എഡിറ്റര്‍
എഡിറ്റര്‍
പോലീസിനെ ഭീഷണിപ്പെടുത്തി: മണിയ്‌ക്കെതിരെ പുതിയ കുറ്റവുമായി സര്‍ക്കാര്‍ കോടതിയില്‍
എഡിറ്റര്‍
Friday 10th August 2012 11:20am

ന്യൂദല്‍ഹി: വിവാദ പ്രസംഗത്തിന്റെ പേരില്‍ അന്വേഷണം നേരിടുന്ന സി.പി.ഐ.എം ഇടുക്കി മുന്‍ ജില്ലാസെക്രട്ടറി എം.എം മണിയ്‌ക്കെതിരെ കൂടുതല്‍ കുറ്റങ്ങള്‍ ചുമത്തിയതായി സംസ്ഥാന സര്‍ക്കാര്‍ സുപ്രീംകോടതിയെ അറിയിച്ചു. പോലീസിനെ ഭീഷണിപ്പെടുത്തി, സര്‍ക്കാരിനും ജനങ്ങള്‍ക്കുമെതിരെ കുറ്റം ചെയ്യാന്‍ ജനങ്ങളെ പരസ്യമായി പ്രേരിപ്പിച്ചു തുടങ്ങിയ കുറ്റങ്ങള്‍ കൂടി മണിയ്‌ക്കെതിരെ ചുമത്തിയതായി സുപ്രീംകോടതിയില്‍ നല്‍കിയ സത്യവാങ്മൂലത്തില്‍ സര്‍ക്കാര്‍ വ്യക്തമാക്കി.

Ads By Google

പ്രസംഗത്തെ തുടര്‍ന്ന് തനിക്കെതിരെ തയ്യാറാക്കിയ എഫ്.ഐ.ആര്‍ റദ്ദാക്കണമെന്നാവശ്യപ്പെട്ട് എം.എം മണി സുപ്രീംകോടതിയെ സമീപിച്ചിരുന്നു. മണിയുടെ അപേക്ഷയില്‍ സുപ്രീംകോടതി സര്‍ക്കാരിന് നോട്ടീസ് അയക്കുകയും ചെയ്തിരുന്നു. ഇതേത്തുടര്‍ന്ന് സര്‍ക്കാര്‍ നല്‍കിയ മറുപടിയിലാണ് മണിയ്‌ക്കെതിരെ പുതിയ കുറ്റങ്ങള്‍ ചുമത്തിയതായി അറിയിച്ചത്.

മണിയുടെ അപേക്ഷ തിങ്കളാഴ്ച കോടതി പരിഗണിക്കും. സര്‍ക്കാരിന്റെ സത്യവാങ്മൂലത്തില്‍ മറുപടി നല്‍കാന്‍ തനിക്ക് പത്ത് ദിവസത്തെ സമയം വേണമെന്ന് തിങ്കളാഴ്ച മണി കോടതിയോട് ആവശ്യപ്പെടുമെന്നാണറിയുന്നത്.

ടി.പി.ചന്ദ്രശേഖരനെ വധിച്ചത് പാര്‍ട്ടയല്ല എന്ന് സ്ഥാപിക്കാനായി ഇടുക്കിയില്‍ മണി നടത്തിയ പ്രസംഗത്തിലായിരുന്നു വിവാദ പരാമര്‍ശങ്ങള്‍ ഉണ്ടായത്. കോണ്‍ഗ്രസ് പ്രവര്‍ത്തകരെ ഒന്ന്, രണ്ട്, മൂന്ന് എന്നിങ്ങനെ ലിസ്റ്റുണ്ടാക്കി തന്റെ പാര്‍ട്ടി വധിച്ചിട്ടുണ്ടെന്നായിരുന്നു പരാമര്‍ശം. ഇത് ബി.ബി.സി ഉള്‍പ്പടെയുള്ള മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. വിവാദ പ്രസംഗത്തെ പാര്‍ട്ടി കേന്ദ്ര നേതൃത്വവും സംസ്ഥാന നേതൃത്വവും നേരത്തെ തള്ളി കളഞ്ഞു. തുടര്‍ന്ന് പാര്‍ട്ടിയില്‍ നിന്നും മണിക്ക് അച്ചടക്കനടപടി നേരിട്ടു. കേന്ദ്ര നേതൃത്വത്തിന്റെ നിര്‍ദേശ പ്രകാരംമണിയെ ജില്ലാസെക്രട്ടറി സ്ഥാനത്തുനിന്നും നീക്കം ചെയ്തിരുന്നു.

Advertisement