എഡിറ്റര്‍
എഡിറ്റര്‍
മുഖ്യമന്ത്രി സഭയില്‍ പറഞ്ഞത് കള്ളം! മഹാരാജാസ് കോളജില്‍ നിന്ന് കണ്ടെത്തിയത് മാരകായുധങ്ങള്‍ തന്നെയെന്ന് പൊലീസ്
എഡിറ്റര്‍
Saturday 6th May 2017 11:04am

തിരുവനന്തപുരം: മഹാരാജാസ് കോളജില്‍ നിന്ന് കണ്ടെത്തിയത് മാരകായുധങ്ങളെന്ന് പൊലീസ് റിപ്പോര്‍ട്ട്. സെര്‍ച്ച് ലിസ്റ്റിലും എ.എഫ്.ആറിലും  മാരകായുധങ്ങളാണ് കണ്ടെത്തിയതെന്ന കാര്യം സ്ഥിരീകരിച്ചിട്ടുണ്ട്.

മുഖ്യമന്ത്രി പിണറായി വിജയന്‍ കഴിഞ്ഞദിവസം സഭയെ അറിയിച്ചതിനു വിരുദ്ധമായാണ് പൊലീസ് റിപ്പോര്‍ട്ട്. മഹാരാജാസ് കോളജില്‍ നിന്നും വടിവാളോ ബോംബോ കണ്ടെത്തിയിട്ടില്ലെന്നാണ് മുഖ്യമന്ത്രി സഭയില്‍ വിശദീകരിച്ചത്.

ഗാര്‍ഹികമോ കാര്‍ഷികമോ അല്ലാത്തതായ ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കുന്ന വെട്ടുകത്തിയും അറ്റത്ത് തുണി ചുറ്റിയ ഇരുമ്പു പൈപ്പുകളും പിടിച്ചെടുത്തവയില്‍ ഉണ്ടെന്നും പൊലീസ് റിപ്പോര്‍ട്ടില്‍ പറയുന്നു. ആയുധനിയമപ്രകാരമാണ് കേസെടുത്തതെന്നും പൊലീസ് പറയുന്നു.

നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്ക് ഉപയോഗിക്കുന്ന വാര്‍ക്കകമ്പി, പലക, വെട്ടുകത്തി, ഏണി എന്നിവയാണ് കോളജില്‍ നിന്നും കണ്ടെത്തിയതെന്നാണ് മുഖ്യമന്ത്രി വിശദീകരിച്ചത്.


Must Read: ‘തോല്‍വിക്കയത്തില്‍ മുങ്ങി ബാംഗ്ലൂര്‍’; പഞ്ചാബിനോടും തോറ്റ് ബാംഗ്ലൂര്‍ റോയല്‍ ചലഞ്ചേഴ്‌സ്


എന്നാല്‍ ഇതിനു വിരുദ്ധമാണ് പൊലീസ് റിപ്പോര്‍ട്ട്. ഈ സാഹചര്യത്തില്‍ മുഖ്യമന്ത്രി സഭയെ തെറ്റിദ്ധരിപ്പിച്ചെന്ന ആരോപണവുമായി പ്രതിപക്ഷം രംഗത്തുവന്നിട്ടുണ്ട്.

മുഖ്യമന്ത്രി സഭയില്‍ നടത്തിയ പരാമര്‍ശങ്ങള്‍ സത്യവിരുദ്ധമാണെന്നും അതിനാല്‍ അവകാശ ലംഘത്തിന് മുഖ്യമന്ത്രിക്കെതിരെ നോട്ടീസ് നല്‍കുമെന്നും പി.ടി തോമസ് എം.എല്‍.എ വ്യക്തമാക്കി.

മെയ് മൂന്നിനാണ് മഹാരാജാസ് കോളജിലെ സ്റ്റാഫ് ക്വാട്ടേഴ്‌സില്‍ നിന്ന് ആയുധങ്ങള്‍ പിടിച്ചെടുത്തത്. പൊലീസ് നടത്തിയ റെയ്ഡിലാണ് ആയുധങ്ങള്‍ കണ്ടെത്തിയത്.

സ്റ്റാഫ് ക്വാട്ടേഴ്‌സിലെ മൂന്നു മുറികള്‍ വിദ്യാര്‍ഥികള്‍ക്കു താമസിക്കാനായി നല്‍കിയിരുന്നു. ഇവിടെ നിന്നുമാണ് ആുധങ്ങള്‍ കണ്ടെടുത്തത്.

Advertisement