എഡിറ്റര്‍
എഡിറ്റര്‍
നടിക്കെതിരായ ആക്രമണം; പ്രമുഖ നടന്റെ മൊഴിയെടുത്തു, യുവനടന്റെ വീട്ടില്‍ നിന്നും ഫ്‌ളാറ്റില്‍ നിന്നും ഒരാളെ കസ്റ്റഡിയിലെടുത്തു, സുനി പിടിയിലായെന്നും സൂചന
എഡിറ്റര്‍
Wednesday 22nd February 2017 8:05am


കൊച്ചി: യുവനടിയെ ആക്രമിച്ച കേസില്‍ മലയാളസിനിമയിലെ പ്രമുഖ നടന്റെ മൊഴിയെടുത്തു. മുഖ്യപ്രതിയായ സുനില്‍കുമാര്‍ എന്ന സുനിയെ പൊലീസ് കസ്റ്റഡിയിലെടുത്തതായും സൂചനയുണ്ട്. സിനിമാരംഗത്തെ കുടിപ്പക തീര്‍ക്കാന്‍ ചിലര്‍ സംഭവത്തെ ദുരുപയോഗിക്കുന്നുവെന്നായിരുന്നു നടന്റെ മൊഴി.

സംഭവം ദിവസം താന്‍ ചികിത്സയിലായിരുന്നുവെന്നും പിറ്റേന്നു രാവിലെയാണ് സംഭവമറിയുന്നതെന്നും നടന്‍ പറഞ്ഞതായാണ് വിവരം. പൊലീസിന്റെ പിടിയിലായ മാര്‍ട്ടിനേയും മുഖ്യപ്രതിയായ സുനിയേയും അറിയില്ലെന്നും അദ്ദേഹം പറഞ്ഞു. കേസിലെ ക്വട്ടേഷന്‍ സാധ്യതകള്‍ അന്വേഷിക്കുന്ന പ്രത്യേക സംഘമാണ് ഇന്നലെ നടന്റെ മൊഴിയെടുത്തത്.

അതേസമയം, സംവിധായകന്‍ കൂടിയായ യുവനടന്റൈ ഫ്‌ളാറ്റില്‍ നിന്നും പൊലീസ് ഒരാളെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. കക്കനാടുള്ള ഫ്‌ളാറ്റില്‍ നിന്നുമാണ് ഇയാളെ കസ്റ്റഡിയിലെടുത്തത്. എന്നാല്‍ കസ്റ്റഡിയിലെടുത്തയാളുടെ പേരുവിവരങ്ങള്‍ പൊലീസ് പുറത്ത് വിട്ടിട്ടില്ല.

എന്നാല്‍ നടിയുടെ വൈദ്യപരിശോധന റിപ്പോര്‍ട്ടിലെ ഫൊറന്‍സിക് തെളിവുകളുടെ അഭാവം പൊലീസിന് വിലങ്ങു തടിയാവുന്നുണ്ട്. ഇത്തരം കേസുകളില്‍ ആക്രമിയുടെ വസ്ത്രങ്ങള്‍, നഖത്തിന്റെ അഗ്രം, തുടങ്ങിയവ ശേഖരിക്കണം എന്നാണ്. എന്നാല്‍ നടി ആക്രമിക്കപ്പെട്ട അന്ന് ഇവ ശേഖരിക്കാന്‍ സാധിച്ചിരുന്നില്ല. വെള്ളിയാഴ്ച്ച രാത്രിയായിരുന്നു ആക്രമണം ഉണ്ടാകുന്നത്. വൈദ്യപരിശോധന നടത്തിയത് പിറ്റേന്ന് പുലര്‍ച്ചെ നാല് മണിക്കായിരുന്നു.


Also Read: കേരളീയരെ തെറ്റിദ്ധരിപ്പിക്കാന്‍ സി.പി.ഐ.എമ്മിനായി; വി.എസ് ഇപ്പോഴും ഫൈറ്റ് ചെയ്യുന്നെന്നും ജോയ് മാത്യു


എറണാകുളം മെഡിക്കല്‍ കോളേജിലെ ഗൈനക്കോളജി വിഭാഗമാണ് വൈദ്യപരിശോധന നടത്തിയത്. എന്നാല്‍ കേസിന്റെ ഗൗരവ്വം  പൊലീസ് അറിയിച്ചിട്ടും മെഡിക്കല്‍ കോളേജിലെ ഫൊറന്‍സിക്, ഗൈനക്കോളജി വിഭാഗം വേണ്ടത്ര പ്രാധാന്യം നല്‍കിയില്ലെന്നും സീനിയര്‍ ഡോക്ടര്‍മാര്‍ സ്ഥലത്തെത്തിയില്ലെന്നും ആരോപണമുണ്ട്. പരിശോധനയുടെ അന്തിമ റിപ്പോര്‍ട്ട് പൊലീസിന് ഇതുവരേയും കൈമാറിയിട്ടുമില്ല.

അതേസമയം, കേസിലെ പ്രതികളിലൊരാളായ മണികണ്ഠന്റെ മൊഴി പൊലീസ് ഇന്നലെ രേഖപ്പെടുത്തി. ആക്രമണത്തില്‍ നേരിട്ട് പങ്കില്ലെന്നും ആള്‍ബലത്തിനായി സുനിക്കൊപ്പം കൂടുകയായിരുന്നു എന്നുമാണ് മണികണ്ഠന്റെ മൊഴി.

തന്നെ ആക്രമിച്ചവരുടെ കൂട്ടത്തില്‍ മണികണ്ഠന്‍ ഇല്ലെന്ന് നടി പറഞ്ഞതായാണ് വിവരം. അതേസമയം കേസിലെ മറ്റ് രണ്ട് പ്രതികളായ സുനിയ്ക്കും വിജീഷിനുമായി പൊലീസ് അന്വേഷണം നടന്നുവരികയാണ്. എന്നാല്‍ സുനി കസ്റ്റഡിലായെന്നും വാര്‍ത്തകളുണ്ട്.

Advertisement