തൃപ്പയാറില്‍ മനുഷ്യാവകാശ പ്രവര്‍ത്തകരെ പോലീസ് കസ്റ്റഡിയിലെടുക്കുന്നു

തൃശൂര്‍: മാവോയിസ്റ്റ് ബന്ധത്തിന്റെ പേരില്‍ പോലീസ് വേട്ടയാടുന്ന ഷൈനിയുടെ കുടുംബത്തെ സന്ദര്‍ശിക്കാന്‍ പുറപ്പെട്ട മനുഷ്യാവകാശ പ്രവര്‍ത്തകരെ പോലീസ് കസ്റ്റഡിയിലെടുത്തു. ഇന്ന് രാവിലെ തൃപ്പയാറില്‍ നിന്ന് ചെറു സംഘങ്ങളായി ഷൈനിയുടെ വീട്ടിലേക്ക് പുറപ്പെട്ടവരെയാണ് പോലീസ് കസ്റ്റഡിയിലെടുത്ത് പീഡിപ്പിച്ചത്. പ്രിവന്റീവ് അറസ്റ്റ് എന്ന് പറഞ്ഞാണ് പോലീസ് ഇവരെ അറസ്റ്റ് ചെയ്തത്. ഷൈനിയുടെ വീട് സന്ദര്‍ശിക്കരുതെന്ന് പോലീസ് ഇവരോട് കര്‍ശനമായി നിര്‍ദേശിച്ചിട്ടുണ്ട്. തുടര്‍ന്ന് ഉച്ചയോടെയാണ് സംഘത്തെ വിട്ടയച്ചത്. എന്നാല്‍ പോലീസ് നിര്‍ദേശം അവഗണിച്ച് ഷൈനിയുടെ വീട് സന്ദര്‍ശിക്കാനാണ് ഇവരുടെ തീരുമാനം.

മനുഷ്യാവകാശ പ്രവര്‍ത്തകരും ഫേസ്ബുക്ക് ഗ്രൂപ്പ് അംഗങ്ങളും ഉള്‍പ്പെട്ട സംഘമാണ് തൃപ്പയാറില്‍ നിന്ന് നാലു പേരുള്ള സംഘങ്ങളായി കാല്‍നടയായി ഷൈനിയുടെ വീട്ടിലേക്ക് തിരിച്ചത്. എന്നാല്‍ യാത്ര തുടങ്ങിയ ഉടന്‍ തന്നെ വലപ്പാട് പോലീസ് ഇവരെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. മധുര പലഹാരങ്ങളും പൂക്കളുമായാണ് സംഘം ഷൈനിയുടെ വീട്ടിലേക്ക് പുറപ്പെട്ടത്.

മാവോയിസ്റ്റ് ബന്ധത്തിന്റെ പേരില്‍ പോലീസ് വേട്ടയാടുന്ന ഷൈനിയുടെ അമ്മയെയും കുട്ടികളെയും കാണാന്‍ തൃശൂരിലെത്തിയ എ.വാസു ഉള്‍പ്പെട്ട മനുഷ്യാവകാശ പ്രവര്‍ത്തകരെ അടുത്തിടെ പോലീസ് കസ്റ്റഡിയിലെടുത്തത്് വിവാദമായിരുന്നു. പുലര്‍ച്ചെ ആറിന് കസസ്റ്റഡിയിലെടുത്ത ആറംഗ സംഘത്തെ പ്രാഥമിക കൃത്യത്തിന് പോലും അനുവദിക്കാതെ ഉച്ചത്ത് ശേഷമാണ് വലപ്പാട് പോലീസ് വിട്ടയച്ചത്. ഇതിന്റെ തുടര്‍ച്ചയാണ്്് ഇപ്പോഴുണ്ടായ പോലീസ് കസ്റ്റഡി. ഷൈനിയുടെ വീട്ടില്‍ ബന്ധുക്കളെ വരെ സന്ദര്‍ശനം നടത്തുന്നത് പോലീസ് തടഞ്ഞിരിക്കയാണ്.

ഷൈനിയും ഭര്‍ത്താവും മാവോയിസ്റ്റ് പ്രവര്‍ത്തകരാണെന്ന് ആരോപിച്ചാണ് പോലീസ് ഇവരുടെ വീട്ടില്‍ ഭീകരാന്തരീക്ഷം സൃഷ്ടിക്കുന്നത്. അസമയത്ത് പോലും വീട്ടിലെത്തി അമ്മയെയും കുട്ടികളെയും ഭീഷണിപ്പെടുത്തുകയാണെന്നാണ് മനുഷ്യാവകാശ പ്രവര്‍ത്തകര്‍ക്ക് ലഭിച്ച പരാതി. ഇക്കാര്യം അന്വേഷിക്കാനെത്തുന്നവരെയാണ് പോലീസ് തുടര്‍ച്ചയായി തടയാന്‍ ശ്രമിക്കുന്നത്.