എഡിറ്റര്‍
എഡിറ്റര്‍
എം.എം മണിയ്‌ക്കെതിരെ കൊലക്കേസ്: സി.പി.ഐ.എം എം.എല്‍.എ രണ്ടാം പ്രതി
എഡിറ്റര്‍
Monday 4th June 2012 6:46pm

ഇടുക്കി: രാഷ്ട്രീയ എതിരാളികളെ പാര്‍ട്ടി വകവരുത്തിയിട്ടുണ്ടെന്ന് വെളിപ്പെടുത്തിയ ഇടുക്കി ജില്ലാ സെക്രട്ടറി എം.എം മണിയ്‌ക്കെതിരെ കൊലക്കുറ്റത്തിന് കേസ്. മണിയെ ഒന്നാം പ്രതിയാക്കിയാണ് കേസെടുത്തിരിക്കുന്നത്.

എം.എം മണിയുടെ വെളിപ്പെടുത്തലില്‍ സി.പി.ഐ.എം എം.എല്‍.എയും കുടുങ്ങി. ഉടുമ്പന്‍ചോല എം.എല്‍.എ. കെ.കെ ജയചന്ദ്രനെ രണ്ടാം പ്രതിയാക്കിയാണ് പോലീസ് കേസെടുത്തിരിക്കുന്നത്. യൂത്ത് കോണ്‍ഗ്രസ് സേനാപതി മണ്ഡലം പ്രസിഡന്റും ഐ.എന്‍.ടി.യു.സി നേതാവുമായിരുന്ന അഞ്ചേരി ബേബി 1982 നവംബര്‍ 13ന് കൊല്ലപ്പെട്ട കേസിലാണ് പുനരന്വേഷണത്തിന് പ്രത്യേക അന്വേഷണ സംഘം എഫ്.ഐ.ആര്‍ തയ്യാറാക്കിയത്.

സി.പി.ഐ.എം സംസ്ഥാനസമിതിയംഗവും മുന്‍ ജില്ലാ സെക്രട്ടറിയുമായി ജയചന്ദ്രന് എം.എം മണി, പാര്‍ട്ടി മുന്‍ ജില്ലാ സെക്രട്ടറിയേറ്റംഗം ഒ.ജി മദനന്‍, നിലവിലെ ജില്ലാകമ്മിറ്റിയംഗം എ.കെ ദാമോദരന്‍ എന്നിവരെ പ്രതിചേര്‍ത്ത് രാജാക്കാട് പോലീസ് പുതിയ കേസ് രജിസ്റ്റര്‍ ചെയ്തു.

1981ല്‍ യൂത്ത് കോണ്‍ഗ്രസ്സ് നേതാവായ അഞ്ചേരി ബേബിയെ വിധിച്ചുവെന്ന സംഭവത്തിലാണ് പോലീസ് കേസ്സെടുത്തിരിക്കുന്നത്. സംഭവത്തില്‍ വെറുതേവിട്ട 2ാം പ്രതി പി.എസ്.മോഹന്‍ദാസിന്റെ മൊഴിയുടെ അടിസ്ഥാനത്തിലാണ് കേസ്. കൊലപാതകം ഗൂഢാലോചന മുതലായ ജാമയമില്ലാത്ത വകുപ്പുകളാണ് ഇവര്‍ക്കെതിരെ ചാര്‍ജ്ജ് ചെയ്തിട്ടുള്ളത്.

എഫ്.ഐ.ആര്‍ ഡിവൈ.എസ്.പി. എ.യു.സുനില്‍കുമാര്‍ ചൊവ്വാഴ്ച ഇത് അടിമാലി ഒന്നാം ക്ലാസ്സ് മജിസ്‌ട്രേട്ട് കോടതിയില്‍ സമര്‍പ്പിക്കും. ക്രൈം നമ്പര്‍ 309/ 2012 കേസാണ് എടുത്തിരിക്കുന്നത്.

എം.എം മണി തന്റെ പ്രസംഗത്തിലൂടെ അവകാശപ്പെട്ട ആദ്യത്തെ ആളാണ് ബേബി. 13 പേരുടെ പട്ടിക തയ്യാറാക്കി അതില്‍ ആദ്യത്തെ ആളെ വെടിവെച്ചുകൊന്നു. രണ്ടാമത്തെ ആളെ കുത്തിക്കൊന്നു, മൂന്നാമത്തെ ആളെ തല്ലിക്കൊന്നുവെന്നാണ് മണി പ്രസംഗിച്ചത്. ഇതില്‍ അഞ്ചേരി ബേബിക്കു വെടിയേല്‍ക്കുമ്പോള്‍ ഒപ്പമുണ്ടായിരുന്ന പ്രവര്‍ത്തകന്‍ ബെന്നിക്കും വെടിയേറ്റെങ്കിലും മുറിവ് മാരകമായിരുന്നില്ല. ശാന്തന്‍പാറയ്ക്കു സമീപം മേലെ ചെമ്മണ്ണാറിനു സമീപത്തായിരുന്നു ആക്രമണം. ഏഴുപ്രതികളുണ്ടായിരുന്ന കേസില്‍ തെളിവുകളുടെ അഭാവത്തില്‍ എല്ലാവരെയും വിട്ടയക്കുകയായിരുന്നു.

പ്രതികളിലൊരാളായിരുന്ന തൊടിയൂര്‍ പാറ ജോസ് അഞ്ച് വര്‍ഷം മുമ്പ് ആത്മഹത്യ ചെയ്തു. മറ്റൊരാളായ മോഹന്‍ദാസ് സി.പി.ഐ.എം വിട്ട് ബി.ജെ.പിയില്‍ ചേര്‍ന്നു. ഇയാള്‍ക്കെതിരെ പിന്നീട് മൂന്ന് തവണ വധശ്രമമുണ്ടായി. മോഹന്‍ദാസിന്റെ മൊഴി നിര്‍ണായകമാണെന്ന് അന്വേഷണ സംഘം വെളിപ്പെടുത്തുന്നു.

Advertisement