷിക്കുന്നതിന്റെ ഭാഗമായി ഈ കേസുകളില്‍ ഇരയായവരുടെ ബന്ധുക്കളുടെ മൊഴി ഉള്‍പ്പെടെ മുഴുവന്‍ വിവരവും ശേഖരിക്കുന്നതിന്റെ ഭാഗമായാണിത്. വിവരങ്ങള്‍ ശേഖരിച്ച ശേഷം നാളെ ഉച്ചയോടെ എം.എം.മണിയെ ചോദ്യം ചെയ്യാനാണ് സംഘം ആലോചിക്കുന്നത്.

1986 ജനുവരി 16 ന് കൊല്ലപ്പെട്ട കോണ്‍ഗ്രസ് രാജകുമാരി മണ്ഡലം കമ്മറ്റി സെക്രട്ടറിയായിരുന്ന മുള്ളന്‍കുഴി മത്തായിയുടെയും 1982 നവംബര്‍ 13 ന് കൊല്ലപ്പെട്ട യൂത്ത് കോണ്‍ഗ്രസ് സേനാപതി മണ്ഡലം പ്രസിഡന്റ് അഞ്ചേരി ബേബിയുടെയും വീടുകളിലാണ് അന്വേഷണസംഘം സന്ദര്‍ശിച്ച് വിവരങ്ങള്‍ ശേഖരിച്ചത്.

സി.പി.ഐ.എംകാരുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ട ബേബി അഞ്ചേരിയുടെ വീട്ടിലെത്തിയ സംഘം ബേബിയുടെ മാതാവില്‍ നിന്നും സഹോദരനില്‍ നിന്നും പൊലീസ് മൊഴിയെടുത്തു.

അന്വേഷണ സംഘത്തിലെ എസ്.പി പ്രകാശ് ആണ് മുള്ളന്‍കുഴി മത്തായിയുടെ വീട് സന്ദര്‍ശിച്ചത്. 1983 ജൂണ്‍ ആറിന് കൊല്ലപ്പെട്ട കോണ്‍ഗ്രസ് ചിന്നക്കനാല്‍ മണ്ഡലം പ്രസിഡന്റ് മുട്ടുകാട് നാണപ്പന്റെ വീട്ടിലും അന്വേഷണ സംഘം വിവരങ്ങള്‍ ശേഖരിക്കാനെത്തുമെന്നാണ് വിവരം.

മൂന്നു സംഘങ്ങളായി തിരിഞ്ഞാണ് സംഘത്തിന്റെ അന്വേഷണം. ഇന്നു രാവിലെ അന്വേഷണ സംഘത്തലവന്‍ പി.പ്രകാശിന്റെ നേതൃത്വത്തില്‍ യോഗം ചേര്‍ന്ന ശേഷമാണ് സംഘാംഗങ്ങള്‍ നടപടികള്‍ക്കായി പുറപ്പെട്ടത്.

Advertisement