കൊച്ചി: അഞ്ചേരി ബേബി വധക്കേസില്‍ അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. സി.പി.ഐ.എം ഇടുക്കി മുന്‍ ജില്ലാ സെക്രട്ടറി എം.എം മണി, ഉടുമ്പന്‍ചോല സ്വദേശി കുട്ടപ്പന്‍, ഒജി മദനന്‍ എന്നിവരാണ് പ്രതികള്‍. മണിക്കെതിരെ കൊലപാതകം ആസൂത്രണം ചെയ്യല്‍, മറച്ചുവയ്ക്കല്‍ എന്നീ കുറ്റങ്ങളാണുള്ളത്.

Ads By Google

അഞ്ചേരി ബേബി വധക്കേസിലെ ആദ്യപ്രതിപ്പട്ടികയാണ് അന്വേഷണ സംഘം സമര്‍പ്പിച്ചത്. എം.എം മണിയുടെ വിവാദ പ്രസംഗത്തെ തുടര്‍ന്ന് രജിസ്റ്റര്‍ ചെയ്ത കേസുകളില്‍ തയ്യാറാക്കുന്ന ആദ്യ പ്രതിപ്പട്ടികയാണിത്. നെടുങ്കണ്ടം ഫസ്റ്റ്ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയിലാണ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്.

കൊച്ചി റേഞ്ച് ഐ.ജി. കെ പത്മകുമാറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് കേസന്വേഷണം നടത്തിയത്. ഈ കേസില്‍ സി.പി.ഐ.എം ജില്ലാ സെക്രട്ടറി കെ.കെ. ജയചന്ദ്രന്‍ എം.എല്‍.എയെ അന്വേഷണ സംഘം ചോദ്യം ചെയ്തിരുന്നു. എന്നാല്‍ കോടതിയില്‍ സമര്‍പ്പിക്കുന്ന ആദ്യ റിപ്പോര്‍ട്ടില്‍ ജയചന്ദ്രനെ പ്രതി ചേര്‍ക്കേണ്ടെന്നാണ് അന്വേഷണ സംഘത്തിന്റെ തീരുമാനം.

രാഷ്ട്രീയ എതിരാളികളെ പട്ടിക തയ്യാറാക്കി പാര്‍ട്ടി വകവരുത്തിയിട്ടുണ്ടെന്ന എം.എം മണിയുടെ പ്രസംഗത്തെ തുടര്‍ന്നാണ് അഞ്ചേരി ബേബി വധം പുന:രന്വേഷിക്കാന്‍ തീരുമാനിച്ചത്. ഇതിന്റെ ഭാഗമായി എം.എം മണിയെ ചോദ്യം ചെയ്യുകയും ചെയ്തിരുന്നു. പ്രസംഗത്തെ തുടര്‍ന്ന് ഇടുക്കി ജില്ലാ സെക്രട്ടറി സ്ഥാനത്ത് നിന്ന് സി.പി.ഐ.എം മണിയെ നീക്കിയിരുന്നു.