കണ്ണൂര്‍: എസ്.എഫ്.ഐ സമരത്തിനു നേരെ വെടിവച്ച അസിസ്റ്റന്റ് കമ്മീഷണര്‍ രാധാകൃഷ്ണപിള്ളയെ പോലീസ് യൂണിഫോമില്ലാതെ കണ്ടാല്‍ തല്ലണമെന്ന് പ്രസംഗിച്ച സി.പി.ഐ.എം നേതാവ് എം.വി.ജയരാജനെതിരെ പോലീസ് കേസെടുത്തു. പ്രകോപനപരമായ പ്രസംഗം, അക്രമത്തിന് പ്രേരിപ്പിക്കല്‍ എന്നീ കുറ്റങ്ങള്‍ ചുമത്തിയാണ് കേസെടുത്തത്.

പോലീസിന് ലഭിച്ച നിര്‍ദ്ദേശത്തിന്റെ അടിസ്ഥാനത്തില്‍ കണ്ണൂര്‍ ടൗണ്‍ പോലീസാണ് ജയരാജനെതിരെ കേസെടുത്തത്. സ്്‌പെഷ്യല്‍ ബ്രാഞ്ച് നല്‍കിയ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് കേസെടുത്തത്. നേരത്തെ രാധാകൃഷ്ണ പിള്ളയെ പുറത്താക്കണമെന്നാവശ്യപ്പെട്ട് കണ്ണൂര്‍ കളക്ട്രേറ്റിലേക്ക് എസ്.എഫ്.ഐ നടത്തിയ ധര്‍ണ ഉദ്ഘാടനം ചെയ്തുകൊണ്ട് സംസാരിക്കവെയായിരുന്നു ജയരാജന്‍ വിവാദ പ്രസംഗം നടത്തിയത്.

Subscribe Us:

യൂണിഫോമില്ലാതെ വന്നാല്‍ രാധാകൃഷ്ണപിള്ളയും നമ്മളെപ്പോലെ സാധാരണ പൗരനാണ്. അതിനാല്‍ യൂണിഫോമില്ലെങ്കില്‍ അദ്ദേഹത്തെ തല്ലുന്നതില്‍ ഭയം വേണ്ട. കാക്കിയെ ബഹുമാനിക്കണം. എന്നാല്‍ കാക്കിക്കുള്ളിലെ ഖദര്‍ ധാരിയായി മാറിയാല്‍ ആ ഖദര്‍ധാരിയെ ഉമ്മന്‍ ചാണ്ടിയുടെ അനുയായിയായിക്കാണണം. പോലീസുകാര്‍ ആക്രമിച്ചാല്‍ സ്വയം പ്രതിരോധത്തിന്റെ പേരില്‍ തിരിച്ചുതല്ലാന്‍ വിദ്യാര്‍ഥികള്‍ക്കും അവകാശമുണ്ടെന്നും അദ്ദേഹം പ്രവര്‍ത്തകരോടായി പറഞ്ഞു.

കണ്ണൂരില്‍ രാധാകൃഷ്ണപിള്ള മോഡല്‍ നടപ്പാക്കാന്‍ തുനിഞ്ഞാല്‍ അടിച്ചൊതുക്കുമെന്ന് കണ്ണൂര്‍ ജില്ലാ പോലീസ് മേധാവിക്കും ജയരാജന്‍ താക്കീത് നല്‍കി. കൊല്ലുന്ന രാജാവിന്റെ തിന്നുന്ന മന്ത്രിയെപ്പോലെയാണു കണ്ണൂര്‍ പോലീസ് മേധാവി പെരുമാറുന്നത്. ജനകീയ പ്രസ്ഥാനങ്ങളെ അടിച്ചമര്‍ത്താന്‍ നോക്കിയാല്‍ രാജാവിന്റെ പിന്തുണയുണ്ടായാലും ജനത്തിന്റെ തല്ലുകിട്ടുമെന്നോര്‍ത്തോളണമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി.