കൊച്ചി: നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് ചലച്ചിത്ര നടന്‍ ഇടവേള ബാബുവിനെ പൊലീസ് ചോദ്യം ചെയ്യുന്നു. ആലുവ പൊലീസ് ക്ലബ്ബില്‍ വിളിച്ചുവരുത്തിയാണ് ചോദ്യം ചെയ്യല്‍.

ഉച്ചയ്ക്ക് ഒരു മണിയോടെയാണ് അമ്മ സെക്രട്ടറി കൂടിയായ ഇടവേള ബാബു പൊലീസ് ക്ലബ്ബിലെത്തിയത്. ചോദ്യം ചെയ്യല്‍ പുരോഗമിക്കുകയാണ്.

ദിലീപുമായി അടുത്ത ബന്ധമുള്ള വ്യക്തികളിലൊരാളായ ഇടവേള ബാബു. ചലച്ചിത്ര മേഖലയിലും, നിര്‍മാണ രംഗത്തിലും അമ്മയിലും ദിലീപിന്റെ ഇടപെടല്‍ സംബന്ധിച്ച വിശദാംശങ്ങളാണ് ഇടവേള ബാബുവില്‍ നിന്നും തേടുക.

അതിനിടെ കേസുമായി ബന്ധപ്പെട്ട് ദിലീപിന്റെ ബാല്യകാല സുഹൃത്തും ആലുവ സ്വദേശിയുമായ അഡ്വ. സന്തോഷിനെയും പൊലീസ് ചോദ്യം ചെയ്തു. ദിലീപിന്റെ ഉടമസ്ഥതയിലുള്ള ഡി. സിനിമാസ് ചാലക്കുടിയില്‍ ഹൈവേയ്ക്കരികില്‍ 85 സെന്റ് ഭൂമിയും 32 സെന്റ് പുറംമ്പോക്കും കയ്യേറിയെന്ന് പരാതി നല്‍കിയവരില്‍ ഒരാള്‍ സന്തോഷായിരുന്നു. ഇതുസംബന്ധിച്ച വിശദാംശങ്ങള്‍ അദ്ദേഹത്തില്‍ നിന്നും ആരായും.


Must Read: ബീഫിന്റെ പേരില്‍ പൊലീസ് നോക്കിനില്‍ക്കെ മുസ്‌ലിം യുവതികളെ ക്രൂരമായി ആക്രമിക്കുന്ന ഗോരക്ഷകര്‍: ഞെട്ടിക്കുന്ന വീഡിയോ പുറത്ത്


ദിലീപിന്റെ അടുത്ത സുഹൃത്തായിരുന്നു സന്തോഷ്. എന്നാല്‍ അഞ്ചുവര്‍ഷം മുമ്പാണ് ഇരുവരും തമ്മില്‍ തെറ്റിയത്. ഇതിന്റെ കാരണം സംബന്ധിച്ചും ദിലീപിന്റെ മുന്‍കാല ബന്ധങ്ങളെക്കുറിച്ചും ഇയാളില്‍ നിന്നും ചോദിച്ചറിയും.

ദിലീപിന്റെ മാനേജര്‍ അപ്പുണ്ണി ഇന്ന് ചോദ്യം ചെയ്യലിന് ഹാജരാകുമെന്ന് റിപ്പോര്‍ട്ടകളുണ്ടായിരുന്നെങ്കിലും ഹാജരാവില്ലെന്ന് അപ്പുണ്ണി ഇപ്പോള്‍ വ്യക്തമാക്കിയതായാണ് റിപ്പോര്‍ട്ട്. പൊലീസ് ഇതുസംബന്ധിച്ച് തനിക്ക് നോട്ടീസ് നല്‍കിയിട്ടില്ലെന്ന നിലപാടിലാണ് അപ്പുണ്ണി. അതുകൊണ്ടുതന്നെ ചോദ്യം ചെയ്യലിന് ഹാജരാവാന്‍ ആവശ്യപ്പെട്ട് നോട്ടീസ് ഉടന്‍ അപ്പുണ്ണിയുടെ വീട്ടിലെത്തിക്കുമെന്ന് പൊലീസ് പറഞ്ഞു.