എഡിറ്റര്‍
എഡിറ്റര്‍
എം.എല്‍.എ വിന്‍സന്റ് വീട്ടമ്മയെ വിളിച്ചത് 900 തവണ; പൊലീസ് ചോദ്യം ചെയ്യല്‍ ആരംഭിച്ചു; വിന്‍സെന്റിനെതിരെ ശക്തമായ തെളിവുകള്‍
എഡിറ്റര്‍
Saturday 22nd July 2017 1:25pm

തിരുവനന്തപുരം: വീട്ടമ്മയെ പീഡിപ്പിച്ചെന്ന പരാതിയില്‍ കോവളം എം.എല്‍.എ എം.വിന്‍സെന്റിനെ ചോദ്യം ചെയ്യുന്നു. എംഎല്‍എ ഹോസ്റ്റലില്‍ വച്ചാണ് ചോദ്യം ചെയ്യല്‍.

എം വിന്‍സെന്റ് പരാതിക്കാരിയായ വീട്ടമ്മയെ കഴിഞ്ഞ അഞ്ചു മാസത്തിനിടെ 900 തവണ വിളിച്ചിട്ടുണ്ടെന്ന് പൊലീസ് കണ്ടെത്തി. കേസില്‍ വിന്‍സെന്റിനെതിരെ ശാസ്ത്രീയ തെളിവുകളും സാഹചര്യ തെളിവുകളും ശക്തമാണെന്ന് പൊലീസ് പറഞ്ഞു.

കേവലം പരിചയം മാത്രമുളള വീട്ടമ്മയെ ഇത്രയധികം പ്രാവശ്യം വിന്‍സെന്റ് ഫോണില്‍ വിളിക്കേണ്ട കാര്യമില്ലെന്നും ഇത് വിന്‍സെന്റിനെതിരായ ശക്തമായ തെളിവാണെന്നും ഉദ്യോഗസ്ഥര്‍ ചൂണ്ടിക്കാട്ടുന്നു. വിന്‍സെന്റിന്റെ ഫോണിലേക്ക് വീട്ടമ്മ തിരിച്ചുവിളിച്ചിട്ടുള്ളത് വളരെ കുറച്ചു തവണ മാത്രമാണ്. വീട്ടമ്മയുടെ മൊഴി ശരിവയ്ക്കുന്നതാണ് ഇത്.

ഉന്നത പൊലീസുദ്യോഗസ്ഥരുടെ നിര്‍ദേശപ്രകാരം തയ്യാറാക്കിയ ചോദ്യാവലിയുടെ അടിസ്ഥാനത്തിലാണ് ചോദ്യം ചെയ്യല്‍. വിന്‍സെന്റിനെതിരെ വീട്ടമ്മ നല്‍കിയ മൊഴിയുടെ അടിസ്ഥാനത്തിലാണ് നടപടി.

വിന്‍സെന്റിനെ ചോദ്യം ചെയ്യാന്‍ തന്റെ അനുമതി വേണ്ടെന്ന് സ്പീക്കറുടെ ഓഫീസും അന്വേഷണസംഘത്തെ അറിയിച്ചിരുന്നു. നിയമനടപടികളുമായി പൊലീസിന് മുന്നോട്ട് പോവാമെന്നും സ്പീക്കര്‍ വ്യക്തമാക്കി.

സെപ്തംബര്‍, നവംബര്‍ മാസങ്ങളിലാണ് വിന്‍സെന്റ് തന്നെ പീഡിപ്പിച്ചതെന്ന് വീട്ടമ്മ പീപ്പിള്‍ ടിവിയോട് വെളിപ്പെടുത്തിയിരുന്നു. കടയില്‍ കയറി വന്ന എംഎല്‍എ തന്നെ കയറിപിടിക്കുകയായിരുന്നെന്ന് വീട്ടമ്മ പറഞ്ഞു. പിന്നീടും തന്നെ എംഎല്‍എ ലൈംഗികമായി ഉപയോഗിച്ചെന്ന് വീട്ടമ്മ പറഞ്ഞു. ബാലരാമപുരത്ത് ഇത്രയും ധൈര്യമുള്ള ആരെങ്കിലും ഉണ്ടോയെന്ന് ചോദിച്ചു കൊണ്ടാണ് എംഎല്‍എ തന്നെ കയറി പിടിച്ചതെന്നും മൊഴികളില്‍ താന്‍ ഉറച്ചുനില്‍ക്കുന്നെന്നും വീട്ടമ്മ പറഞ്ഞിരുന്നു.


Dont Miss അല്‍ അഖ്‌സ പള്ളിയില്‍ ഫലസ്തീന്‍ യുവാക്കള്‍ക്ക് വിലക്കേര്‍പ്പെടുത്തിയ നടപടി; ഇസ്രയേലുമായുള്ള എല്ലാ ബന്ധങ്ങളും മരവിപ്പിക്കുന്നതായി ഫലസ്തീന്‍


വീട്ടമ്മയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് എംഎല്‍എക്കെതിരെ പീഡനത്തിന് പൊലീസ് കേസെടുത്തത്. ഭര്‍ത്താവിന്റെ പരാതിയില്‍ എംഎല്‍എക്കെതിരെ ആത്മഹത്യ പ്രേരണാകുറ്റമാണ് പൊലീസ് ആദ്യം ചുമത്തിയതെങ്കിലും നെയ്യാറ്റിന്‍ക്കര മജിസ്ട്രേറ്റിനും, അന്വേഷണ ഉദ്യോഗസ്ഥയായ അജിതാബീഗത്തിനും നല്‍കിയ പുതിയ മൊഴിയുടെ അടിസ്ഥാനത്തിലാണ് എഫ്ഐആറില്‍ പീഡനം കൂടി ഉള്‍പ്പെടുത്തിയത്.

വീട്ടമ്മയുടെ മൊഴി ശാസ്ത്രീയമായി തെളിയിക്കുന്നതിന് കഴിഞ്ഞദിവസം വൈദ്യപരിശോധനയും നടത്തി. നെയ്യാറ്റിന്‍ക്കര ജനറല്‍ ആശുപത്രിയില്‍ എത്തിച്ചായിരുന്നു വൈദ്യപരിശോധന നടത്തിയത്.

വിന്‍സെന്റ് ഉപദ്രവിക്കുന്നതായി സഹോദരനെക്കൂടാതെ ഒരു വൈദികനോടും കന്യാസ്ത്രീയോടും വീ്ട്ടമ്മ പറഞ്ഞിരുന്നു. ഇവരുടെ മൊഴി പൊലീസ് രേഖപ്പെടുത്തി. ഇവരുടെ രഹസ്യമൊഴി രേഖപ്പെടുത്താന്‍ മജിസ്ട്രേറ്റ് കോടതിയില്‍ അപേക്ഷ നല്‍കുന്ന കാര്യവും പൊലീസ് ആലോചിക്കുന്നുണ്ട്.

Advertisement