Categories

എയര്‍ ഇന്ത്യ: പൈലറ്റ് രുപാലിയെ പോലീസ് വീണ്ടും ചോദ്യം ചെയ്തു

തിരുവനന്തപുരം: കൊച്ചി-അബുദാബി എയര്‍ ഇന്ത്യ എക്‌സ്പ്രസിലെ പൈലറ്റ് രുപാലിയെ വലിയതുറ പോലീസ് ഇന്ന് വീണ്ടും ചോദ്യം ചെയ്തു. മൊഴിയില്‍ ഉറച്ചുനില്‍ക്കുന്നതായി പൈലറ്റ് പോലീസിനോട് പറഞ്ഞു.

Ads By Google

തനിയ്ക്ക് ഇപ്പോഴും യാത്രക്കാരുടെ അടുത്ത് നിന്നും ഭീഷണിയുണ്ടെന്നും വിമാനം റാഞ്ചാവുന്ന സാഹചര്യമായിരുന്നു അന്ന് ഉണ്ടായിരുന്നതെന്നും രുപാലി പറഞ്ഞു. തന്റെ ജോലി യാത്രക്കാര്‍ തടഞ്ഞെന്നും തന്നെ തടഞ്ഞുവെച്ചെന്നും രുപാലി പോലീസിനോട് ആവര്‍ത്തിച്ചു.

എയര്‍ ഇന്ത്യ എക്‌സ്പ്രസിലെ യാത്രക്കാരായ നാലുപേര്‍ കോക്പിറ്റിലേക്ക് ഇടിച്ചുകയറുകയായിരുന്നുവെന്നാണ്  രുപാലി നല്‍കിയ പരാതിയില്‍ പറയുന്നത്.

കഴിഞ്ഞ മാസം കൊച്ചി വിമാനത്താവളത്തില്‍ ഇറങ്ങേണ്ടിയിരുന്ന എയര്‍ ഇന്ത്യ എക്‌സ്പ്രസ്സിന്റെ ഐ.എക്‌സ് 4522 വിമാനം മോശം കാലാവസ്ഥയെത്തുടര്‍ന്ന് തിരുവനന്തപുരത്തിറക്കിയതോടെയാണ് വിവാദങ്ങള്‍ക്ക് തുടക്കമാകുന്നത്.

കൊച്ചിയിലെ കാലാവസ്ഥ മെച്ചപ്പെട്ടുകഴിഞ്ഞാലുടന്‍ വിമാനം കൊച്ചിയിലേക്ക് പോകുമെന്നും അധികൃതര്‍ അറിയിച്ചിരുന്നു. എന്നാല്‍ തിരുവനന്തപുരത്ത് ഇറങ്ങിക്കഴിഞ്ഞപ്പോള്‍ യാത്രക്കാര്‍ സ്വന്തം ചെലവില്‍ കൊച്ചിയിലേക്ക് പോകണമെന്നായി അധികൃതര്‍.

എന്നാല്‍ ഇതിനെതിരെ യാത്രക്കാര്‍ പ്രതിഷേധിക്കാന്‍ തുടങ്ങി. വിമാനത്തില്‍ നിന്നും തങ്ങള്‍ പുറത്തിറങ്ങില്ലെന്നും പൈലറ്റിനെ പുറത്തിറങ്ങാന്‍ അനുവദിക്കില്ലെന്നുമായിരുന്നു യാത്രക്കാരുടെ നിലപാട്.

ഇതേ തുടര്‍ന്ന് പൈലറ്റ് വിമാനത്തിലുള്ള ട്രാന്‍സ്‌പോണ്ടര്‍ കോഡ് അമര്‍ത്തി. വിമാനം തട്ടിക്കൊണ്ടുപോകാന്‍ ശ്രമം നടക്കുന്നുവെന്ന സന്ദേശവും അവര്‍ എയര്‍ട്രാഫിക് കണ്‍ട്രോളിന് നല്‍കി.

പൈലറ്റിന്റെ സന്ദേശത്തിന്റെ അടിസ്ഥാനത്തില്‍ വിമാനത്താവള അതോറിറ്റിയുടെ അഗ്‌നിശമന വാഹനങ്ങള്‍, സി.ഐ.എസ്.എഫ് ഉദ്യോഗസ്ഥര്‍, സി.ഐ.എസ്.എഫിന്റെ ക്വിക്ക് റസ്‌പോണ്‍സ് ടീം എന്നിവര്‍ വിമാനത്തെ വളഞ്ഞു.

തുടര്‍ന്ന് യാത്രക്കാരുമായി ചര്‍ച്ച നടത്തുകയും അതിന് ശേഷം ഉദ്യോഗസ്ഥരുടെ പ്രത്യേക യോഗവും ചേര്‍ന്നു. പതിനൊന്നുമണിയോടെ എയര്‍ ഇന്ത്യ എക്‌സ്പ്രസ്സിന്റെ മറ്റൊരു പൈലറ്റായ പോള്‍ ജേക്കബ് അടക്കമുള്ള വിമാന ജീവനക്കാരെ വിളിച്ചുവരുത്തി. ഉച്ചയ്ക്ക് 2.05ന് വിമാനം കൊച്ചിയിലേക്ക് പോവുകയായിരുന്നു.

എന്നാല്‍ കൊച്ചിയിലെത്തിയ വിമാനത്തില്‍ നിന്ന്‌ ആറ് യാത്രക്കാരെ സി. ഐ.എസ്.എഫ്. ചോദ്യം ചെയ്യാനായി മാറ്റി നിര്‍ത്തുകയും പിന്നീട് വിട്ടയക്കുകയും ചെയ്തു. തുടര്‍ന്ന് യാത്രക്കാര്‍ക്കെതിരെ നടപടിയെടുക്കാനായിരുന്നു തീരുമാനം.

Tagged with: