ബാംഗ്ലൂര്‍: ലൈംഗിക ആരോപണ വിധേയനായ സ്വാമി നിത്യാനന്ദയെ അറസ്റ്റു ചെയ്യാന്‍ കര്‍ണാടക മുഖ്യമന്ത്രി സദാനന്ദ ഗൗഡ ഉത്തരവിട്ടു. ആശ്രമം അടച്ചിടാനും തീരുമാനിച്ചിട്ടുണ്ട്.

നിത്യാനന്ദ തന്നെ ലൈംഗികമായി പീഡീപ്പിച്ചെന്ന് ആരോപിച്ച് വിദേശി വനിത പരാതി നല്‍കിയിരുന്നു. തുടര്‍ന്ന് നിത്യാനന്ദയ്‌ക്കെതിരെ സംസ്ഥാനത്ത് പ്രതിഷേധം ഉയര്‍ന്നിരുന്നു.

ലൈംഗിക ആരോപണം നേരിടുന്ന നിത്യാനന്ദയ്‌ക്കെതിരെ സംസ്ഥാനത്ത് ജനരോഷം രൂക്ഷമായതാണ് അറസ്റ്റ് ചെയ്യാനുള്ള നീക്കത്തിനു പുറകില്‍. സ്വത്തുക്കള്‍ കണ്ടുകെട്ടാനും സദാനന്ദ ഗൗഡ ഉത്തരവിട്ടിട്ടുണ്ട്.

രണ്ടു ദിവസത്തിനുള്ളില്‍ അറസ്റ്റ് ചെയ്യണമെന്നാണ് ഇന്നലെ ചേര്‍ന്ന ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെ യോഗത്തില്‍ മുഖ്യമന്ത്രി ആവശ്യപ്പെട്ടത്.

കൂടാതെ കഴിഞ്ഞയാഴ്ച മാധ്യമങ്ങളും നിത്യാനന്ദയുടെ ശിഷ്യന്മാരും തമ്മില്‍ ബാംഗ്ലൂരിലെ ആശ്രമത്തില്‍ കയ്യാങ്കളി നടന്നിരുന്നു. ഈ സംഭവത്തെക്കുറിച്ചും യോഗത്തില്‍ മുഖ്യമന്ത്രി ചര്‍ച്ച നടത്തിയിരുന്നു.