തിരുവനന്തപുരം: പൂങ്കുളം ഹോളി സ്പിരിറ്റ് കോണ്‍വെന്റിലെ കന്യാസ്ത്രീ സിസ്റ്റര്‍ മേരി ആന്‍സിയുടേതു മുങ്ങി മരണമായിരുന്നെന്ന് പോലീസ്. കോടതില്‍ പോലീസ് നല്‍കിയ റിപ്പോര്‍ട്ടിലാണ് ആന്‍സിയുടേത് മുങ്ങിമരണമായിരുന്നെന്ന് പറയുന്നത്. ബലപ്രയോഗം നടന്നതിന്റെ ലക്ഷണം മൃതദ്ദേഹത്തില്‍ ഇല്ലായിരുന്നുവെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.

സാഹചര്യ തെളിവുകളും ഇതിലേക്കാണ് വിരല്‍ ചൂണ്ടുന്നത്. അറുപതോളം പേരെ ചോദ്യം ചെയ്തു. അസ്വാഭാവികമായ യാതൊന്നും കണ്ടെത്താനായിട്ടില്ലെന്നും അന്വേഷണ ഉദ്യോഗസ്ഥന്‍ തിരുവനന്തപുരം ഫോര്‍ട്ട് അസിസ്റ്റന്റ് കമ്മിഷണര്‍ രാധാകൃഷ്ണന്‍ നായരുടെ റിപ്പോര്‍ട്ടില്‍ പറയുന്നു.

സംഭവ ദിവസം പുലര്‍ച്ചെ കോണ്‍വെന്റിന്റെ പരിസരത്ത് ഉണ്ടായിരുന്നതായി ദൃക്‌സാക്ഷികള്‍ മൊഴി നല്‍കിയ പള്ളി കമ്മിറ്റി ട്രഷറര്‍ യൂജിന്‍, വിജയന്‍ എന്നിവരെ ചോദ്യം ചെയ്‌തെങ്കിലും ഇവര്‍ അക്കാര്യം നിഷേധിച്ചിട്ടുണ്ട്. അന്വേഷണം തുടരുകയാണെന്നും പോലീസ് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കി.

അതേസമയം, കേസന്വേഷണം ശരിയായ ദിശയിലല്ലെന്നും മരണം ആത്മഹത്യയാക്കി മാറ്റാനാണ് പൊലീസ് ശ്രമിക്കുന്നതെന്നും സിസ്റ്റര്‍ ആന്‍സിയുടെ പിതാവിന്റെ അഭിഭാഷകന്‍ കോടതിയെ ബോധിപ്പിച്ചു. അന്വേഷണം സി.ബി.ഐക്കോ ക്രൈം ബ്രാഞ്ചിനോ കൈമാറണമെന്നും മജിസ്‌ട്രേറ്റ് കോടതിയുടെ മേല്‍നോട്ടത്തില്‍ അന്വേഷണം നടക്കണമെന്നുമാണ് ആന്‍സിയുടെ പിതാവ് മത്തായി ഫിലിപ്പ് ഹൈക്കോടതിയെ സമീപിച്ചത്.

കോണ്‍വെന്റിന്റെ വാട്ടര്‍ടാങ്കിലാണ് സിസ്റ്റര്‍ മേരി ആന്‍സിയെ മരിച്ച നിലയില്‍ കണ്ടെത്തിയിരുന്നത്. ഹര്‍ജിയില്‍ വിശദമായ വാദത്തിനായി അടുത്തയാഴ്ചത്തേക്ക് മാറ്റിയിട്ടുണ്ട്.