കണ്ണൂര്‍: യൂത്ത് ലീഗ് പ്രവര്‍ത്തകന്‍ അബ്ദുല്‍ ഷുക്കൂറിന്റെ വധവുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്യലിനായി സി.പി.ഐ.എം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി. ജയരാജന്‍ ഹാജരായി. രാവിലെ 11 മണിയോടെയാണ് ജയരാജന്‍ ചോദ്യം ചെയ്യലിനായി കണ്ണൂര്‍ ടൗണ്‍ സി.ഐ ഓഫീസിലെത്തിയത്.

Ads By Google

സി.പി.ഐ.എം കണ്ണൂര്‍ ജില്ലാകമ്മിറ്റിയംഗം എം.വി ഗോവിന്ദര്‍മാസ്റ്ററും, സി.പി.ഐ.എം കേന്ദ്രകമ്മിറ്റിയംഗം പി.കെ ശ്രീമതിയുമുള്‍പ്പെടെയുള്ള പ്രമുഖ നേതാക്കളും നിരവധി പ്രവര്‍ത്തകര്‍ക്കുമൊപ്പമാണ് ജയരാജന്‍ ചോദ്യം ചെയ്യലിനായെത്തിയത്.

കേസുമായി ബന്ധപ്പെട്ട് നേരത്തെ രണ്ടുതവണ ജയരാജനെ ചോദ്യം ചെയ്തിരുന്നു. അപ്പോഴെല്ലാം ജയരാജനൊപ്പം ഒന്നോ രണ്ടോ നേതാക്കള്‍ മാത്രമാണ് ചോദ്യം ചെയ്യലിനായെത്തിയത്. കേസില്‍ അറസ്റ്റുണ്ടാവുമെന്ന സൂചന ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് വന്‍ സന്നാഹത്തോടെയുള്ള ജയരാജന്റെ വരവെന്നും റിപ്പോര്‍ട്ടുണ്ട്.

അതിനിടെ ജയരാജനെ ചോദ്യം ചെയ്യുന്നതിന്റെ പശ്ചാത്തലത്തില്‍ സി.ഐ ഓഫീസിന് മുന്നില്‍ വന്‍ പോലീസ് സന്നാഹത്തെ വിന്യസിച്ചിട്ടുണ്ട്. എന്തെങ്കിലും അനിഷ്ടസംഭവങ്ങളുണ്ടായാല്‍ നേരിടാനുള്ള മുന്നൊരുക്കങ്ങള്‍ പോലീസ് നടത്തിയിട്ടുണ്ട്.

ഷുക്കൂര്‍ വധക്കേസ് രാഷ്ട്രീയ പ്രേരിതമാണെന്ന് ചോദ്യം ചെയ്യലിനെത്തിയ ജയരാജന്‍ മാധ്യമങ്ങളോട് പറഞ്ഞു. കള്ളക്കേസില്‍ പ്രതിചേര്‍ക്കപ്പെടാനുള്ള ക്ഷണപത്രം കിട്ടിയതനുസരിച്ചാണ് താനിവിടെ വന്നിരിക്കുന്നത്. മതതീവ്രവാദ സംഘടനകളെ പ്രോത്സാഹിപ്പിക്കുന്ന നിലപാടാണ് ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്റെ ഭാഗമായ മുസ്‌ലീം ലീഗ് നേതൃത്വം സ്വീകരിക്കുന്നത്. ലീഗ് തീവ്രവാദത്തെ എതിര്‍ക്കുന്നവര്‍ക്ക് എന്താണ് ഗതിയെന്ന് കാട്ടിക്കൊടുക്കുകയാണ് തങ്ങളെ കള്ളക്കേസില്‍ക്കുടുക്കിയതിലൂടെ ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ ചെയ്യുന്നത്. ഇതിനൊന്നും തന്റെ കമ്മ്യൂണിസ്റ്റ് ദാര്‍ഢ്യം ഇല്ലാതാക്കാനാകില്ലെന്നും ജയരാജന്‍ വ്യക്തമാക്കി.

അറസ്റ്റ് ഉണ്ടാകുമോയെന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് നിയമവാഴ്ചയുമായി സഹകരിക്കുമെന്നായിരുന്നു ജയരാജന്റെ മറുപടി. അറസ്റ്റുണ്ടാവുമോയെന്ന കാര്യം തീരുമാനിക്കേണ്ടത് പോലീസാണെന്നും അദ്ദേഹം വ്യക്തമാക്കി.

ഷുക്കൂര്‍ വധക്കേസുമായി ബന്ധപ്പെട്ട് കഴിഞ്ഞദിവസം ടി.വി രാജേഷ് എം.എല്‍.എ ചോദ്യം ചെയ്തിരുന്നു. രാജേഷില്‍ നിന്ന് ലഭിച്ച നിര്‍ണായക വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ജയരാജനെ ഇന്ന് വീണ്ടും ചോദ്യം ചെയ്യുന്നത്.