തിരുവന്തപുരം: പീഡനശ്രമത്തിന് ഇരയായ പത്തുവയസ്സുകാരിയെ നടുറോഡില്‍വെച്ച് ചോദ്യം ചെയ്ത എസ്.ഐയെ സസ്‌പെന്‍ഡ് ചെയ്തു. രാമങ്കരി എസ്.ഐ. എം മനുവിനെയാണ് സസ്‌പെന്‍ഡ് ചെയ്തത്.

സംഭവത്തില്‍ കുറ്റക്കാരാണെന്ന കണ്ടെത്തിയതിനെ തുടര്‍ന്ന എസ്.ഐ മനുവിനെയും, എ.എസ്.ഐ സരസനെയും നേരത്തെ സ്ഥലംമാറ്റിയുരുന്നു. മനുവിനെനെ കോഴിക്കോട് റൂറലിലേക്കും സരസനെ മലപ്പുറത്തേക്കുമാണ് മാറ്റിയത. എന്നാല്‍ ഇവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട പ്രതിപക്ഷം ഇന്ന നിയമസഭയില്‍ ബഹളം വെച്ചിരുന്നു. ഈ സാഹചര്യത്തിലാണ് മുഖ്യമന്ത്രി മനുവിനെ സസ്‌പെന്‍ഡ് ചെയ്ത് ഉത്തരവ് പുറപ്പെടുവിച്ചത്.

നേരത്തെ മുഖ്യമന്ത്രിയുടെ നിര്‍ദേശപ്രകാരം ഡി.ജി.പി സംഭവത്തെക്കുറിച്ച് അന്വേഷണം നടത്താന്‍ ആവശ്യപ്പെട്ടിരുന്നു. ജില്ലാ പൊലീസ് ചീഫ് ജയിംസിന്റെ മേല്‍നോട്ടത്തില്‍ ഡിവൈ.എസ്.പി കെ. മഹേഷ്‌കുമാര്‍ അന്വേഷണം നടത്തി ഡി.ജി.പിക്ക് സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ ബന്ധപ്പെട്ട പൊലീസ് ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്ന് വീഴ്ചയുണ്ടായതായി കണ്ടെത്തി. തുടര്‍ന്നായിരുന്നു ഇരുവരെയും സ്ഥലംമാറ്റിയത്.

ആലപ്പുഴ ചങ്ങനാശേരി റോഡില്‍ വേഴപ്ര പാക്കളി പാലത്തിന് സമീപം കട നടത്തുന്ന വേഴപ്ര ഒറ്റത്തെങ്ങ് വീട്ടില്‍ മോഹനന് (58) എതിരെയാണ് പെണ്‍കുട്ടിയുടെ വീട്ടുകാര്‍ രാമങ്കരി പൊലീസില്‍ പരാതി നല്‍കിയിരുന്നത്. ചങ്ങനാശേരിയിലെ സ്‌കൂളില്‍ ആറാംകഌസില്‍ പഠിക്കുന്ന പെണ്‍കുട്ടി ബസിറങ്ങി വീട്ടിലേക്ക് പോകുംവഴി മോഹനന്‍ വിളിച്ച് നഗ്‌നത പ്രദര്‍ശിപ്പിച്ചെന്നായിരുന്നു പരാതി. കഴിഞ്ഞ നാലിനായിരുന്നു സംഭവം. പിതാവ് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ രാമങ്കരി പൊലീസ് കേസെടുത്തെങ്കിലും പ്രതിയെ പൊലീസ് സഹായിച്ചതിനാല്‍ ഉടന്‍ ജാമ്യം ലഭിച്ചു.

പിന്നീട് എസ്.ഐയും ഒരു സീനിയര്‍ സിവില്‍ പൊലീസ് ഓഫിസറും പിതാവിനെ ഫോണില്‍വിളിച്ച് മോശമായി സംസാരിക്കുകയും നാല് സാക്ഷികളെയും കൂട്ടി സംഭവം നടന്ന സ്ഥലത്ത് തെളിവെടുപ്പിന് എത്താന്‍ നിര്‍ദേശിക്കുകയും ചെയ്തു. ഇതനുസരിച്ച് കുട്ടിയുമായി എത്തിയപ്പോഴാണ് നടുറോഡില്‍ ആള്‍ക്കൂട്ടത്തിനിടയില്‍ വെച്ച് പൊലീസുകാര്‍ കുട്ടിയെക്കൊണ്ട് സംഭവങ്ങള്‍ വിവരിപ്പിച്ചത്. ഇതെതുടര്‍ന്ന് പെണ്‍കുട്ടി കടുത്ത മാനസിക സംഘര്‍ഷത്തിലായിരുന്നു.