കണ്ണൂര്‍: യൂണിഫോം ഇല്ലാത്തപ്പോള്‍ മാത്രമല്ല, യൂണിഫോമിലുള്ളപ്പോഴും പോലീസുകാരെ തല്ലാമെന്ന രീതിയില്‍ പ്രസംഗിച്ച സി.പി.ഐ.എം സംസ്ഥാന സെക്രട്ടറിയേറ്റംഗവും മുന്‍ മന്ത്രിയുമായ ടി. ശിവദാസമേനോനെ തലശ്ശേരി ടൗണ്‍ പോലീസ് ചോദ്യംചെയ്തു. സി.ഐ എം.പി. വിനോദ്, എ.എസ.്‌ഐ ഹേമരാജ് മേച്ചേരി എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് ശിവദാസമേനോനെ ചോദ്യം ചെയ്തത്. ചോദ്യം ചെയ്യല്‍ നാല്‍പ്പത്തഞ്ചു മിനുട്ടോളം നീണ്ടുനിന്നു.

പ്രസംഗത്തിനിടയില്‍ സരസമായി പറഞ്ഞ കാര്യം പത്രങ്ങള്‍ വളച്ചൊടിക്കുകയായിരുന്നുവെന്ന് ശിവദാസമേനോന്‍ മൊഴിയില്‍ പറഞ്ഞു. തന്റെ പ്രസംഗം കേട്ട് ആരും ആരേയും തല്ലാന്‍ പോകുകയില്ലെന്നും താന്‍ അത്തരം ഉദ്ദേശ്യത്തില്‍ പറഞ്ഞതല്ലെന്നും ശിവദാസമേനോന്‍ പോലീസിന് നല്‍കിയ മൊഴിയില്‍ പറഞ്ഞതായി അറിയുന്നു.

Subscribe Us:

തലശേരി പുതിയ ബസ് സ്റ്റാന്‍ഡില്‍ നടന്ന സി.എച്ച്. കണാരന്‍ അനുസ്മരണ സമ്മേളനത്തിലാണ് വിവാദ പ്രസ്താവന നടത്തിയത്. പ്രസംഗത്തെ തുടര്‍ന്ന് ശിവദാസമേനോനെതിരെ പോലീസ് സ്വമേധയാ കേസെടുക്കുകയായിരുന്നു. പ്രസംഗം റിപ്പോര്‍ട്ട് ചെയ്ത പത്രലേഖകരുള്‍പ്പെടെയുള്ളവരെ കേസില്‍ സാക്ഷിയാക്കാനുള്ള നീക്കം പോലീസ് നടത്തുന്നുണ്ട്.

വിദ്യാര്‍ഥി സമരത്തിനു നേരെ വെടിവച്ച കൊഴിക്കോട് അസിസ്റ്റന്റ് കമ്മീഷണര്‍ രാധാകൃഷ്ണപിള്ളയെ യൂണിഫോമില്ലാതെ കണ്ടാല്‍ തെരുവില്‍ തല്ലണമെന്നു പ്രസംഗിച്ച എം.വി. ജയരാജനെതിരെ കണ്ണൂര്‍ ടൗണ്‍ പോലീസ് കേസെടുത്തിരുന്നു. എന്നാല്‍ ശിവദാസമേനോന്റെ തലശേരിയിലെ പ്രസംഗത്തിലൊരിടത്തും രാധാകൃഷ്ണപിള്ളയുടെ പേര് ഉച്ചരിച്ചിരുന്നില്ല.