ചെന്നൈ: രാജീവ് ഗാന്ധി വധക്കേസ് പ്രതി നളിനിയെ ചെന്നൈയിലെ പുഴല്‍ ജയിലില്‍ നിന്ന് വെല്ലൂര്‍ ജയിലിലേക്കു മാറ്റി. കേസില്‍ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട ഭര്‍ത്താവ് മുരുകനെ കാണാനുള്ള സൗകര്യമൊരുക്കണമെന്ന നളിനിയുടെ അപേക്ഷയെത്തുടര്‍ന്നാണ് ജയില്‍ മാറ്റം.

വെല്ലൂര്‍ ജയിലിലാണു വധശിക്ഷയ്ക്കു വിധിക്കപ്പെട്ട മുരുകനെയും മറ്റു രണ്ടു പ്രതികളായ ശാന്തന്‍, പേരറിവാളന്‍ എന്നിവരെയും പാര്‍പ്പിച്ചിരിക്കുന്നത്. ഇവരുടെ വധശിക്ഷ മദ്രാസ് ഹൈക്കോടതി എട്ടാഴ്ചത്തേക്ക് സ്റ്റേ ചെയ്തിരുന്നു.

നളിനിയുടെ പരാതിയെ തുടര്‍ന്ന് വെല്ലൂര്‍ ജയിലില്‍ നിന്ന് ഒരു വര്‍ഷം മുന്‍പാണു നളിനിയെ പുഴല്‍ ജയിലിലേക്കു മാറ്റിയത്. ജയില്‍ അധികൃതര്‍ പീഡിപ്പിക്കുന്നുവെന്ന പരാതിയെ തുടര്‍ന്നായിരുന്നു ഇത്.

രാജീവ് ഗാന്ധിയുടെ കുടുംബം ഇടപെട്ടതിനെ തുടര്‍ന്നു നളിനിയുടെ വധശിക്ഷ ജീവപര്യന്തമാക്കി കുറയ്ക്കുകയായിരുന്നു. നളിനിയുടെ ആവശ്യാനുസരണമാണു മുന്‍പു മുരുകനെ വെല്ലൂരിലേക്കു മാറ്റിയത്.