എഡിറ്റര്‍
എഡിറ്റര്‍
ടി.പി വധം: പി. ജയരാജനെ ചോദ്യം ചെയ്യും
എഡിറ്റര്‍
Thursday 14th June 2012 10:17am

കണ്ണൂര്‍: ടി.പി ചന്ദ്രശേഖരന്‍ വധവുമായി ബന്ധപ്പെട്ട് സി.പി.ഐ.എം കണ്ണൂര്‍ ജില്ലാ സെക്ട്രട്ടറി പി.ജയരാജനെ അന്വേഷണസംഘം ചോദ്യം ചെയ്യും. ടി.പി വധത്തില്‍ ഇന്ന് അറസ്റ്റിലായ കൊടിസുനിയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് ജയരാജനെ ചോദ്യം ചെയ്യാന്‍ അന്വേഷണസംഘം തീരുമാനിച്ചത്.

കഴിഞ്ഞ വെള്ളിയാഴ്ച തന്നെ ജയരാജനെ ചോദ്യം ചെയ്യാന്‍ അന്വേഷണ ഉദ്യോഗസ്ഥരുടെ യോഗത്തില്‍ തീരുമാനമായിരുന്നു. ജയരാജനെ ഒരാഴ്ചയ്ക്കകം ചോദ്യം ചെയ്‌തേക്കുമെന്നാണ് അറിയുന്നത്.

ടി.പി വധക്കേസില്‍ ഇനി ചോദ്യം ചെയ്യാനുള്ളവരുടെ പട്ടികയിലാണ് ജയരാജന്റെ പേരുള്ളത്. 38 പേരുടെ പ്രതിപട്ടികയ്ക്ക് അന്വേഷണസംഘം രൂപം കൊടുത്തിട്ടുണ്ട് . ടി.പി വധത്തില്‍ അറസ്റ്റിലായ ടി.കെ രജീഷ് ജയരാജനെതിരെ മൊഴി കൊടുത്തതായും പോലീസ് വൃത്തങ്ങള്‍ അറിയിച്ചു.

ചന്ദ്രശേഖരനെ വധിക്കാന്‍ ക്വട്ടേഷന്‍ നല്‍കാന്‍ ശ്രമിച്ചപ്പോള്‍ ആദ്യം കൊടി സുനി ഒഴിഞ്ഞുമാറിയതായും പിന്നീട് പി. ജയരാജന്‍ നേരിട്ട് കൊടി സുനിയെ ബന്ധപ്പെട്ടതായും ഒരാള്‍ മൊഴി നല്‍കിയതായാണ് പോലീസ് വൃത്തങ്ങളില്‍ നിന്ന് ലഭിക്കുന്ന സൂചന.

കേസില്‍ ഒടുവില്‍ പിടിയിലായ കൊടി സുനിയുടെ പക്കല്‍ നിന്നും ഇക്കാര്യത്തില്‍ കൂടുതല്‍ തെളിവുകള്‍ ശേഖരിച്ച ശേഷമാകും പോലീസ് ജയരാജനെ ചോദ്യം ചെയ്യാന്‍ വിളിപ്പിക്കുക.

ഷുക്കൂര്‍ വധക്കേസില്‍ കഴിഞ്ഞ ദിവസമാണ് ജയരാജനെ പോലീസ് ചോദ്യം ചെയ്തത്. ടി.പി വധത്തിലെ മുഖ്യപ്രതികളായ കൊടി സുനി, കിര്‍മാണി മനോജ്, മുഹമ്മദ് ഷാഫി എന്നിവരെ ഇന്ന് പോലീസ് പിടികൂടിയിരുന്നു.

കൊലപാതകത്തിന് ശേഷം ഒളിവില്‍ പോയ ഇവരെ പുലര്‍ച്ചെ കണ്ണൂരിന് സമീപം ഇരിട്ടി മുഴക്കുന്നിലെ മുടക്കോഴിയില്‍ നിന്നാണ് പോലീസ് പിടികൂടിയത്. പെരിങ്ങാനം മലയില്‍ കുടില്‍കെട്ടിയാണ് ഇവര്‍ കഴിഞ്ഞിരുന്നത്. 20 ദിവസമായി സംഘം ഇവിടെ താമസിച്ചുവരികയായിരുന്നു.

അതേസമയം ചന്ദ്രശേഖരന്‍ വധക്കേസിലെ പ്രധാന പ്രതികള്‍ പാര്‍ട്ടി കേന്ദ്രങ്ങളില്‍ നിന്നും പിടിയിലായ സാഹചര്യത്തില്‍ കേസിന്റെ ഗൂഢാലോചനയുമായി ബന്ധപ്പെട്ട് പോലീസ് അന്വേഷിക്കുന്ന സി.പി.ഐ.എം പ്രാദേശിക നേതാവ് കുഞ്ഞനന്തനെയും അന്വേഷണ സംഘത്തിന് കൈമാറാന്‍ സി.പി.ഐ.എം തയാറാകണമെന്ന് ടി.പി. ചന്ദ്രശേഖരന്റെ ഭാര്യ രമ ആവശ്യപ്പെട്ടു.

പി.ജയരാജനിലേക്ക് അന്വേഷണം നീളുന്നുവെന്ന് അറിയുന്നത് തന്നെ സി.പി.ഐ.എമ്മിന് ടി.പി വധവുമായുള്ള ബന്ധം തെളിയിക്കുകയാണെന്നും രമ വ്യക്തമാക്കി. കേസ് അന്വേഷണത്തില്‍ പങ്കെടുക്കുന്ന അന്വേഷണ ഉദ്യോഗസ്ഥരെ അഭിനന്ദിക്കുന്നതായും രമ പറഞ്ഞു.

Advertisement