എഡിറ്റര്‍
എഡിറ്റര്‍
30 വര്‍ഷം അടിമകളായി കഴിഞ്ഞ മൂന്ന് സ്ത്രീകളെ രക്ഷപെടുത്തി
എഡിറ്റര്‍
Friday 22nd November 2013 7:01am

slave

ലണ്ടന്‍: 30 വര്‍ഷമായി അടിമകളായി കഴിഞ്ഞ മൂന്ന് സ്ത്രീകളെ ലണ്ടന്‍ പൊലീസ് രക്ഷപെടുത്തി. തെക്കന്‍ ലണ്ടനിലെ ലാമ്പത്തിലാണ് ഞെട്ടിപ്പിക്കുന്ന സംഭവമുണ്ടായത്.

അറുപത്തിയേഴുകാരായ വൃദ്ധദമ്പതികളാണ് ഇവരെ സ്വന്തം വീട്ടില്‍ അടിമകളാക്കിവെച്ചത്. ഇവരെ പൊലീസ് അറസ്റ്റ് ചെയ്തു.

69 വയസ്സുള്ള മലേഷ്യക്കാരിയെയും 57 വയസ്സുള്ള ഐറിഷ്‌കാരിയെയും 32 വയസ്സുള്ള ബ്രിട്ടന്‍ സ്വദേശിനിയെയുമാണ് കാല്‍ നൂറ്റാണ്ടിലധികമായ വീട്ടുതടങ്കലില്‍ നിന്നും പൊലീസ് രക്ഷപെടുത്തിയത്.

30 വര്‍ഷമായി അടിമയാക്കപ്പെട്ടിരുന്ന കാര്യം സ്ത്രീകളില്‍ ഒരാള്‍ ഒരു സന്നദ്ധസംഘടനയെ വിളിച്ചറിയിക്കുകയായിരുന്നു. സംഘടനയുടെ പരാതിയെ തുടര്‍ന്ന് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് അവശനിലയിലായ ഇവരെ കണ്ടെത്തിയത്.

മൂവരുടെയും ശരീരത്തില്‍ പരിക്കുകള്‍ ഏറെയാണെന്ന് പൊലീസ് പറഞ്ഞു. ഇവരെ സുരക്ഷിതസ്ഥാനത്തേയ്ക്ക് മാറ്റിയെന്നും കൂടുതല്‍ അന്വേഷണം നടത്തി വരികയാണെന്നും പൊലീസ് അറിയിച്ചു.

മൂന്ന് സ്ത്രീകളില്‍ ആരാണ് സന്നദ്ധസംഘടനയെ വിവരമറിയിച്ചതെന്ന കാര്യം വ്യക്തമല്ല.

Advertisement