കല്‍പറ്റ: വയനാട്ടില്‍ നിക്ഷിപ്ത വനഭൂമി കൈയേറിയ ആദിവാസികളെ ഒഴിപ്പിച്ചു തുടങ്ങി. ജില്ലാ ഭരണകൂടത്തിന്റെയും വനംവകുപ്പിന്റേയും നേതൃത്വത്തിലാണ് ഒഴിപ്പിക്കല്‍. രാവിലെ ഒന്‍പതു മണിയോടെയാണ് നോര്‍ത്ത്, സൗത്ത് വയനാട് ഡി.എഫ്.ഒമാരുടെ നേതൃത്വത്തില്‍ ഒഴിപ്പിക്കല്‍ ആരംഭിച്ചത്.

ഭൂമി വിതരണം ചെയ്യണമെന്ന് ആവശ്യപ്പെട്ടാണ് വിവിധ രാഷ്ട്രീയ പാര്‍ട്ടികളുടെ ആദിവാസി സംഘടനകള്‍ നിക്ഷിപ്ത വനഭൂമിയില്‍ കൈയേറ്റം ആരംഭിച്ചത്. മാനന്തവാടി തുമ്പച്ചേരിയില്‍ സിപിഎം നിയന്ത്രണത്തിലുള്ള ആദിവാസി സംഘടന കൈയേറിയ ഭൂമിയാണ് ആദ്യം ഒഴിപ്പിച്ചത്.

അമ്പതോളം കുടുംബങ്ങളാണ് ഇവിടെ ഭൂമി കൈയേറിയത്. ഒഴിപ്പിക്കല്‍ നടപടികള്‍ സമാധാന പരമായിട്ടാണ് പുരോഗമിക്കുന്നത്. സംഘര്‍ഷത്തിനോ ചെറുത്തുനില്‍പിനോ മുതിരില്ലെന്ന് സംഘടനകള്‍ നേരത്തെ അറിയിച്ചിരുന്നു.

ഇന്ന് കമ്പിപ്പാലത്ത് സി.പി.ഐയുടെ ആദിവാസി സംഘടന കൈയേറിയ ഭൂമിയും ഒഴിപ്പിച്ചു. കോണ്‍ഗ്രസിന്റെയും ബി.ജെ.പിയുടെയും നിയന്ത്രണത്തിലുള്ള ആദിവാസി സംഘടനകളും ഭൂമി കൈയേറിയിരുന്നു.