എഡിറ്റര്‍
എഡിറ്റര്‍
ഭീഷണിപ്പെടുത്തി മൊഴിമാറ്റിച്ചുവെന്ന യുവതികളുടെ പരാതിയില്‍ കുഞ്ഞാലിക്കുട്ടിയെ ചോദ്യം ചെയ്തു
എഡിറ്റര്‍
Thursday 12th April 2012 10:11am

കോഴിക്കോട്: ഐസ്‌ക്രീം പെണ്‍വാണിഭ കേസുമായി ബന്ധപ്പെട്ട് ഇരകളായ രണ്ടു യുവതികളുടെ പരാതിയില്‍ മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടിയില്‍നിന്ന് പൊലീസ് വീണ്ടും മൊഴിയെടുത്തു. കേസിലെ ഇരകളും സാക്ഷികളുമായ കോഴിക്കോട് എരഞ്ഞിപ്പാലം സി.ഡി.എ കോളനിയിലെ പി. റോസ്‌ലിന്‍, വയനാട് മീനങ്ങാടി മഠത്തില്‍ വീട്ടില്‍ കെ. ബിന്ദു എന്നിവരുടെ പരാതിയിലാണ് താമരശ്ശേരി ഡിവൈ.എസ്.പി ജയ്‌സണ്‍ കെ. എബ്രഹാം കഴിഞ്ഞദിവസം മന്ത്രി കുഞ്ഞാലിക്കുട്ടിയില്‍നിന്ന് മൊഴിയെടുത്തത്.

ഭീഷണിപ്പെടുത്തി ക്രൈംബ്രാഞ്ചിന് മുന്നില്‍ തെറ്റായി മൊഴി നല്‍കിച്ചെന്നും, അതിനാല്‍ പ്രത്യേക പൊലീസ് ടീമിലെ ഡിവൈ.എസ്.പിക്കു മുമ്പാകെ സത്യം തുറന്നുപറയാന്‍ ഒരവസരം കൂടി നല്‍കണമെന്നും അഭ്യര്‍ഥിച്ച് റോസ്‌ലിനും ബിന്ദുവും കഴിഞ്ഞ സെപ്റ്റംബറില്‍ കോഴിക്കോട് ജുഡീഷ്യല്‍ ഒന്നാംക്‌ളാസ് മജിസ്‌ട്രേറ്റിന് (ഒന്ന്) പരാതി നല്‍കിയിരുന്നു. ഇതേതുടര്‍ന്ന് ഇരുവരും ഒക്ടോബറില്‍ ജയ്‌സണ്‍ കെ. എബ്രഹാമിന് മൊഴിനല്‍കിയിരുന്നു. ഈ കേസിലാണ് തിരുവനന്തപുരത്തെത്തി മന്ത്രി കുഞ്ഞാലിക്കുട്ടിയില്‍നിന്ന് വീണ്ടും മൊഴിയെടുത്തത്.

ചേളാരി ഷെരീഫ് വീട്ടില്‍ വിളിച്ചുവരുത്തി കുഞ്ഞാലിക്കുട്ടിക്കെതിരെ ഒരു കാരണവശാലും മൊഴി കൊടുക്കരുതെന്ന് പറഞ്ഞു. കേസ് അട്ടിമറിക്കാന്‍ കുഞ്ഞാലിക്കുട്ടിയുടെ നേതൃത്വത്തില്‍ ഗൂഢാലോചന നടത്തി എന്നിങ്ങനെയാണ് യുവതികള്‍ ജഡ്ജിക്ക് അയച്ച കത്തില്‍ പറഞ്ഞിരുന്നത്. ആരോപണങ്ങളത്രയും നിരസിച്ച കുഞ്ഞാലിക്കുട്ടി, താന്‍ ഈ യുവതികളെ അറിയുകപോലുമില്ലെന്ന് ഡിവൈ.എസ്.പി മുമ്പാകെ മൊഴിനല്‍കിയതായാണ് സൂചന.

റഊഫിനെ എതെങ്കിലും വിധത്തില്‍ കുടുക്കാന്‍ മുന്‍ കോഴിക്കോട് സിറ്റി പൊലീസ് കമീഷണര്‍ എസ്. ശ്രീജിത്തിനോട് നിര്‍ദേശിച്ചതായ ആരോപണവും കുഞ്ഞാലിക്കുട്ടി നിഷേധിച്ചു. മന്ത്രിയായിരിക്കുമ്പോഴും അല്ലാത്തപ്പോഴും എസ്. ശ്രീജിത്തുമായി ഫോണില്‍ ബന്ധപ്പെട്ടിട്ടുണ്ടെന്നും അത് ഐസ്‌ക്രീം കേസുമായി ബന്ധപ്പെട്ടല്ലെന്നും കുഞ്ഞാലിക്കുട്ടി മൊഴിനല്‍കിയതായി അറിയുന്നു. ഇപ്പോള്‍ കണ്ണൂര്‍ റേഞ്ച് ഡി.ഐ.ജിയായ എസ്. ശ്രീജിത്ത്, കുഞ്ഞാലിക്കുട്ടിയുടെ ബന്ധു കെ.എ. റഊഫ് എന്നിവരില്‍നിന്ന് താമരശ്ശേരി ഡിവൈ.എസ്.പി ഉടന്‍ മൊഴിയെടുക്കും.

Advertisement