എഡിറ്റര്‍
എഡിറ്റര്‍
ദിലീപിനെയും നാദിര്‍ഷയെയും ചോദ്യം ചെയ്തത് 12 മണിക്കൂര്‍; താരങ്ങളെ അന്വേഷിച്ച് രാത്രി പൊലീസ് ക്ലബ്ബില്‍ നടന്‍ സിദ്ധിഖും
എഡിറ്റര്‍
Thursday 29th June 2017 7:29am


കൊച്ചി നടി ആക്രമിക്കപ്പെട്ട കേസുമായി ബന്ധപ്പെട്ട് പൊലീസ് നടന്‍ ദിലീപിനെയും നാദിര്‍ഷയെയും ചോദ്യം ചെയ്തത് 12 മണിക്കൂര്‍. ഇരുവര്‍ക്കുമൊപ്പം ദിലീപിന്റെ മാനേജര്‍ അപ്പുണ്ണിയെയും പൊലീസ് ഇന്നലെ ചോദ്യം ചെയ്തിരുന്നു. ഉച്ചയ്ക്ക് 12.30ന് ആരംഭിച്ച മൊഴിയെടുക്കലിന്റെ ആദ്യഘട്ടം 3.45 ഓടെയായിരുന്നു അവസാനിച്ചത്. പിന്നീട് ഉച്ചഭക്ഷണത്തിന് ശേഷം മൊഴിയെടുക്കല്‍ വീണ്ടും തുടര്‍ന്നു. പന്ത്രണ്ട് മണിക്കുര്‍ നീണ്ട മൊഴിയെടുപ്പാണ് അര്‍ധരാത്രിയോടെ പൂര്‍ത്തിയായത്.


Also read ‘ജീവനില്‍ പേടിയുള്ള ഒരുത്തനും എന്റെ മുന്‍പിലേക്ക് കയറി വരണ്ട എന്ന താക്കീത്”; ദിലീപിന്റെ പുതിയ ചിത്രം രാമലീലയുടെ ടീസര്‍ പുറത്തിറങ്ങി


തന്റെ പരാതിയനുസരിച്ച് മൊഴി നല്‍കാനാണ് തന്നെ വിളിപ്പിച്ചതെന്നായിരുന്നു ചോദ്യം ചെയ്യലിനുശേഷം പുറത്തിറങ്ങിയ ദിലീപിന്റെ പ്രതികരണം. പൊലീസുമായി പൂര്‍ണമായി സഹകരിച്ചെന്നും കേസില്‍ സത്യം പുറത്തുവരണമെന്ന് ഏറ്റവും കൂടുതല്‍ ആഗ്രഹിക്കുന്നയാളാണ് താനെന്നും ദിലീപ് പറഞ്ഞു.

നാടകീയ രംഗങ്ങളായിരുന്നു ഇന്നലെ ആലുവ പൊലീസ് ക്ലബ്ബ് പരിസരത്ത് അരങ്ങേറിയത്. പലഘട്ടത്തിലും ചോദ്യം ചെയ്യല്‍ അവസാനിച്ചെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നെങ്കിലും പന്ത്രണ്ട് മണിക്കൂറത്തെ ചോദ്യം ചെയ്യലിന് ശേഷമാണ് താരങ്ങള്‍ പുറത്തിറങ്ങിയത്.

രാത്രി വൈകി നടന്‍ സിദ്ധിഖും നാദിര്‍ഷയുടെ സഹോദരന്‍ സമദും പൊലീസ് ക്ലബ്ബില്‍ എത്തിയിരുന്നു. ആരും വിളിച്ചു വരുത്തിയതല്ലെന്നും അകത്ത് എന്തൊക്കെയാണ് നടക്കുന്നതെന്ന് അറിയാനാണ് വന്നതെന്നുമായിരുന്നു സ്ഥലത്തെത്തിയ സിദ്ധിഖിന്റെ പ്രതികരണം. സ്വന്തം തീരുമാനപ്രകാരമാണ് താന്‍ ഇവിടെ എത്തിയിരിക്കുന്നതെന്നും ഉച്ചയ്ക്കെത്തിയ ദിലീപിനെ ഈ സമയം വരെ കാണാത്തതിനെത്തുടര്‍ന്നാണ് വന്നതെന്നും സിദ്ധിഖ് പറഞ്ഞു.


Dont miss ‘മുഖം മറച്ച സ്ത്രീകള്‍ സംസ്ഥാനത്തിന്റെ മുഖമുദ്ര’; ഹരിയാന സര്‍ക്കാരിന്റെ മാഗസിന്‍ വിവാദത്തില്‍


സിനിമാ മേഖലയില്‍ നിന്ന് താരങ്ങളെ സന്ദര്‍ശിക്കാനായി സ്ഥലത്തെത്തിയ ഏക വ്യക്തിയുമായിരുന്നു സിദ്ധിഖ്. സമദിനെ പൊലീസ് ക്ലബ്ബിനകത്ത് പ്രവേശിപ്പിച്ചെങ്കിലും സിദ്ധിഖിന് അകത്ത് കയറാന്‍ അനുമതി ഉണ്ടായിരുന്നില്ല. ഇന്ന് നടക്കുന്ന അമ്മ വാര്‍ഷിക യോഗത്തില്‍ പങ്കെടുക്കുമെന്നും ദിലീപ് വ്യക്തമാക്കിയിട്ടുണ്ട്.

തന്നെ ബ്ലാക്മെയില്‍ ചെയ്യാന്‍ ശ്രമം നടക്കുന്നുണ്ടെന്നു ചൂണ്ടിക്കാട്ടി രണ്ടു മാസം മുമ്പാണു ദിലീപ് പരാതി നല്‍കിയിരുന്നത്. എന്നാല്‍ ഇതുവരെ ദിലീപിന്റെ മൊഴി രേഖപ്പെടുത്താന്‍ പൊലീസ് തയാറായിരുന്നില്ല. ഇതില്‍ താരം കടുത്ത അതൃപ്തി അറിയിച്ചിരുന്നു. അന്നു ഡി.ജി.പി ആയിരുന്ന ലോക്നാഥ് ബെഹ്റയ്ക്ക് നേരിട്ടാണു ദിലീപ് പരാതി നല്‍കിയിരുന്നത്.

Advertisement