കൊച്ചി: ഓണ്‍ലൈന്‍ മദ്യവില്പനയെ അനുകൂലിച്ച് പൊലീസ് റിപ്പോര്‍ട്ട്. സ്‌പെഷ്യല്‍ ബ്രാഞ്ച് ഡി.ജി.പിക്കു നല്‍കിയ റിപ്പോര്‍ട്ടിലാണ് ഓണ്‍ലൈനായി മദ്യം വിപണനം ചെയ്യണമെന്ന് ശുപാര്‍ശ ചെയ്യുന്നത്.

സുപ്രീം കോടതി വിധിയുടെ പശ്ചാത്തലത്തില്‍ മദ്യശാലകള്‍ ഭൂരിപക്ഷവും പുട്ടേണ്ടിവന്ന സാഹചര്യത്തിലാണ് പൊലീസ് ഇത്തരമൊരു റിപ്പോര്‍ട്ടു നല്‍കിയിരിക്കുന്നത്. മദ്യശാലകള്‍ പൂട്ടിയതോടെ തൊഴില്‍ നഷ്ടമാകുന്നവരെ ഓണ്‍ലൈന്‍ വിപണനത്തിനായി ഉപയോഗിക്കാമെന്നാണ് സ്‌പെഷ്യല്‍ ബ്രാഞ്ചിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നത്.


Must Read: കശ്മീരി മുസ്‌ലിം കുടുംബത്തെ ഗോരക്ഷകര്‍ മര്‍ദ്ദിക്കുന്നതിന്റെ ഞെട്ടിക്കുന്ന വീഡിയോ പുറത്ത്; മര്‍ദ്ദിക്കരുതെന്ന് കൈ കൂപ്പി യാചിച്ച് ഒരമ്മ 


കോഫി ഹൗസ് മാതൃകയില്‍ തൊഴിലാളികളുടെ സംഘടന രൂപീകരിക്കാനാണ് നിര്‍ദേശം. മദ്യത്തിന്റെ വില്പന പൂര്‍ണമായും ബിവറേജസ് കോര്‍പ്പറേഷനു കീഴില്‍ കൊണ്ടുവരണം. ഓണ്‍ലൈന്‍ വഴിയുള്ള വിതരണത്തിന് സര്‍ക്കാറിന് ഉപഭോക്താക്കളില്‍ നിന്നും സര്‍വ്വീസ് ചാര്‍ജ് ഈടാക്കാം. ഇത് ജീവനക്കാരുടെ ഉന്നമനത്തിനായി ചിലവഴിക്കാമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

മദ്യവില്പനമൂലം നാട്ടിലുണ്ടാവുന്ന ക്രമസമാധാന പ്രശ്‌നങ്ങളെല്ലാം ഒഴിവാക്കാമെന്നതാണഅ ഓണ്‍ലൈന്‍ വ്യാപാരത്തിന്റെ പ്രധാന ഗുണമായി റിപ്പോര്‍ട്ടില്‍ എടുത്തു പറയുന്നത്. ഓണ്‍ലൈന്‍ വഴിയാകുമ്പോള്‍ കണക്കുകള്‍ കൃത്യമായി ഏകീകരിക്കാനാവുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

ഓണ്‍ലൈന്‍ മദ്യവ്യാപാരത്തിന്റെ പ്രധാന പ്രശ്‌നമായി വിമര്‍ശകര്‍ ചൂണ്ടിക്കാട്ടുന്നത് പ്രായപൂര്‍ത്തിയാവാത്തവര്‍ മദ്യം വാങ്ങാന്‍ സാധ്യതയുണ്ടെന്നതാണ്. എന്നാല്‍ ഇതു തടയാനായി തിരിച്ചറിയല്‍ രേഖകള്‍ നിര്‍ബന്ധമാക്കണമെന്നാണ് പൊലീസ് റിപ്പോര്‍ട്ടില്‍ പറയുന്നത്.

2002ലെ അബ്കാരി നിയമം ഭേദഗതി ചെയ്ത് നിലവിലെ പ്രതിസന്ധി പരിഹരിക്കാമെന്നും റിപ്പോര്‍ട്ടില്‍ നിര്‍ദേശിക്കുന്നു.