എഡിറ്റര്‍
എഡിറ്റര്‍
ഇ-മെയില്‍ ചോര്‍ത്തല്‍: മുസ്‌ലീംകള്‍ക്കിടയില്‍ മതവിദ്വേഷം ഇളക്കിവിടാനെന്ന് പോലീസ്
എഡിറ്റര്‍
Thursday 3rd May 2012 9:22am

തിരുവനന്തപുരം: ഇ-മെയില്‍ ചോര്‍ത്തലിന്റെ പിന്നില്‍ ഒരു പ്രത്യേക മതവിഭാഗത്തിനിടയില്‍ മതവിദ്വേഷം ഇളക്കിവിടാനെന്നു പോലീസ്. ഇത് സംബന്ധിച്ച അന്വേഷണ റിപ്പോര്‍ട്ടിലാണ് പോലീസ് ഇക്കാര്യം പറയുന്നത്. മാധ്യമപ്രവര്‍ത്തകനും, അറസ്റ്റിലായ അഭിഭാഷകനുമാണ് ഇക്കാര്യത്തില്‍ പ്രധാനപങ്കെന്നാണ് പോലീസ് നിഗമനം. അറസ്റ്റിലായ ബിജു സലീം, ഷാനവാസ്, മാധ്യമപ്രവര്‍ത്തകന്‍ വിജു വി.നായര്‍ എന്നിവര്‍ ചേര്‍ന്ന് 2011 നവംബര്‍ മൂന്നു മുതല്‍ 2012 ജനുവരി 16 വരെ നേരിട്ടും മൊബൈല്‍ ഫോണ്‍ വഴിയുമാണ് ഗൂഢാലോചന നടത്തിയതെന്നാണ് പോലീസ് ഭാഷ്യം.

അറസ്റ്റിലായ അഭിഭാഷകന്‍ എസ്. ഷാനവാസിനു സിമിയുള്‍പ്പെടെയുള്ള നിരോധിക്കപ്പെട്ട ചില മത തീവ്രവാദ പ്രവര്‍ത്തകരുമായും മതമൗലിക വാദികളുടെ സ്വഭാവം പ്രകടിപ്പിക്കുന്ന ചില വ്യക്തികളുമായും ബന്ധമുള്ളതായി ഡി.വൈ.എസ്.പി. രാധാകൃഷ്ണപിള്ള സമര്‍പ്പിച്ച അന്വേഷണ റിപ്പോര്‍ട്ടില്‍ പറയുന്നു. അട്ടക്കുളങ്ങരയിലുള്ള അഭിഭാഷകന്റെ ഓഫീസില്‍നിന്നു നിരോധിച്ച ഭീകര സംഘടനകളുടെ ലഘുലേഖകളും ഭീകരവാദവുമായി ബന്ധപ്പെട്ട രേഖകളും കമ്പ്യൂട്ടര്‍ ഹാര്‍ഡ് ഡിസ്‌കുകളും ലാപ്‌ടോപ്പും കണ്ടെത്തിയതായും ക്രൈംബ്രാഞ്ച് റിപ്പോര്‍ട്ടില്‍ പറയുന്നു.

വിജു വി.നായരും, അഡ്വ. ഷാനവാസും ചേര്‍ന്ന് ബിജു സലീമിനെ പ്രേരിപ്പിച്ചാണ് ഇ-മെയില്‍ വിലാസങ്ങള്‍ ചോര്‍ത്തിയത്. ബിജു സലിം, ഷാനവാസ വിജു വി.നായര്‍ എന്നിവര്‍ ചേര്‍ന്ന് ഇന്റേണല്‍ സെക്യൂരിറ്റി എസ്.പിയുടെ ഒപ്പ് വ്യാജമായി ബിജു സലിമിന്റെ കൈപ്പടയില്‍ എഴുതിയ കവറിംഗ് ലെറ്ററില്‍ ഇട്ടു വ്യാജരേഖയുണ്ടാക്കി.

വ്യാജമായി നിര്‍മിച്ച ഈ ഇ-മെയില്‍ വിലാസങ്ങളുടെ ലിസ്റ്റിന്റെ അടിസ്ഥാനത്തില്‍ ബിജു മുസ്‌ലീം മത വിഭാഗത്തില്‍പ്പെട്ട ആള്‍ക്കാര്‍ക്കിടയില്‍ മത വിദ്വേഷം ഇളക്കി വിടാന്‍ ലേഖനം തയാറാക്കി വാരികയില്‍ പ്രസിദ്ധീകരിച്ചു. വ്യാജ നിര്‍മിതമായ കവറിംഗ് ലെറ്റര്‍ ഉള്‍പ്പെടെയുള്ള ഇ-മെയില്‍ വിലാസങ്ങളുടെ ലിസ്റ്റ് ഒരു ചാനലിനു നല്‍കിയതായും  റിപ്പോര്‍ട്ടില്‍ പറയുന്നു

കേസില്‍ പ്രധാന പങ്ക് മാധ്യമ പ്രവര്‍ത്തകനാണ് എന്ന് വ്യക്തമായെങ്കിലും ഇയാളെ ഇതുവരെ അന്വേഷണ സംഘം പ്രതി ചേര്‍ത്തിട്ടില്ല. കേസില്‍ പല ഉന്നതര്‍ക്കും പങ്കുണ്ടെന്നു ക്രൈംബ്രാഞ്ചിന് വിവരം ലഭിച്ചിട്ടുണ്ടെങ്കിലും കേസന്വേഷണത്തെ ബാധിക്കുമെന്നതിനാല്‍ പ്രതികളെക്കുറിച്ച് വെളിപ്പെടുത്തിയിട്ടില്ല. അറസ്റ്റിലായി റിമാന്‍ഡില്‍ കഴിയുന്ന അഡ്വ. ഷാനവാസിനെ പോലീസ് കസ്റ്റഡിയില്‍ വിട്ടു കിട്ടാന്‍ ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതി മുമ്പാകെ പ്രത്യേക അന്വേഷണ സംഘം അപേക്ഷ സമര്‍പ്പിച്ചു. അപേക്ഷ ഇന്നു പരിഗണിക്കും.

Malayalam News

Kerala News in English

Advertisement