തിരുവനന്തപുരം: സര്‍ക്കാര്‍ ജീവനക്കാരുടെ കൂട്ട സ്ഥലം മാറ്റത്തെക്കുറിച്ച് അടിയന്തരപ്രമേയത്തിന് അനുമതി നിഷേധിച്ചതില്‍ പ്രതിഷേധിച്ച് പ്രതിപക്ഷം നിയമസഭയില്‍ നിന്ന് ഇറങ്ങിപ്പോയി. എ.കെ. ബാലന്‍ എം.എല്‍.എയാണ് അടിയന്തരപ്രമേയത്തിന് നോട്ടീസ് നല്‍കിയത്.

സംസ്ഥാനത്തെ പോലീസുകാരടക്കമുള്ള സര്‍ക്കാര്‍ ജീവനക്കാരെ രാഷ്ട്രീയ പ്രേരിതമായി സ്ഥലം മാറ്റിയെന്ന് എ.കെ ബാലന്‍ ആരോപിച്ചു. ഇടുക്കി ജില്ലയില്‍ മാത്രം 270 പോലീസുകാരെയാണ് ജൂലൈ ആദ്യവാരം സ്ഥലം മാറ്റിയത്. സ്ഥലം മാറ്റം രാഷ്ട്രീയപ്രേരിതമാണെന്ന് ചൂണ്ടിക്കാട്ടി പോലീസുകാര്‍ കോടതിയെ സമീപിച്ചതിനെ തുടര്‍ന്ന് ഹൈക്കോടതി സ്ഥലംമാറ്റ ഉത്തരവ് റദ്ദാക്കിയിരുന്നു.

അതേസമയം സര്‍ക്കാര്‍ ജീവനക്കാരുടെ സ്ഥലം മാറ്റത്തില്‍ അപാകതയുണ്ടെങ്കില്‍ അത് പരിശോധിക്കുമെന്ന് അടിയന്തര പ്രമേയത്തിന് മറുപടിയായി മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി നിയമസഭയില്‍ അറിയിച്ചു. ഇക്കാര്യത്തില്‍ ആക്ഷേപങ്ങള്‍ തുറന്ന മനസോടെ സ്വീകരിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.