എഡിറ്റര്‍
എഡിറ്റര്‍
സമദാനിക്കെതിരെ പോലീസ് കേസെടുത്തു
എഡിറ്റര്‍
Saturday 9th November 2013 9:34pm

samadani

കുറ്റിപ്പുറം: മുസ്ലീംലീഗ് നേതാവായ എം.പി അബ്ദു സമദ് സമദാനി എം.എല്‍ എയ്‌ക്കെതിരെ പോലീസ് കേസെടുത്തു.  സമദാനിയെ കുത്തിയ കേസിലെ പ്രതിയായ പുളിക്കല്‍ കുഞ്ഞാവയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് പോലീസ് കേസെടുത്തിരിക്കുന്നത്.

സമദാനി കുത്തിയെന്ന കുഞ്ഞാവയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ കുറ്റിപ്പുറം പോലീസാണ് കേസെടുത്തിരിക്കുന്നത്. പോലീസിന് സമര്‍പ്പിച്ച പരാതിയില്‍ സമദാനി തന്നെ വീട്ടിലെക്കു വിളിച്ചു വരുത്തി ആക്രമിക്കുകയായിരുന്നുവെന്നാണ് കുഞ്ഞാവ പറഞ്ഞിരിക്കുന്നത്.

മസ്ജിദുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ക്ക് ശേഷം തന്നെ മര്‍ദ്ദിക്കുകയായിരുന്നുവെന്നും പരാതിയില്‍ പറയുന്നുണ്ട്. ഇതേതുടര്‍ന്ന് തിരൂര്‍ ഡിവൈഎസ്പിയുടെ നിര്‍ദേശപ്രകാരമാണ് പോലീസ് എം.എല്‍.എക്കെതിരെ കേസെടുത്തിരിക്കുന്നത്.

സംഭവത്തില്‍ സമദാനിയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ പുളിക്കല്‍ കുഞ്ഞാവക്കെതിരെ പോലീസ് നേരത്തെ കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു. ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തുകയും ചെയ്തിരുന്നു.

കുറ്റിപ്പുറം ജമാ മസ്ജിദ് കമ്മറ്റിയുമായി ബന്ധപ്പെട്ട് രണ്ട് കുടുംബങ്ങള്‍ തമ്മിലുള്ള പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിന് വിളിച്ചുചേര്‍ത്ത ഒത്തുതീര്‍പ്പു ചര്‍ച്ചയ്‌ക്കൊടുവിലാണ് കഴിഞ്ഞ ദിവസം സമദാനിക്ക് കുത്തേറ്റത്.

പള്ളിയുമായി ബന്ധപ്പെട്ട് തര്‍ക്കമുണ്ടായപ്പോള്‍ ഇരുവിഭാഗത്തേയും ചര്‍ച്ചയ്ക്കായി വിളിക്കുകയും ചര്‍ച്ച കഴിഞ്ഞ് ഇരുകൂട്ടരും മടങ്ങാനൊരുങ്ങുവെ അപ്രതീക്ഷിതമായി കുഞ്ഞാവ തന്നെ ആക്രമിക്കുകയായിരുന്നുവെന്നാണ് സമദാനി മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞിരുന്നത്.

എന്നാല്‍ ഇത് നിഷേധിച്ച കുഞ്ഞാവ ആദ്യം തന്നെ അക്രമിച്ചത് സമദാനിയാണെന്ന ആരോപണവുമായി രംഗത്തെത്തിയിരുന്നു.

 

Advertisement