കണ്ണൂര്‍: യു.ഡി.എഫ് ഭരണകാലത്തും പോലീസ് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ വേട്ടയാടുകായണെന്ന് കെ.സുധാകരന്‍ എം.എല്‍.എ. കണ്ണൂരിലെ കോണ്‍ഗ്രസുകാര്‍ക്ക് കോടിയേരിയുടെ പോലീസെന്നോ തിരുവഞ്ചൂരിന്റെ പോലീസെന്നോ വ്യത്യാസമില്ലെന്നും വളപ്പട്ടണം എസ്.ഐയോട് പറഞ്ഞത് പറഞ്ഞത് തന്നെയാണെന്നും അദ്ദേഹം വ്യക്തമാക്കി.

Ads By Google

അനധികൃത മണ്ണ് കടത്തലിനെ തുടര്‍ന്ന് അറസ്റ്റിലായ രണ്ട് യൂത്ത് കോണ്‍ഗ്രസ്  പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്തതിനായിരുന്നു വളപ്പട്ടണം എസ്.ഐയെ സുധാകരന്‍ തെറി വിളിച്ചത്.

‘നീയെന്താ സുരേഷ് ഗോപി കളിക്കുകയാണോ, സ്ഥലം മാറ്റിക്കളയും, എന്നൊക്കെയായിരുന്നു സുധാകരന്‍ എസ്.പിയോട് പറഞ്ഞത്. ഇതിനെ തുടര്‍ന്ന് സുധാകരനെതിരെ കേസെടുത്തിരുന്നു.

അതേസമയം, പോലീസ് സ്‌റ്റേഷനില്‍ കയറി ആക്രമണം നടത്തുന്നവര്‍ക്കെതിരെ മുഖം നോക്കാതെ നടപടി എടുക്കുമെന്ന് ആഭ്യന്തര മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍.

കാര്യം നേടാനായി ഭീഷണിപ്പെടുത്തുന്ന കാലം കഴിഞ്ഞെന്നും അതൊന്നും ഇനി വിലപ്പോവില്ലെന്നും തിരുവഞ്ചൂര്‍ പറഞ്ഞു. കണ്ണൂരില്‍ നടന്ന സംഭവത്തെക്കുറിച്ച് ഐ.ജി അന്വേഷിക്കാനും തീരുമാനിച്ചിട്ടുണ്ട്.

ഐ.ജിയുടെ റിപ്പോര്‍ട്ട് ലഭിച്ച ശേഷം വേണ്ട നടപടി എടുക്കും. അതില്‍ യാതൊരു വീഴ്ചയും വരുത്തില്ല. ജനങ്ങളെ സേവിക്കാനാണ് പോലീസ്. നിയമപാലകരായ പോലീസിന് നേരെ അക്രമം നടത്തുന്നത് വെറുതെ നോക്കിനില്‍ക്കാനാവില്ലെന്നും തിരുവഞ്ചൂര്‍ വ്യക്തമാക്കി.