തൃശൂര്‍:പോലീസ് കസ്റ്റഡിയിലെടുത്ത തൊഴിലാളി സംഘടന നേതാവും മനുഷ്യാവകശാ പ്രവര്‍ത്തകനും മുന്‍ നക്‌സല്‍ നേതാവുമായ ഗ്രോവാസുവിനെ വിട്ടയച്ചു. മാവോയിസ്റ്റ് ബന്ധം ആരോപിച്ച് ഇന്ന് രാവിലെ ആറ് മണിയോടെ തൃശൂര്‍ ഈസ്റ്റ് പോലീസാണ് ഗ്രോവാസുവിനെ കസ്റ്റഡിയിലെടുത്തത്. അദ്ദേഹത്തിനൊപ്പമുണ്ടായിരുന്ന സുഗതന്‍, ബാലഗോപാല്‍, ഗോപാല്‍, ഹരിദാസ്, അജയന്‍ എന്നിവരെയും പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഇവരെയും വിട്ടയച്ചതായാണ് വിവരം.

പ്രാഥമിക കാര്യങ്ങള്‍ പോലും നിര്‍വ്വഹിക്കാന്‍ പോലീസ് സമ്മതിച്ചില്ലെന്നും ബോംബ് സ്‌ഫോടനത്തിനെത്തിയവരാണെന്ന് പറഞ്ഞായിരുന്നു അറസ്റ്റെന്നും ഗ്രോവാസു പ്രതികരിച്ചു.

മാവോയിസ്റ്റ് ബന്ധം ആരോപിക്കപ്പെടുന്ന തൃശൂര്‍ സ്വദേശിയായ ഷൈനയുടെ വാടനപ്പള്ളിയിലെ വീട്ടില്‍പോയി മടങ്ങും വഴി തൃശൂര്‍ റെസ്റ്റ് ഹൗസില്‍ നിന്നാണ് അദ്ദേഹത്തെ കസ്റ്റഡിയിലെടുത്തത്. മാവോയിസ്റ്റുകളുമായി ബന്ധമുണ്ടെന്ന സംശയത്തെ തുടര്‍ന്ന് ഷൈനയും ഭര്‍ത്താവ് രൂപേഷും പോലീസ് നിരീക്ഷണത്തിലായിരുന്നു.

ഷൈനയുടെ വീട്ടില്‍ ഇടയ്ക്കിടെ പോലീസ് എത്താറുണ്ടായിരുന്നു. ഇക്കാര്യം ഷൈന ഗ്രോവാസുവിനെ അറിയിച്ചിരുന്നെന്നും ഇതേ തുടര്‍ന്നാണ് ഗ്രോവാസു വീട്ടിലേക്ക് വന്നതെന്നുമാണ് പോലീസ് പറയുന്നത്.

ഏഴ് പേര്‍ മുറിയിലുണ്ടായിരുന്നതില്‍ നിന്ന് ഒരാള്‍ പോലീസിനെ കണ്ട് രക്ഷപ്പെട്ടുവെന്നാണ് റിപ്പോര്‍ട്ട്. ഗ്രോവാസു ഉള്‍പ്പെടെ ആറ് പേരെയാണ് കസ്റ്റഡിയിലെടുത്തത്. ഇതില്‍ മൂന്ന്‌പേര്‍ മലയാളികളും മൂന്ന് പേര്‍ തമിഴ്‌നാട് സ്വദേശികളുമാണ്. കസ്റ്റഡിയിലെടുത്തവരില്‍ രണ്ട് പേര്‍ അഭിഭാഷകരാണെന്നാണ് സൂചന.